കോന്നി വാര്‍ത്ത ഡോട്ട് കോം :തദ്ദേശീയമായി മത്സ്യക്കൃഷി നടത്തി കോന്നി നിയോജക മണ്ഡലത്തിലെ ജനങ്ങൾക്ക് എത്തിക്കുന്ന ‘കോന്നി ഫിഷ്’ എന്ന പദ്ധതി ഫെബ്രുവരി ആദ്യ ആഴ്ചയിൽ ആരംഭിക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു.
നിയോജക മണ്ഡലത്തിലെ ഡാമുകളുടെ ജലസംഭരണികൾ ഉപയോഗപ്പെടുത്തി ഫിഷറീസ് വകുപ്പിന്‍റെ ഭാഗമായി പ്രവർത്തിക്കുന്ന ജലകൃഷി വികസന ഏജൻസി (അഡാക്) വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്.ആദ്യ ഘട്ടമായി കക്കി ഡാമിലെ ജലസംഭരണിയിലാണ് പദ്ധതി നടപ്പിലാക്കുക എന്നും, പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ട 100 പേർക്ക് ഇതിലൂടെ തൊഴിൽ ലഭിക്കുമെന്നും എം.എൽ.എ പറഞ്ഞു.
പദ്ധതി നടപ്പിലാക്കുന്നതിനുള്ള യോഗം സീതത്തോട് പഞ്ചായത്ത് ഹാളിൽ നടന്നു.
ഡാമിന്‍റെ ജലസംഭരണിയിൽ സ്ഥാപിക്കുന്ന കൂടുകളിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് വളർത്തിയെടുക്കുന്ന കേജ് ഫാമിംഗ് സമ്പ്രദായത്തിലൂടെയാണ് മത്സ്യോത്പാദനം നടത്തുക. കക്കി ജലസംഭരണിയിൽ 100 കൂടുകളാണ് സ്ഥാപിക്കുക.6 മീറ്റർ വീതം നീളവും വീതിയുമുള്ള കൂടിന് 4 മീറ്റർ താഴ്ച ഉണ്ടാകും..കൂട് ജലസംഭരണിയിൽ നിക്ഷേപിച്ചാൽ ജലോപരിതലത്തിൽ തന്നെ നില്ക്കുന്ന നിലയിലാണ് രൂപകല്പന ചെയ്തിട്ടുള്ളത്. ഒരു കൂട്ടിൽ 3000 മത്സ്യ കുഞ്ഞുങ്ങളെയാകും നിക്ഷേപിക്കുക.
ഒരു വർഷത്തിൽ 2 തവണ കൃഷി നടത്തി വിളവെടുപ്പു നടത്തും. തദ്ദേശീയ മത്സ്യങ്ങളെയാകും കൃഷി ചെയ്യുക.പട്ടികവർഗ്ഗ വിഭാഗത്തിൽ പെടുന്ന 100 ഗുണഭോക്താക്കളെ സീതത്തോട് ഗ്രാമപഞ്ചായത്തും, വനം വകുപ്പും ചേർന്ന് കണ്ടെത്തും. പദ്ധതി നടപ്പിലാക്കുന്നതിൻ്റെ പൂർണ്ണ ചെലവ് ഫിഷറീസ് ഡിപ്പാർട്ട്മെൻ്റ് വഹിക്കും.കൃഷിയിൽ ഏർപ്പെടുന്ന ഘട്ടത്തിൽ പരിപാലനത്തിൽ ഏർപ്പെടുന്ന ഗുണഫോക്താക്കൾക്ക് പ്രതിദിനം 400 രൂപ വീതം വേതനവും ലഭിക്കും. മത്സ്യകൃഷിയിലൂടെയുള്ള ലാഭവും ഗുണഭോക്താക്കൾക്കായിരിക്കും ലഭിക്കുക.
ഡാമിലെ കൃഷിയിലൂടെ ലഭിക്കുന്ന മത്സ്യം മത്സ്യഫെഡ് ഏറ്റെടുത്ത് വിപണനം നടത്തും.ഇതിനായി മത്സ്യഫെഡ് സീതത്തോട്, കോന്നി, കലഞ്ഞൂർ എന്നിവിടങ്ങളിൽ കോന്നി ഫിഷ് വില്പന കേന്ദ്രങ്ങൾ ആരംഭിക്കും. ഡാമുകളിൽ ഇപ്പോൾ നടക്കുന്ന മത്സ്യ ബന്ധനത്തിലൂടെ ശേഖരിക്കുന്ന മത്സ്യവും കോന്നി ഫിഷ് സ്റ്റാളുകളിൽ ലഭിക്കും.
ആദ്യ ഘട്ടമായി കക്കി ഡാമിൽ നടത്തുന്ന മത്സ്യകൃഷി തുടർന്ന് മണ്ഡലത്തിലെ ഇതര ഡാമുകളിലും വ്യാപിപ്പിക്കും.പദ്ധതി നടത്തിപ്പിനായി എം.എൽ.എ ചെയർമാനായി ഫിഷറീസ്, പഞ്ചായത്ത്, വനം, കെ.എസ്.ഇ.ബി, ഡാം സേഫ്റ്റി വിഭാഗങ്ങൾ ഉൾപ്പെടുന്ന മോണിട്ടറിംഗ് സമിതിയും രൂപീകരിച്ചു. ജലസംഭരണിയിൽ കൂടുകൾ സ്ഥാപിക്കാനുള്ള ഭാഗങ്ങൾ കണ്ടെത്തുന്നതിന് ഫിഷറീസ്, ഡാം സേഫ്റ്റി, വനം വകുപ്പുകൾ സംയുക്തമായി പരിശോധന നടത്തും.
ആദ്യഘട്ട കൃഷിയിൽ തന്നെ 125 ടൺ മത്സ്യം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു. ഡാം റിസർവോയറുകളിൽ കേജ് ഫാമിംഗിങ്ങിന് അനന്തസാധ്യതകളാണുള്ളതെന്നും, കോന്നി ഫിഷ് എന്ന ബ്രാൻഡിംഗിൽ നമ്മുടെ തനത് മത്സ്യം ആദ്യം നിയോജക മണ്ഡലത്തിലും, പിന്നീട് ജില്ല മുഴുവനും എത്തിച്ചു വില്പന നടത്തുമെന്നും, ഇതിലൂടെ മണ്ഡലത്തിലെ പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് മികച്ച വരുമാനം ലഭ്യമാക്കുമെന്നും എം.എൽ.എ പറഞ്ഞു.
എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജോബി.ടി. ഈശോ, വൈസ് പ്രസിഡൻ്റ് ബീന മുഹമ്മദ് റാഫി,അഡാക്ക് അഡീഷണൽ ഡയറക്ടർ ദിനേശ് ചെറുവാട്ട്, ജോ. ഡയറക്ടർ എസ്.മഹേഷ്, ഫിഷറീസ് അസി.ഡയറക്ടർ പി.ശ്രീകുമാർ ,ഫിഷറീസ് ഡവലപ്പ്മെൻ്റ് ഓഫീസർ മറിയാമ്മ ജോസഫ്, ഫോറസ്റ്റ് റേഞ്ച് ഓഫീസർ എസ്. മോൻസി, ഡപ്യൂട്ടി റേഞ്ച് ഓഫീസർ എം.എസ്.സുരേഷ് കുമാർ, കെ.എസ്.ഇ.ബി കക്കാട് എക്സി.എഞ്ചിനീയർ ഇൻ ചാർജ് എം.ബി.ശ്രീകുമാർ ,ഗ്രാമ പഞ്ചായത്തംഗങ്ങളായ ശ്രീലജ അനിൽ ,രാധാ ശശി തുടങ്ങിയവർ പങ്കെടുത്തു.