കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പൊലീസ് സബ് ഡിവിഷന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കിയതായി അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. ഇതിനു വേണ്ടി പുതിയ ഡെപ്യൂട്ടി സൂപ്രണ്ട് തസ്തിക സൃഷ്ടിക്കാനും തീരുമാനമായി. നാളുകളായി കോന്നി നിവാസികള്‍ ഉന്നയിച്ച ആവശ്യമാണ് ഇപ്പോള്‍ സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കുന്നത്.
നിലവില്‍ കോന്നി നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കോന്നി, കൂടല്‍ ,തണ്ണിത്തോട് പൊലീസ് സ്‌റ്റേഷനുകള്‍ അടൂര്‍ ഡിവൈഎസ്പി ഓഫീസിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.മലയാലപ്പുഴ പൊലീസ് സ്‌റ്റേഷന്‍ പത്തനംതിട്ട ഡിവൈഎസ്പി ഓഫീസിന് കീഴിലും ചിറ്റാര്‍ തിരുവല്ല ഡിവൈഎസ്പി ഓഫീസ് പരിധിയിലുമാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ കോന്നി കേന്ദ്രീകരിച്ച് പുതിയ ഡിവൈഎസ്പി ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ നിയോജകമണ്ഡല പരിധിയിലെ പൊലീസ് സ്റ്റേഷനുകളും കോന്നി ഡിവൈഎസ്പിക്ക് കീഴിലാകും.
കോന്നി പൊലീസ് സര്‍ക്കിള്‍ ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടമാകും ഡിവൈഎസ്പി ഓഫീസാക്കി മാറ്റുക. കെട്ടിടമുള്ളതിനാല്‍ തസ്തിക അനുവദിച്ചാലുടന്‍ ദ്രുതഗതിയില്‍ ഡിവൈഎസ്പി ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധ്യമാകുമെന്നും എംഎല്‍എ അറിയിച്ചു. കഴിഞ്ഞ ബജറ്റില്‍ കോന്നിയില്‍ ഡിവൈഎസ്പി ഓഫീസ് രൂപീകരിക്കുമെന്ന പരാമര്‍ശം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് അഡ്വ. കെ.യു ജനീഷ് കുമാര്‍ നടത്തിയ നിരന്തരമായ ഇടപെടലിനെ തുടര്‍ന്നാണ് പുതിയ പൊലീസ് സബ് ഡിവിഷന് സര്‍ക്കാര്‍ അനുമതി നല്‍കിയത്.
കോന്നി കേന്ദ്രീകരിച്ച് പുതിയ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ മണ്ഡലത്തിലെ ക്രമസമാധാന പരിപാലനം സുഗമമാകുമെന്നും എംഎല്‍എ അഭിപ്രായപ്പെട്ടു.