Trending Now

കോവിഡ് വാക്‌സിന്‍: പത്തനംതിട്ട ജില്ലയിലെ ഡ്രൈ റണ്‍ വിജയകരം

 

കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയില്‍ കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്നതിന് മുന്നോടിയായി സംഘടിപ്പിച്ച ഡ്രൈ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കി. ചെന്നീര്‍ക്കര കുടുംബാരോഗ്യ കേന്ദ്രം, അടൂര്‍ ജനറല്‍ ആശുപത്രി, തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടന്നത്. രാവിലെ ഒന്‍പതിന് ആരംഭിച്ച ഡ്രൈ റണ്ണില്‍ ആരോഗ്യ പ്രവര്‍ത്തകരെയാണു വാക്‌സിന്‍ സ്വീകര്‍ത്താക്കളായി നിശ്ചയിച്ചിരുന്നത്.

വാക്‌സിന്‍ വിതരണത്തിനായി ഉപയോഗിക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ് ഫോം ആയ കോവിന്‍ (കോവിഡ് വാക്‌സിന്‍ ഇന്റലിജന്റ് നെറ്റ്‌വര്‍ക്ക് ) ഫലപ്രദമായി ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള വിലയിരുത്തലും ഇതോടൊപ്പം നടന്നു. ഇതിനുവേണ്ടി ഒരു ഡമ്മി സോഫ്റ്റ്വെയര്‍ പ്രത്യേകം തയാറാക്കിയിരുന്നു. വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ രജിസ്‌ട്രേഷന്‍, വാക്‌സിനേഷന് എത്തേണ്ട സ്ഥലം, സമയം തുടങ്ങിയ വിവരങ്ങള്‍ അറിയിക്കല്‍, വാക്‌സിന്‍ നല്‍കുന്നതിനു മുന്‍പ് വ്യക്തിവിവരങ്ങളുടെ സ്ഥിരീകരണം, കുത്തിവയ്പ് നടത്തിയതിനുശേഷം ദേശീയതലം വരെയുള്ള തത്സമയ റിപ്പോര്‍ട്ട് സമര്‍പ്പണം, രണ്ടാമത്തെ ഡോസ് നല്‍കുന്നതുമായി ബന്ധപ്പെട്ട അറിയിപ്പ് നല്‍കല്‍ തുടങ്ങിയ എല്ലാ നടപടികളും കോവിന്‍ സോഫ്റ്റ്‌വെയര്‍ മുഖേനയാണു നിര്‍വഹിക്കുന്നത്.
കുത്തിവയ്പ് നടക്കുന്ന സ്ഥലം മൂന്നു വിഭാഗങ്ങളായി തിരിച്ചിരുന്നു.

കുത്തിവയ്പ് എടുക്കേണ്ടവരുടെ രേഖകള്‍ പരിശോധിച്ച് കാത്തിരിപ്പ് സ്ഥലത്തേക്കു കടത്തിവിടല്‍, രേഖകളുടെ സ്ഥിരീകരണവും കുത്തിവയ്പും, കുത്തിവയ്പ് എടുത്തവര്‍ക്കുള്ള നിരീക്ഷണം എന്നിവയാണ് ഓരോ വിഭാഗത്തിലും നടത്തിയത്. സ്ഥലത്ത് എത്തിയതിനുശേഷം വിസമ്മതിക്കുന്നവര്‍, വാക്‌സിന്‍ എടുത്തതിനുശേഷം നിരീക്ഷണത്തിലുള്ളവരെ പരിചരിക്കേണ്ട വിധം തുടങ്ങിയവയും ഡ്രൈ റണില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ജില്ലാ കളക്ടര്‍ പി.ബി. നൂഹ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ, ആര്‍സിഎച്ച് ഓഫീസര്‍ ഡോ. ആര്‍.സന്തോഷ് കുമാര്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. സി.എസ്.നന്ദിനി, ഡെപ്യൂട്ടി ഡിഎംഒ ഡോ.പത്മകുമാരി, പ്രോഗ്രാം ഓഫീസര്‍ തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളില്‍ നടന്ന ഡ്രൈ റണില്‍ പങ്കെടുത്തു.