Trending Now

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍: പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി പോലീസ്

 

കോന്നി വാര്‍ത്ത : തദ്ദേശ സ്വയംഭരണ സ്ഥാപന പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡിസംബര്‍ 16 ന് നടക്കുന്ന വോട്ടണ്ണലിന് ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു.

ജില്ലയിലെ 12 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കും ശക്തമായ സുരക്ഷയുണ്ട്. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട്. വോട്ടെണ്ണല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും വരെ കനത്ത ജാഗ്രത പുലര്‍ത്തും. ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട എല്ലാ ഉദ്യോഗസ്ഥരുടെയും സുരക്ഷ ഉറപ്പാക്കും. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കുള്ളില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തമ്മില്‍ അനാവശ്യ തര്‍ക്കങ്ങള്‍ ഉണ്ടാകാതെ സമാധാനം ഉറപ്പാക്കുമെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു.

ഫലപ്രഖ്യാപനത്തിന് ശേഷമുള്ള ആഹ്ലാദപ്രകടനങ്ങള്‍ നിയന്ത്രിക്കും. സ്ഥാനാര്‍ഥികള്‍ക്കും പ്രമുഖ നേതാക്കള്‍ തങ്ങുന്ന ഇടങ്ങളിലും സുരക്ഷ ഉറപ്പുവരുത്തും. അക്രമങ്ങള്‍ ഉണ്ടാകാതെ നോക്കുന്നതിന് എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കി. ആഹ്ലാദപ്രകടനങ്ങള്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം നടക്കുന്ന കാര്യത്തില്‍ കര്‍ശന ശ്രദ്ധ പുലര്‍ത്തുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ ഡിവൈഎസ്പിമാരും, എസ്എച്ച്ഒമാരും ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തും.

ജില്ലയില്‍ മുനിസിപ്പല്‍ തലത്തില്‍ നാലു വോട്ടെണ്ണല്‍ കേന്ദ്രങ്ങളും, ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ എട്ടു കേന്ദ്രങ്ങളുമാണുള്ളത്. മുനിസിപ്പല്‍ കേന്ദ്രങ്ങളുടെ ചുമതല ഡിവൈഎസ്പിമാരേയും, ബ്ലോക്ക് തലത്തിലുള്ളവയുടേത് പോലീസ് ഇന്‍സ്പെക്ടര്‍മാരെയും ഏല്‍പിച്ചിട്ടുണ്ട്. ഈ സ്ഥലങ്ങളിലെ സുരക്ഷയും ക്രമസമാധാനവും പോലീസ് ഉറപ്പാക്കിയിട്ടുണ്ട്.

ശക്തമായ പോലീസ് നിരീക്ഷണവും ഏര്‍പ്പെടുത്തി. കര്‍ശന പരിശോധനയ്ക്കു ശേഷമേ പ്രവേശനം അനുവദിക്കുകയുള്ളൂ. ബോംബ് ഡിറ്റെക്ഷന്‍ സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവയുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. ശക്തമായ പരിശോധനയ്ക്കും സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ട നടപടികള്‍ക്കായി എആര്‍ ക്യാമ്പ് അസിസ്റ്റന്‍ഡ് കമന്‍ഡന്റിനെ ചുമതലപ്പെടുത്തി.

വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്ക് അനധികൃതമായി ആരെയും കടത്തിവിടില്ല. അനുവദിക്കപ്പെട്ടവര്‍ നിര്‍ബന്ധമായും തിരിച്ചറിയല്‍ രേഖ കൈയില്‍ കരുതണം. മെറ്റല്‍ ഡിറ്റക്ടര്‍ വഴിയുള്ള പരിശോധനയ്ക്കു ശേഷം മാത്രമായിരിക്കും പ്രവേശനം. ആവശ്യത്തിന് വനിതാ പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിക്കും. മൊബൈല്‍ ഫോണുകള്‍, ഐ പാഡ്, ലാപ്‌ടോപ് എന്നിവ അനുവദിക്കില്ല. ഒരുതരത്തിലുള്ള റെക്കോര്‍ഡിംഗും അനുവദനീയമല്ല.

പരിശോധനയില്‍ കണ്ടെത്തുന്ന അനുവദനീയം അല്ലാത്ത സാധനങ്ങള്‍ സൂക്ഷിക്കാന്‍ പ്രത്യേക കൗണ്ടര്‍ സജ്ജീകരിച്ചിട്ടുണ്ട്. വോട്ടെണ്ണല്‍ പുരോഗമിക്കും തോറുമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തി മേലുദ്യോഗസ്ഥരെ അറിയിക്കാന്‍ എസ്എച്ച്ഒമാരെ ചുമതലപ്പെടുത്തിയതായും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.

പ്രകടനങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുന്നതിനും, ആറു മണിക്കുശേഷം നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനാവശ്യ കൂടിച്ചേരലുകളും ആള്‍ക്കൂട്ടവും കോവിഡ് പശ്ചാത്തലത്തില്‍ അനുവദിക്കില്ല. ബൈക്ക് പട്രോളിംഗ് ഉള്‍പ്പെടെയുള്ള പോലീസ് പട്രോള്‍ സംഘങ്ങളെ എല്ലാ പോലീസ് സ്റ്റേഷന്‍ പരിധിയിലും നിയോഗിച്ചു. ഓരോ പോലീസ് സ്റ്റേഷന്‍ പരിധിയിലും രണ്ടുവീതം പട്രോളിംഗ് സംഘങ്ങളുണ്ടാവും.

എസ്പിയുടെ നേരിട്ടുള്ള നിയന്ത്രത്തിലുള്ള 72 പോലീസ് ഉദ്യോഗസ്ഥര്‍ അടങ്ങിയ സ്ട്രൈക്കിങ് ഫോഴ്സും, ഓരോ സബ് ഡിവിഷന് കീഴിലും 11 പേരടങ്ങിയ സ്ട്രൈക്കിങ് ഫോഴ്സും ഏതുസാഹചര്യവും നേരിടാന്‍ സജ്ജമായതായും ജില്ലാപോലീസ് മേധാവി അറിയിച്ചു. ജില്ലാപോലീസ് ആസ്ഥാനത്ത് വോട്ടെണ്ണല്‍ കണ്‍ട്രോള്‍ റൂം മുഴുവന്‍ സമയവും പ്രവര്‍ത്തനസജ്ജമാണ്.

ഡിസിആര്‍ബി ഡിവൈ എസ്പി എ. സന്തോഷ് കുമാറിന്റെ നിയന്ത്രണത്തില്‍ ഇത് പ്രവര്‍ത്തിക്കും. പോലീസ് സ്റ്റേഷന്‍ തലത്തിലും, മറ്റ് ഉദ്യോഗസ്ഥരില്‍ നിന്നും ലഭ്യമാകുന്ന വിവരങ്ങള്‍ ശേഖരിച്ച് തലസ്ഥാനത്തെ ഇലക്ഷന്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കും. ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിന്റെ ഫോണ്‍ നമ്പര്‍ 04682222927.

ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍. ജോസിന്റെ നിയന്ത്രണത്തില്‍, ജില്ലയിലെ വോട്ടെണ്ണല്‍ നടപടികളുമായി ബന്ധപ്പെട്ട വിവരശേഖരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏകോപിപ്പിച്ചു വരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ തടഞ്ഞ്, ക്രമസമാധാന പ്രശ്‌നങ്ങളൊന്നും ഉണ്ടാകാതെ വോട്ടെണ്ണല്‍ പ്രക്രിയയും തുടര്‍ന്നുള്ള കാര്യങ്ങളും നടക്കുന്നതിനു ജില്ലാപോലീസ് ജാഗ്രതയോടെ പ്രവര്‍ത്തിക്കുമെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു. ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും നല്‍കിയിയതായും ജില്ലാപോലീസ് മേധാവി കൂട്ടിച്ചേര്‍ത്തു.