Trending Now

പത്തനംതിട്ട നഗരസഭാ ഭരണം എൽഡിഎഫിന്. അഡ്വ .ടി സക്കീർ ഹുസൈൻ ചെയർമാൻ

 

കോന്നി വാര്‍ത്ത : കോണ്‍ഗ്രസ് വിമതരുടെ പിന്തുണയില്‍ പത്തനംതിട്ട നഗരസഭയിലെ ഭരണം എല്‍ഡിഎഫിന്. വോട്ടെടുപ്പില്‍ നിന്ന് എസ്ഡിപിഐ വിട്ടുനിന്നതോടെയാണ് എല്‍ഡിഎഫ് ഭരണം ഉറപ്പിച്ചത്. പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് പത്തനംതിട്ട നഗരസഭയുടെ ഭരണം എല്‍ഡിഎഫിന് ലഭിക്കുന്നത്.

കോണ്‍ഗ്രസ് വിമതരായ മൂന്ന് സ്വതന്ത്രരുടേതുള്‍പ്പെടെ 16 വോട്ടുകള്‍ എല്‍ഡിഎഫിലെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി ടി.സക്കീര്‍ ഹുസൈന് ലഭിച്ചു. 13 വോട്ടുകളാണ് യുഡിഎഫിന് ലഭിച്ചത്.മൂന്ന് അംഗങ്ങളുള്ള എസ്ഡിപിഐ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. അതേ സമയം എല്‍ഡിഎഫുമായുള്ള രഹസ്യ ധാരണ പ്രകാരമാണ് എസ്ഡിപിഐ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതെന്ന് യുഡിഎഫ് ആരോപിച്ചു.32 അംഗ പത്തനംതിട്ട നഗരസഭയില്‍ യുഡിഎഫും എല്‍ഡിഎഫും 13 സീറ്റുകളില്‍ വീതമായിരുന്നു വിജയിച്ചിരുന്നത്. മൂന്ന് സീറ്റുകളില്‍ എസ്ഡിപിഐയും മൂന്നിടങ്ങളില്‍ കോണ്‍ഗ്രസ് വിമതരും വിജയിച്ചു.