കോന്നി വാര്‍ത്ത : ഫെബ്രുവരി ഏഴ് മുതല്‍ 14 വരെ നടക്കുന്ന അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് കോവിഡ് പശ്ചാത്തലത്തില്‍ ഒരു സമയം 200 പേരെ മാത്രം പങ്കെടുപ്പിച്ച് നടത്താന്‍ വീണാ ജോര്‍ജ് എംഎല്‍എയുടെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന ചേര്‍ന്ന ഹിന്ദുമത മഹാമണ്ഡലം ഭാരവാഹികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ തീരുമാനിച്ചു.
മറ്റു രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും പരിഷത്തില്‍ പങ്കെടുക്കുന്നവര്‍ ക്വാറന്‍ന്റൈനില്‍ കഴിഞ്ഞതിന് ശേഷമേ പരിഷത്തിന് എത്താവു. പരിഷത്ത് നഗറില്‍ കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും ഉറപ്പുവരുത്തും.
നവീകരണം നടക്കുന്ന കുമ്പനാട്- ചെറുകോല്‍ റോഡിന്റെ നിര്‍മാണം പരിഷത്ത് നടക്കുന്നതിന് മുമ്പായി പൂര്‍ത്തിയാക്കണമെന്ന് വീണാ ജോര്‍ജ് എംഎല്‍എ പിഡബ്ല്യുഡി റോഡ്‌സ് വിഭാഗത്തിന് നിര്‍ദേശം നല്‍കി. ശാരീക അകലം പാലിക്കുന്നതിനും മാലിന്യ നിര്‍മാര്‍ജനത്തിനും ക്രമീകരണങ്ങള്‍ ഉണ്ടാകും. പരിഷത്ത് നഗറില്‍ വിവിധ സ്ഥലങ്ങളില്‍ സാനിറ്റൈസിംഗ് കിയോസ്‌ക്കുകളും, കൈകള്‍ വൃത്തിയാക്കുന്നതിനുള്ള സൗകര്യവും ക്രമീകരിക്കും. പരിഷത്ത് നഗറില്‍ മാസ്‌ക്കുകള്‍ നിക്ഷേപിക്കുന്നതിനായി പ്രത്യേകം ബിന്നുകള്‍ സ്ഥാപിക്കും.
പരിഷത്ത് നഗറിലെ താല്‍ക്കാലിക പാലത്തിന്റെ സുരക്ഷ മേജര്‍ ഇറിഗേഷന്‍ വകുപ്പ് പരിശോധിച്ച് ഉറപ്പുവരുത്തും. പരിഷത്ത് നഗറിലേക്ക് ഉള്‍പ്പടെയുള്ള എല്ലാ റോഡുകളും പൊതുമരാമത്ത് (നിരത്ത് വിഭാഗം)പരിശോധിച്ച് ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തും. പരിഷത്ത് നഗറില്‍ ആരോഗ്യ വകുപ്പ് ഫസ്റ്റ് എയിഡ് ടീമിനെ നിയോഗിക്കും. കേരള വാട്ടര്‍ അതോറിറ്റി പരിഷത്ത് നഗറില്‍ 24 മണിക്കൂറും കുടിവെള്ള ലഭ്യത ഉറപ്പാക്കും. കെഎസ്ഇബി അയിരൂരും, ചെറുകോല്‍പ്പുഴയിലും, സമീപപ്രദേശങ്ങളിലും വൈദ്യുതി വിതരണം ഉറപ്പാക്കും.
കെ.എസ്.ആര്‍.ടി.സി ആവശ്യാനുസരണം ബസ് സര്‍വീസുകള്‍ നടത്തും. അയിരൂര്‍, ചെറുകോല്‍ ഗ്രാമപഞ്ചായത്തുകള്‍ പരിഷിത്ത് നഗറിന് സമീപം വഴിവിളക്കുകള്‍ കെഎസ്ഇബിയുമായി ചേര്‍ന്ന് പ്രവര്‍ത്തനക്ഷമമാക്കും. കൂടാതെ മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയും, താല്‍ക്കാലിക ശുചിമുറികള്‍ സ്ഥാപിക്കുകയും, റോഡ് സൈഡിലുള്ള അനധികൃത കച്ചവടം ഒഴിപ്പിക്കുകയും ചെയ്യും. പാര്‍ക്കിംഗ്, ക്രമസമാധാനപാലനം, ഗതാഗത നിയന്ത്രണം, കോവിഡ് പ്രോട്ടോക്കോള്‍ പാലനം എന്നിവയ്ക്കുള്ള നടപടികള്‍ പോലീസ് സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. പരിഷത്ത് നഗരിയില്‍ അഗ്‌നിശമനസേനയുടെ സേവനമുണ്ടാകും.
പരിഷത്ത് നഗറിലും, പരിസരപ്രദേശങ്ങളിലും വ്യാജമദ്യ വില്‍പന, നിരോധിത ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവ തടയുന്നതിനുള്ള നടപടികള്‍ എക്‌സൈസ് വകുപ്പ് സ്വീകരിക്കും.
പരിഷത്ത് നഗറിലെ പന്തലിലെ താല്‍ക്കാലിക വൈദ്യുതീകരണ ജോലികള്‍ പരിശോധിച്ച് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ഉറപ്പുവരുത്തും. പരിഷത്തിനോട് അനുബന്ധിച്ച് പമ്പാ നദിയില്‍ ഉണ്ടാകുന്ന മാലിന്യം നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നുവെന്നുള്ളത് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉറപ്പാക്കും.
പരിഷത്തിന്റെ സുഗമമായ നടത്തിപ്പിന് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി തിരുവല്ല സബ് കളക്ടര്‍ ചേതന്‍കുമാര്‍ മീണയെ കോ-ഓര്‍ഡിനേറ്ററായും, റാന്നി തഹസീല്‍ദാര്‍ നവീന്‍ ബാബുവിനെ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്ററായും നിയോഗിച്ചു. യോഗത്തില്‍ ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ ബി. രാധാകൃഷ്ണന്‍, ഡി.എം.ഒ ( ആരോഗ്യം) ഡോ. എ.എല്‍. ഷീജ, അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായര്‍, സെക്രട്ടറി എ.ആര്‍. വിക്രമന്‍പിള്ള, വൈസ് പ്രസിഡന്റ് മാലേത്ത് സരളാദേവി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.