കോന്നി വാര്‍ത്ത : ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി പരിഹാരം കണ്ടെത്തുന്നതിനായി മൈലപ്രയില്‍ ജനകീയ സഭ ചേര്‍ന്നു. നിരവധിപ്പേരാണ് പരാതികള്‍ എംഎല്‍എയ്ക്ക് നേരിട്ട് കൈമാറാനായി എത്തിയത്. മൈലപ്ര കൃഷിഭവന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ജനകീയസഭയ്ക്ക് മുമ്പാകെ 126 പരാതികളാണ് ഒറ്റദിവസം എത്തിയത്. ഇതില്‍ നിരവധി പരാതികള്‍ക്ക് എംഎല്‍എ അഡ്വ. ജനീഷ് കുമാറിന്റെ സാന്നിധ്യത്തില്‍ തന്നെ പരിഹാരം കണ്ടെത്തി.
പഞ്ചായത്തു പരിധിയിലെ കളിസ്ഥലവുമായി ബന്ധപ്പെട്ട പ്രതിസന്ധി ജനകീയസഭയില്‍ പരിഹരിച്ചതായി എംഎല്‍എ പറഞ്ഞു. എപിഎല്‍ റേഷന്‍ കാര്‍ഡ് ബിപിഎല്‍ ആക്കി മാറ്റുന്നതിന് ലഭിച്ച അപേക്ഷകള്‍ ഉടനടി തീരുമാനമാക്കുന്നത് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. വിദ്യാഭ്യാസ വായ്പ പ്രശ്‌നം,റീസര്‍വ്വേ-പട്ടയ പ്രശ്‌നം തുടങ്ങിയവ പരിഹരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗം ഉടന്‍ തന്നെ പഞ്ചായത്തുതലത്തില്‍ ചേരുമെന്നും എംഎല്‍എ ജനകീയസഭയില്‍ അറിയിച്ചു. മലിനജല പ്രശ്‌നം പരിഹരിക്കുന്നതിനായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
മൈലപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക സുനില്‍ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്തംഗം ജിജോ മോഡി, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എല്‍സി ഈശോ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു വര്‍ഗീസ്, കോന്നി എസ് സി ഡി ഓ ബിന്ദു, ജനകീയസഭ കോര്‍ഡിനേറ്റര്‍ കോന്നിയൂര്‍ പി.കെ, രാജേഷ് ആക്ലേത്ത്, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.