കോന്നി ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

കോന്നി ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്:

പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം 18 ന് മുഖ്യമന്ത്രി നിര്‍വഹിക്കും

കോന്നി വാര്‍ത്ത : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കോന്നി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പണികഴിപ്പിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 18ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി സ്‌കൂളില്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു.

നിയോജക മണ്ഡലത്തിലെ എല്ലാ സ്‌കൂളുകളിലെയും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയെന്നത് ഈ സര്‍ക്കാരിന്റെ നയമാണെന്നും എംഎല്‍എ പറഞ്ഞു. അക്കാദമിക് ബ്ലോക്കിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. ശേഷിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തീകരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് എംഎല്‍എ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അഞ്ച് കോടി രൂപയാണ് രണ്ടു ബ്ലോക്കുകളുടെ നിര്‍മ്മാണത്തിനായി അനുവദിച്ചത്. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ലൈബ്രറി, കംപ്യൂട്ടര്‍ ലാബ് എന്നിവയുള്‍പ്പെടുത്തിയാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. കെട്ടിടം തുറന്നുകൊടുക്കുന്നതോടെ കോന്നി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്ഥലപരിമിതിയ്ക്ക് പരിഹാരമാകും.

ഉന്നത നിലവാരത്തില്‍ സ്‌കൂളുകളെ ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് കോന്നി നിയോജക മണ്ഡലത്തില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതെന്ന് എം.എല്‍.എ പറഞ്ഞു. കോന്നി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മികച്ച നിലവാരം പുലര്‍ത്തുന്ന സ്‌കൂളാണ്. കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി നല്കി സ്‌കൂളിനെ ഒരു മാതൃകാ വിദ്യാലയമാക്കാനാണ് പരിശ്രമിക്കുന്നതെന്നും എം.എല്‍.എ പറഞ്ഞു.

ഗ്രാമപഞ്ചായത്തംഗം കെ.ജി ഉദയകുമാര്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് എസ് വള്ളിക്കോട്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റസിയ, എച്ച്.എം സന്ധ്യ, പിടിഎ പ്രസിഡന്റ് എന്‍.അനില്‍കുമാര്‍, കൈറ്റ് പ്രൊജക്ട് എന്‍ജിനീയര്‍ ഷാരു തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.