Trending Now

സീതത്തോട് പഞ്ചായത്തിൽ മെഡിക്കൽ പ്രൊഫഷണൽ കോളേജ് ആരംഭിക്കാൻ തീരുമാനിച്ചു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : സീതത്തോട് പഞ്ചായത്തിൽ മെഡിക്കൽ പ്രൊഫഷണൽ
കോളേജ് ആരംഭിക്കാൻ മഹാത്മാഗാന്ധി സർവ്വകലാശാലയുടെ പരിധിയിലുള്ള സെൻ്റർ ഫോർ പ്രൊഫഷണൽ ആൻ്റ് അഡ്വാൻസ്ഡ് സ്റ്റഡീസ് (സീപാസ് ) തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.

കോളേജ് ആരംഭിക്കുന്നതിനു മുന്നോടിയായി ഓഫീസ് ഉടൻ പ്രവർത്തനം ആരംഭിക്കും. താല്ക്കാലിക സൗകര്യങ്ങൾ ഒരുക്കി നല്കുന്നതുൾപ്പടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനം എടുക്കുന്നതിനായി എം.എൽ.എയും,സീപാസ് അധികൃതരും, ഗ്രാമ പഞ്ചായത്ത് ഭാരവാഹികളും ജനുവരി 6 ന് രാവിലെ സീതത്തോട്ടിൽ യോഗം ചേരുമെന്നും എം.എൽ.എ പറഞ്ഞു.

കോളേജ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് മാസം മുമ്പ്ന് എം.എൽ.എയും ഉന്നതതല സംഘവും സീതത്തോട്ടിൽ എത്തി സ്ഥല പരിശോധന നടത്തിയിരുന്നു.
മലയോര കുടിയേറ്റ മേഖലയായ സീതത്തോട്ടിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നുംതന്നെയില്ല. ഈ സാഹചര്യത്തിലാണ് എം.എൽ.എ മുഖ്യമന്ത്രിയുമായും, ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായും, ആരോഗ്യമന്ത്രിയുമായും ചർച്ച നടത്തി സീതത്തോട്ടിൽ ആരോഗ്യമേഖലയ്ക്ക് പ്രാമുഖ്യം നല്കി ഒരു കോളേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്.ഇതേ തുടർന്നാണ് സീപാസ് സ്കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ്റെ നേതൃത്വത്തിൽ മെഡിക്കൽ പ്രൊഫഷണൽ കോളേജ് അനുവദിക്കാൻ തീരുമാനമായത്.

ബി.എസ്.സി കോഴ്സുകളായ നേഴ്സിംഗ്, എം.എൽ.റ്റി, മൈക്രോബയോളജി എന്നിവയും റേഡിയോളജി, ഫിസിയോ തെറാപ്പി എന്നിവയുമാണ് ഇവിടെ ആരും ആരംഭിക്കുന്ന കോഴ്സുകൾ.
അഞ്ചേക്കർ സ്ഥലമാണ് കോളേജ് നിർമ്മിക്കുന്നതിനാവശ്യമുള്ളത്. കക്കാട് പവർഹൗസിനു സമീപമുള്ള സ്ഥലമാണ് ഇതിനായി കണ്ടെത്തിയിട്ടുള്ളത്. ഇലക്ട്രിസിറ്റിബോർഡിൻ്റെ ഉടമസ്ഥതയിലുള്ള ഇവിടുത്തെ സ്ഥലം കോളേജിന് പര്യാപ്തമാണെന് സീപാസ് സംഘം അന്നു തന്നെ വ്യക്തമാക്കിയിരുന്നു.അഡ്മിഷൻ പൂർണ്ണമായും മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും.

എം.ജി.യൂണിവേഴ്സിറ്റി നിശ്ചയിക്കുന്ന ഫീസായിരിക്കും കുട്ടികളിൽ നിന്ന് ഈടാക്കുക. കോളേജ് പ്രവർത്തനം ആരംഭിച്ച ശേഷം രണ്ടാം ഘട്ടമായി ഫാർമസി കോളേജും ഇവിടെ ത്തന്നെ പ്രവർത്തനമാരംഭിക്കും.
സീതത്തോട്ടിലെ വിദ്യാർത്ഥികൾ ആരോഗ്യമേഖലയിലെ നേഴ്സിംഗ് ഉൾപ്പടെയുള്ള വിവിധ കോഴ്സുകൾ പഠിക്കാൻ ഇതര സംസ്ഥാനങ്ങളെയാണ് കൂടുതലായും ആശ്രയിക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു. സീതത്തോട്ടിൽ മെഡിക്കൽ പ്രൊഫഷണൽ കോഴ്സുകൾ പഠിപ്പിക്കുന്ന ഒരു കോളേജ് ആരംഭിക്കുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകും. കോന്നി ഗവ.മെഡിക്കൽ കോളേജിന് അനുബന്ധമായി ഗവ. നേഴ്സിംഗ് കോളേജും പ്രവർത്തനമാരംഭിക്കുന്നുണ്ട്.ഇതോടെ രണ്ട് നേഴ്സിംഗ് കോളേജുകളുള്ള മണ്ഡലമായി കോന്നി മാറുമെന്നും എം.എൽ.എ പറഞ്ഞു.

error: Content is protected !!