പാരമ്പര്യത്തിന്റെ തുടര്‍ച്ചയുമായി അയ്യപ്പ സന്നിധിയില്‍ മണര്‍കാട് സംഘമെത്തി
ആചാര പെരുമയുടെ അകമ്പടിയില്‍ ശബരിമല സന്നിധാനത്തെത്തിയ മണര്‍കാട് സംഘം സോപാന സന്നിധിയില്‍ പണക്കിഴി സമര്‍പ്പിച്ചു. ചരിത്രവും ഐതിഹ്യവും ഇഴ പിരിഞ്ഞു കിടക്കുന്നതാണ് കോട്ടയം മണര്‍കാട് നിന്നുളള സംഘത്തിന്റെ ശബരിമല യാത്ര. ഒരു കാലത്ത് മകരവിളക്കിന് മാത്രമായിരുന്നു ശബരിമല നട തുറന്നിരുന്നത്. ഘോര വനത്തിലൂടെ അന്ന് തന്ത്രിക്കും മേല്‍ശാന്തിക്കും സന്നിധാനത്തേക്ക് ഉള്ള കാല്‍നട യാത്രയ്ക്ക് കൂട്ടുവന്നത് മണര്‍കാട് നിന്നുളളവരാണ്. കാലം മാറിയപ്പോള്‍ ശബരിമലയിലെ പൂജാസമയങ്ങളിലും യാത്രാ രീതിയിലും മാറ്റം വന്നു. എങ്കിലും മേല്‍ശാന്തിക്കും തന്ത്രിക്കും ശബരിമലയിലേക്ക് അകമ്പടി പോയതിന്റെ സ്മരണയുടെ വീണ്ടെടുക്കലാണ് മണര്‍കാട് സംഘത്തിന്റെ കിഴി സമര്‍പ്പണം. ഒരു കാലത്ത് മുടങ്ങിപ്പോയ ഈ ആചാരം 25 വര്‍ഷം മുമ്പാണ് വീണ്ടും തുടങ്ങിയത്.
ഗുരുസ്വാമി സി.എന്‍.പ്രകാശ് കുമാറിന്റെ നേതൃത്വത്തിലാണ് ഇത്തവണ സംഘമെത്തിയത്. എല്ലാ വര്‍ഷവും ധനുമാസം ഒന്നിനാണ് കാണിക്ക സമര്‍പ്പിച്ചിരുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇപ്രാവശ്യം ഒരു ദിവസം വൈകിയെങ്കിലും സ്വാമിക്ക് മുന്‍പില്‍ കാണിക്ക സമര്‍പ്പിക്കാനായത് പുണ്യമാണെന്ന് ഗുരുസ്വാമി സി.എന്‍.പ്രകാശ് കുമാര്‍ പറഞ്ഞു. മണര്‍കാട് ഭഗവതി ക്ഷേത്രത്തില്‍ വച്ച് ഇരുപത്തിയെട്ടര കാണിക്ക പണം കെട്ടുമുറുക്കി നീലപ്പട്ടില്‍ പൊതിഞ്ഞ് കിഴിയാക്കിയാണ് ഭഗവാന് സമര്‍പ്പിക്കുന്നതിനായി എത്തിക്കുന്നത്.
ശബരിമല ക്ഷേത്രത്തോളം തന്നെ പഴക്കമുണ്ട് മണര്‍കാട് സംഘത്തിന്റെ ശബരിമല ബന്ധത്തിന്. എരുമേലി വഴി പരമ്പരാഗത കാനന പാതയിലൂടെയാണ് ഇവര്‍ സാധാരണയായി ശബരിമലയില്‍ എത്താറ്. ഇപ്രാവശ്യം പമ്പയില്‍ നിന്നും സ്വാമി അയ്യപ്പന്‍ – ചന്ദ്രാനന്ദന്‍ പാതകള്‍ വഴി മാത്രമാണ് യാത്രാനുമതി എന്നതിനാല്‍ അതുവഴിയാണ് സന്നിധാനത്ത് എത്തിയതെന്ന് ഗുരുസ്വാമി പറഞ്ഞു. പതിവായി ഗുരുസ്വാമിയുടെ നേതൃത്വത്തില്‍ അമ്പത് അംഗസംഘമാണ് വരാറുള്ളത്. ഇത്തവണ കോവിഡിന്റെ പശ്ചാത്തലത്തില്‍ അഞ്ചംഗ സംഘമാണ് കാണിക്ക സമര്‍പ്പിക്കാന്‍ എത്തിയത്. ദര്‍ശനം പൂര്‍ത്തിയാക്കി മേല്‍ശാന്തിയുടെയും തന്ത്രിയുടെയും അനുഗ്രഹവും വാങ്ങിയാണ് മണര്‍കാട് സംഘം മലയിറങ്ങിയത്.
പുണ്യം പൂങ്കാവനം: പൂന്തോട്ട നിര്‍മ്മാണവുമായി പോലീസ് സ്‌പെഷ്യല്‍ പോലീസ് ഓഫീസറും സംഘവും
ശബരിമല പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി സന്നിധാനത്തെ ഭസ്മക്കുളത്തിന് സമീപം നിര്‍മിച്ച പൂന്തോട്ടത്തില്‍ പുതുതായി ചാര്‍ജ് എടുത്ത സന്നിധാനം പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ എ.എസ്. രാജുവിന്റെ നേതൃത്വത്തില്‍ വിവിധയിനങ്ങളില്‍പ്പെട്ട ചെടികള്‍ നട്ടു. തെച്ചി, മുല്ല, പാല, അരുളി, ചെമ്പകം, പിച്ചി, നന്ത്യാര്‍വട്ടം തുടങ്ങിയ ഔഷധ ഗുണമുള്ള സസ്യങ്ങളാണ് സന്നിധാനത്തെ പൂങ്കാവനത്തില്‍ നട്ടുവളര്‍ത്തുന്നത്.നമ്മുടെ പൈതൃക സ്വത്തായ കുളങ്ങളും കാവുകളും മാലിന്യമില്ലാതെ കാത്തുസൂക്ഷിക്കുന്നതിന് പുതിയതലമുറ മുന്തിയ പരിഗണന നല്‍കണമെന്നും, അയ്യപ്പസ്വാമിയുടെ പൂങ്കാവനം മാലിന്യ മുക്തമായിരിക്കേണ്ടത് ഭക്തന്‍മാരുടെയും, സന്നിധാനത്ത് സേവനമനുഷ്ടിക്കുന്ന ഓരോ വകുപ്പ് ജീവനക്കാരുടെയും ചുമതലയും കടമയുമാണെന്ന് സന്നിധാനം പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ എ.എസ്. രാജു പറഞ്ഞു.
പുണ്യം പൂങ്കാവനം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് സാഹചര്യത്തില്‍ ഭക്തരുടെ എണ്ണം കുറഞ്ഞതിനാല്‍ സന്നിധാനത്തും പരിസരങ്ങളിലും മാലിന്യത്തിന്റെ അളവ് കുറഞ്ഞിട്ടുണ്ട്. ചടങ്ങില്‍ സന്നിധാനം അസി. സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ അമ്മിണികുട്ടന്‍, പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ത്രിതീപ് ചന്ദ്രന്‍, ശ്യാംകുമാര്‍, ശ്രീജിത്ത്, എഎസ്ഐ സജി മുരളി, പുണ്യം പൂങ്കാവനം പദ്ധതിയുടെ പ്രവര്‍ത്തകരായ അമ്പാശങ്കര്‍, ശേഖര്‍ സ്വാമി, പുണ്യം പൂങ്കാവനം പദ്ധതിക്കായി നിയമിച്ച പോലീസ് വോളന്റിയര്‍മാരായ നിഷില്‍, ദീപു തുടങ്ങിയവര്‍ പങ്കെടുത്തു.
ശബരിമല പ്രസാദത്തിന്റെ തപാല്‍ വിതരണം വന്‍ വിജയം;
ഇതുവരെ വിതരണം ചെയ്തത് 1.10 കോടി രൂപയുടെ പ്രസാദം
ശബരിമല സ്വാമി പ്രസാദം തപാല്‍ മുഖേന ഭക്തര്‍ക്ക് വീടുകളിലെത്തിച്ച് നല്‍കുന്ന പദ്ധതി വന്‍വിജയത്തിലേക്ക്. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഭാരതീയ തപാല്‍ വകുപ്പുമായി ചേര്‍ന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തപാല്‍ വഴി പ്രസാദ വിതരണം ആരംഭിച്ചത്. ഈ മണ്ഡലകാലത്ത് ഇതുവരെ 1,10,88,900 രൂപായാണ് പ്രസാദ വിതരണത്തിലൂടെ ലഭിച്ചത്. ഇതില്‍ 61,60,500 രൂപാ ദേവസ്വം ബോര്‍ഡിനും 49,28,400 രൂപാ തപാല്‍ വകുപ്പിനും ലഭിച്ചു. 24,642 പ്രസാദ കിറ്റുകള്‍ ഇത്തരത്തില്‍ വിതരണം ചെയ്ത് കഴിഞ്ഞു.
കോവിഡ് മഹാമാരിയെത്തുടര്‍ന്ന് ശബരിമല ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ എണ്ണം പരിമിതപ്പെടുത്തിയിരുന്നു. ഇതോടെയാണ് ഭക്തര്‍ക്ക് പ്രസാദം എത്തിച്ച് നല്‍കണമെന്ന ഉദ്ദേശ്യത്തോടെ തപാല്‍ മുഖേന പ്രസാദ കിറ്റ് വിതരണം ചെയ്യാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. അരവണ, നെയ്യ്, കുങ്കുമം, മഞ്ഞള്‍, വിഭൂതി, അര്‍ച്ചന പ്രസാദം എന്നിവയാണ് പ്രസാദ കിറ്റിലുള്ളത്. ആദ്യം ഉള്‍പ്പെടുത്തിയിരുന്നെങ്കിലും കേട് വരാന്‍ സാധ്യതയുള്ളതിനാല്‍ കിറ്റില്‍ നിന്നും അപ്പം ഒഴിവാക്കി. പോസ്റ്റ് ഓഫീസ് മുഖേന ബുക്ക് ചെയ്യുന്നവര്‍ക്ക് അരവണ പ്രസാദം സ്പീഡ് പോസ്റ്റിലൂടെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് പോസ്റ്റ്മാന്‍ വീടുകളിലെത്തിച്ച് നല്‍കും. പോസ്റ്റ് ഓഫീസുകളില്‍ പണമടച്ചാണ് അരവണ പ്രസാദം ബുക്ക് ചെയ്യേണ്ടത്. ഇതിനായി പ്രത്യേക അപേക്ഷാ ഫോം രാജ്യമെമ്പാടുമുള്ള പോസ്റ്റ് ഓഫീസുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്.
450 രൂപായാണ് ബുക്കിംഗ ചാര്‍ജ്. ഇതില്‍ 250 രൂപായാണ് അരവണ നിര്‍മിച്ച് കൈമാറുന്ന ദേവസ്വം ബോര്‍ഡിന് ലഭിക്കുക. പാഴ്സല്‍, ട്രാന്‍സ്പോര്‍ട്ടേഷന്‍ ഇനങ്ങളില്‍ 200 രൂപ തപാല്‍ വകുപ്പിനാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബുക്കിംഗിന്റെ വിശദാംശങ്ങള്‍ പമ്പ ത്രിവേണിയിലെ പോസ്റ്റ് ഓഫീസിലാണ് ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവിടെ നിന്നും ഇ-മെയില്‍ വഴി സന്നിധാനത്തെ ദേവസ്വം ഓഫീസിലേക്ക് ഓര്‍ഡര്‍ നല്‍കും. ഇതിന് ദേവസ്വം ഓഫീസില്‍ നിന്ന് അനുമതി നല്‍കുന്നതോടെ സന്നിധാനത്തെ പ്ലാന്റില്‍ അരവണ നിര്‍മിച്ച് ടിന്നിലാക്കും. ഇതോടൊപ്പം നെയ്യ്, കുങ്കുമം, മഞ്ഞള്‍, വിഭൂതി എന്നിവയും പ്രത്യേകം പാക്ക് ചെയ്യും.
ക്ഷേത്രത്തില്‍ നിന്ന് നല്‍കുന്നത് പോലെ തന്നെ അര്‍ച്ചന പ്രസാദം ഇലയില്‍ പൊതിഞ്ഞാണ് കിറ്റില്‍ നിറയ്ക്കുന്നത്. ഇവ സന്നിധാനത്ത് നിന്ന് പമ്പ ത്രിവേണി പോസ്റ്റ് ഓഫീസിലേക്ക് ദേവസ്വം ബോര്‍ഡ് എത്തിക്കും. ഇവിടെ നിന്നും ബുക്ക് ചെയ്തവര്‍ക്ക് തപാല്‍ വകുപ്പ് പ്രസാദമെത്തിച്ച് നല്‍കും.
തപാല്‍ മുഖേനയുള്ള പ്രസാദ വിതരണത്തിന് മികച്ച പ്രതികരണമാണ് ഭക്തരില്‍ നിന്നും ലഭിക്കുന്നതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ബി.എസ്. തിരുമേനി പറഞ്ഞു. വരും വര്‍ഷങ്ങളിലും പദ്ധതി തുടരുന്നതിനാണ് ആലോചനയെന്നും അദ്ദേഹം പറഞ്ഞു.