Trending Now

പോളിംഗ് വിതരണകേന്ദ്രങ്ങളില്‍ വ്യത്യസ്തമായ വിഭവങ്ങള്‍ ഒരുക്കി കുടുംബശ്രീ

 

കോന്നി വാര്‍ത്ത : പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്ത ആറു കേന്ദ്രങ്ങളില്‍ വ്യത്യസ്തമായ വിഭവങ്ങള്‍ ഒരുക്കി കുടുംബശ്രീ. കഫേ കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഭക്ഷണശാലകളാണ് ഉദ്യോഗസ്ഥര്‍ക്ക് ആഹാരം വിളമ്പിയത്.

കോയിപ്രം ബ്ലോക്കിലെ പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്‌കൂള്‍, മല്ലപ്പള്ളി ബ്ലോക്കിലെ സി.എം.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പുളിക്കീഴ് ബ്ലോക്കിലെ ദേവസ്വം ബോര്‍ഡ് ഹൈസ്‌കൂള്‍, കോന്നി എലിയറയ്ക്കല്‍ അമൃത വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍,അടൂര്‍ കേരള യൂണിവേഴ്സിറ്റി ബിഎഡ് സെന്റര്‍, ഇലന്തൂര്‍ ബ്ലോക്കിലെ കോഴഞ്ചേരി സെന്റ് തോമസ് കോളജ് എന്നിവിടങ്ങളിലാണ് കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഭക്ഷണശാലകള്‍ പ്രവര്‍ത്തിച്ചത്.

പോളിംഗ് സാമഗ്രി വിതരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതു മുതലേ കൗണ്ടറുകളും പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു. പാഴ്സല്‍ കിറ്റിനായി എല്ലാ കൗണ്ടറുകളിലും വലിയ തിരക്കായിരുന്നു.

രാവിലെ ഇഡ്‌ലി, പാലപ്പം, ഇടിയപ്പം, ദോശ, പൊറോട്ട എന്നിവയും മുട്ടക്കറി, കടലക്കറി എന്നിവയും ചായയുമാണ് വിളമ്പിയത്. മീന്‍ വറത്തത് ഉള്‍പ്പടെയുള്ള ഊണ് ഇലയില്‍ പൊതിഞ്ഞതിന് പൊതിക്കൊന്നിന്ന് 95 രൂപ നിരക്കില്‍ വിതരണം ചെയ്തു. ഉച്ചയ്ക്ക് ശേഷമുള്ള ചായയ്ക്ക് ഉഴുന്നുവട, എത്തയ്ക്കാ അപ്പം, കൊഴിക്കട്ട എന്നിവയായിരുന്നു വിഭവം. ചായക്കും കടികള്‍ക്കും 10 രൂപയാണ് വില. കുടുംബശ്രീ കഫേ ഉണ്ടായിരുന്ന 6 സ്ഥലങ്ങളിലും ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനവും ഉണ്ടായിരുന്നു.
വോട്ടെണ്ണല്‍ ദിവസമായ പതിനാറിനും കുടുംബശ്രീ ഭക്ഷണശാലകള്‍ അനുബന്ധ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കും. ജില്ലാ കളക്ടറുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് കുടുംബശ്രീ ഭക്ഷണയൂണിറ്റുകള്‍ പോളിംഗ് സാമഗ്രി വിതരണ കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചത്.

error: Content is protected !!