Trending Now

ഇലന്തൂര്‍ ഇ.എം.എസ് സഹകരണ ആശുപത്രി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഇലന്തൂര്‍ ഇ.എം.എസ് സഹകരണ ആശുപത്രി
മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ആതുര സേവന രംഗത്ത് സഹകരണ മേഖലയ്ക്ക് കൂടുതല്‍ കരുത്ത് തെളിയിക്കാന്‍ കഴിയും: മുഖ്യമന്ത്രി

കോന്നി വാര്‍ത്ത : ആതുര സേവന രംഗത്ത് സഹകരണ മേഖലയ്ക്ക് കൂടുതല്‍ കരുത്ത് തെളിയിക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ ഇലന്തൂര്‍ പാലച്ചുവട്ടില്‍ ഇ.എം.എസ് സഹകരണ ആശുപത്രിയുടെ പ്രവര്‍ത്തനോദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആതുര സേവന രംഗത്ത് സഹകരണ വകുപ്പിന്റെ ശേഷിക്ക് ഒത്ത നിലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഉണ്ടാകണം. കൂടുതല്‍ സഹകരണ ആശുപത്രികള്‍ ആതുര മേഖലയിലേക്കു കടന്നുവരുന്നതിനുള്ള ഉദ്യമങ്ങള്‍ക്ക് വഴികാട്ടിയാകാന്‍ ഇ.എം.എസിന്റെ പേരിലുള്ള ഈ സഹകരണ ആശുപത്രിക്ക് കഴിയട്ടെ. ആതുര സേവന രംഗത്ത് ഈ ആശുപത്രിക്ക് കൂടുതല്‍ സേവനവും ഉയര്‍ച്ചയും വരും കാലങ്ങളില്‍ ഉണ്ടാകട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.
വീണാ ജോര്‍ജ് എംഎല്‍എ അധ്യക്ഷതവഹിച്ച ചടങ്ങില്‍ ആശുപത്രിയിലെ ആധുനിക ലബോറട്ടറിയുടെ ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി ഡോ.തോമസ് ഐസക്കും ഓപ്പറേഷന്‍ തിയേറ്ററിന്റെ ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജയും നിര്‍വഹിച്ചു. രാജു എബ്രഹാം എംഎല്‍എ ആശുപത്രിയുടെ ഭന്ദ്രദീപ പ്രകാശനം നടത്തി.
ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ഗൈനക്കോളജി, പീഡിയാട്രിക്‌സ്, ഓര്‍ത്തോ പീഡിക്‌സ്, ഇ.എന്‍.ടി വിഭാഗങ്ങളിലായി പ്രഗത്ഭരും പരിചയ സമ്പന്നരുമായ എട്ട് വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ആശുപത്രിയില്‍ ലഭ്യമാണ്. മൂന്നു നിലകളിലായി ആധുനിക നിലവാരത്തിലുള്ള ലബോറട്ടറി, ഓപ്പറേഷന്‍ തീയേറ്റര്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എട്ട് ഡോക്ടര്‍മാരെ കൂടാതെ 20 നഴ്‌സുമാരുടെയും 15 നോണ്‍ മെഡിക്കല്‍ സ്റ്റാഫുകളുടെയും സേവനം ആശുപത്രിയിലുണ്ട്.
കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, പത്തനംതിട്ട ജില്ല കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ സൊസൈറ്റി പ്രസിഡന്റ് പ്രൊഫ.ടി.കെ.ജി നായര്‍, കെഎസ്ഇഡബ്യുഡബ്യുഎഫ്ബി ചെയര്‍മാന്‍ അഡ്വ.കെ. അനന്തഗോപന്‍, കെഎസ്എഫ്ഇ ചെയര്‍മാന്‍ അഡ്വ.ഫിലിപ്പോസ് തോമസ്, പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ. സക്കീര്‍ ഹുസൈന്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, കേരളാ ബാങ്ക് ഡയറക്ടര്‍ നിര്‍മ്മല ദേവി, പ്രൈമറി കോ ഓപ്പറേറ്റീവ് സൊസൈറ്റിസ് അസോസിയേഷന്‍ പ്രസിഡന്റ് പി.ജെ അജയകുമാര്‍, ഡി.എം.ഒ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ, സഹകണ സംഘം പത്തനംതിട്ട ജോയിന്‍ രജിസ്ട്രാര്‍ എം.ജി പ്രമീള, കോഴഞ്ചേരി താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ജെറി ഈശോ ഉമ്മന്‍, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എബി സുഷന്‍, സഹകരണ സംഘം പത്തനംതിട്ട അസിസ്റ്റന്റ് രജിസ്ട്രാര്‍ ജി.അനിരുദ്ധന്‍, ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി മാത്യു, ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം ജോണ്‍സണ്‍, സിപിഎം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയന്‍, സി.പി.എം ഏരിയ സെക്രട്ടറി എന്‍ സജികുമാര്‍, ഡയറക്ടര്‍ന്മാരായ ഡോ. കെ.ജി സുരേഷ്, ഡോ.പി.ജെ പ്രദീപ്കുമാര്‍, ഡോ.പി.സി ഇന്ദിര, ഡോ.ഉഷ കെ.പുതുമന, ആര്‍ തുളസീധരന്‍ പിള്ള, കെ. ഗോപാല കൃഷ്ണന്‍, പി.കെ ദേവാനന്ദന്‍, ഡയറക്ടര്‍ കെ.സി രാജഗോപാലന്‍, റോസ് ജോണ്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.

ഇ.എം.എസ് സഹകരണ ആശുപത്രി എല്ലാവരുടേയും
ആശ്രയ കേന്ദ്രമാകും: മന്ത്രി കെ.കെ ഷൈലജ

ഇ.എം.എസ് സഹകരണ ആശുപത്രി എല്ലാ മനുഷ്യരുടേയും ആശ്രയ കേന്ദ്രമായി മാറുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ഷൈലജ ടീച്ചര്‍ പറഞ്ഞു. ഇലന്തൂര്‍ ഇ.എം.എസ് സഹകരണ ആശുപത്രിയുടെ ഓപ്പറേഷന്‍ തിയേറ്റര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ജീവിത ശൈലിയും ഭക്ഷണക്രമവും പഠിപ്പിക്കുന്ന ആരോഗ്യ കേന്ദ്രമാകണം ഇ.എം.എസ്.ആശുപത്രി. കക്ഷിരാഷ്ട്രീയമില്ലാതെ പൊതുജനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാകണം ആശുപത്രി പ്രവര്‍ത്തിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. കോവിഡിനെ ശാസ്ത്രീയമായി നേരിടുന്ന സംസ്ഥാനമാണ് കേരളം. പോസിറ്റീവ് ആളുകള്‍ കൂടുമ്പോഴും മരണനിരക്ക് 0.4% ആയി പിടിച്ചു നിര്‍ത്തിയത് മികച്ച കാര്യമാണ്. ഇപ്പോള്‍ പിടിപെടുന്ന കോവിഡില്‍ 50% വീട്ടിലെ കുടുംബാംഗങ്ങള്‍ പകര്‍ന്നു നല്‍കുന്നതാണ്. എല്ലാവരും മാസ്‌ക് ധരിക്കുകയും സാനിറ്റൈസര്‍ ഉപയോഗവും കര്‍ശനമാക്കണം. ആശുപത്രി കോവിഡ് പ്രോട്ടോകോളിന്റെ കാര്യത്തില്‍ ജനങ്ങളെ ബോധവത്ക്കരിക്കണമെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യമേഖലയില്‍ കേരളത്തെ ഏഷ്യന്‍ ക്യൂബയാക്കി
മാറ്റണം: മന്ത്രി തോമസ് ഐസക്ക്

ആരോഗ്യമേഖലയില്‍ കേരളത്തെ ഏഷ്യന്‍ ക്യൂബയാക്കി മാറ്റണമെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ.തോമസ് ഐസക്ക് പറഞ്ഞു. ഇലന്തൂര്‍ ഇ.എം.എസ് സഹകരണ ആശുപത്രിയുടെ ലബോറട്ടറി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിന് അനുയോജ്യമായ വികസന മേഖലകളിലൊന്നാണ് ആരോഗ്യമേഖല. ജനങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തുവാന്‍ തക്ക ശക്തമായ പൊതു ആരോഗ്യ സംവിധാനം കേരളത്തിലുണ്ട്. ആഗോളമായി ആരോഗ്യ പ്രവര്‍ത്തകരെ ലഭ്യമാക്കുന്നതിന് ക്യൂബയ്ക്ക് വലിയ പങ്കുണ്ട്. ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തില്‍ ഊന്നല്‍ കൊടുക്കുന്നതിനൊപ്പം താഴ്ന്ന ചികിത്സാ ചിലവുമാണ് ക്യൂബയില്‍. മെഡിക്കല്‍ ടൂറിസവും ശക്തിപ്പെടുകയാണ്. ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതോടൊപ്പം വികസനത്തിന് ത്വരിത ഘടകവുമായി മാറുകയാണ്. ഇത്തരത്തില്‍ കേരളത്തെ ഏഷ്യയിലെ ക്യൂബയാക്കി മാറ്റണം. കേരളത്തില്‍ ജനങ്ങള്‍ പൊതു ആരോഗ്യ സംവിധാനത്തെയാണ് ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത്. അവരുടെ എണ്ണം ഇനിയും കൂടും. സ്വകാര്യ ആശുപത്രികളില്‍ ചികിത്സാ ചിലവ് വളരെ കൂടുതലാണ്. ഇവിടെയാണ് ജനകീയ ഇടപെടല്‍ ആവശ്യമുള്ളത്. ചുരുങ്ങിയ ചിലവില്‍ മെച്ചപ്പെട്ട ചികിത്സ സൗകര്യമാണ് സഹകരണ ആശുപത്രികള്‍ ലഭ്യമാക്കുന്നത്. സഹകരണ ആശുപത്രികള്‍ക്ക് നല്ല പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ജനങ്ങള്‍ക്ക് നല്ല പാഠങ്ങള്‍ നല്‍കാന്‍ സാധിക്കട്ടെ എന്നും മന്ത്രി പറഞ്ഞു.

കേരളത്തിന്റെ ആരോഗ്യമേഖല ബ്രാന്‍ഡായി
മാറിക്കഴിഞ്ഞു: വീണാ ജോര്‍ജ് എം.എല്‍.എ

കേരളത്തിന്റെ ആരോഗ്യമേഖല ബ്രാന്‍ഡായി മാറിക്കഴിഞ്ഞുവെന്ന് വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു. ഇലന്തൂര്‍ ഇ.എം.എസ് സഹകരണ ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു എം.എല്‍.എ.
ഇനിയുള്ള കേരളത്തിന്റെ മുന്‍പോട്ടുള്ള ചുവടുവയ്പ്പ് ആരോഗ്യ മേഖലയെ ചുറ്റിപ്പറ്റിയാണ്. ജില്ലയ്ക്കും ആരോഗ്യമേഖലയില്‍ വികസിക്കാന്‍ കഴിയും എന്നതിന്റെ ആദ്യ ചുവടുവയ്പ്പാണ് ഇ.എം.എസ് സഹകരണ ആശുപത്രിയുടെ പ്രവര്‍ത്തനം തുടങ്ങിയത്. ജില്ലയുടെ ആരോഗ്യമേഖലയെ സംബന്ധിച്ചുള്ള സുപ്രധാന ചുവടുവയ്പ്പാണിത്. സ്വകാര്യ ആശുപത്രികള്‍ക്കെതിരേയുള്ള ജനകീയ ബദലാണിതെന്നും എം.എല്‍.എ പറഞ്ഞു.

ഇ.എം.എസ് സഹകരണ ആശുപത്രി ആതുര സേവന രംഗത്ത്
മുതല്‍കൂട്ടാകും: രാജു എബ്രഹാം എംഎല്‍എ

ഇ.എം.എസ് സഹകരണ ആശുപത്രി ജില്ലയുടെ ആതുര സേവന രംഗത്ത് മുതല്‍ കൂട്ടാകുമെന്ന് രാജു എബ്രഹാം എംഎല്‍എ പറഞ്ഞു. ജില്ലയില്‍ സര്‍വീസ് സഹകരണ രംഗത്ത് എങ്ങനെ പുതിയ ചുവട്‌വയ്പ്പ് നടത്താം എന്നതിന്റെ ഉദാഹരണമായി ഇ.എം.എസ് സഹകരണ ആശുപത്രിയുടെ പ്രവര്‍ത്തനത്തിലൂടെ തെളിയിക്കപ്പെട്ടതായും രാജു എബ്രഹാം എംഎല്‍എ പറഞ്ഞു.

 

ജില്ലയുടെ ചരിത്രത്തില്‍ ഇടംപിടിക്കുന്ന സംഭവം:
അഡ്വ.കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ

ഇ.എം.എസ് സഹകരണ ആശുപത്രി ജില്ലയുടെ ആതുര സേവന ചരിത്രത്തില്‍ രേഖപ്പെടുത്തുന്ന ഒരു അധ്യായമായിരിക്കുമെന്ന് അഡ്വ.കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. കോവിഡ് കാലത്ത് ഉണ്ടായ നിരവധി കടമ്പകള്‍ കടന്നാണ് ആശുപത്രി സാക്ഷാല്‍കരിച്ചതെന്നും എംഎല്‍എ പറഞ്ഞു.