പരസ്യ പ്രചാരണത്തിന് നാളെ (06 ഡിസംബര്‍) തിരശീല; കൊട്ടിക്കലാശം പാടില്ല.ഒന്നാം ഘട്ടം തിരഞ്ഞെടുപ്പ് : ഡിസംബര്‍ 8
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം,കൊല്ലം ,ആലപ്പുഴ ,പത്തനംതിട്ട,ഇടുക്കി ജില്ലയില്‍ പരസ്യ പ്രചാരണം നാളെ (06 ഡിസംബര്‍) അവസാനിക്കും. നാളെ (06 ഡിസംബര്‍) വൈകിട്ട് ആറിന് പരസ്യ പ്രചാരണം അവസാനിപ്പിക്കണമെന്നും കോവിഡ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും പ്രചാരണ വാഹനങ്ങളും കൂട്ടം ചേര്‍ന്നുള്ള കൊട്ടിക്കലാശം ഒഴിവാക്കണമെന്നും തിരുവനന്തപുരം ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍കൂടിയായ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.
ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായാണു കൊട്ടിക്കലാശം ഒഴിവാക്കണമെന്ന നിര്‍ദേശമെന്ന് കളക്ടര്‍ പറഞ്ഞു. ഇതു ലംഘിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കെതിരേ നടപടിയുണ്ടാകും. ജാഥ, ആള്‍ക്കൂട്ടമുണ്ടാക്കുന്ന മറ്റു പരിപാടികള്‍ എന്നിവയും ഇനിയുള്ള രണ്ടു ദിവസങ്ങളില്‍ ഒഴിവാക്കണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു.
പ്രചാരണ സമയം അവസാനിച്ചാല്‍ പുറത്തുനിന്നു പ്രചാരണത്തിനെത്തിയ രാഷ്ട്രീയ നേതാക്കളും പ്രവര്‍ത്തകരും വാര്‍ഡിനു പുറത്തു പോകണം. സ്ഥാനാര്‍ഥിയോ ഇലക്ഷന്‍ ഏജന്റോ വാര്‍ഡിനു പുറത്തുനിന്നുള്ള വ്യക്തികളാണെങ്കില്‍ ഇതിന്റെ ആവശ്യമില്ലെന്നും കളക്ടര്‍ പഞ്ഞു.
പ്രചാരണം അവസാനഘട്ടത്തിലേക്കെത്തിയതോടെ വാഹന പ്രചാരണ പരിപാടികള്‍ ജില്ലയില്‍ വലിയ തോതില്‍ നടക്കുന്നുണ്ട്. വിവിധ സ്ഥാനാര്‍ഥികളുടെ പ്രചാരണ വാഹനങ്ങള്‍ ജങ്ഷനുകളിലും മറ്റു പ്രധാന കേന്ദ്രങ്ങളിലും കൂടുതല്‍ സമയം നിര്‍ത്തിയിട്ട് അനൗണ്‍സ്‌മെന്റ് നടത്തുന്നതായും ഇതുമൂലം ആള്‍ക്കൂട്ടമുണ്ടാകുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് ഒഴിവാക്കാന്‍ സ്ഥാനാര്‍ഥികള്‍ ശ്രദ്ധിക്കണം. ഇക്കാര്യം പ്രത്യേകം നിരീക്ഷിക്കാന്‍ പൊലീസിനും കളക്ടര്‍ നിര്‍ദേശം നല്‍കി. നിയമം ലംഘിക്കുന്നവര്‍ക്കെതിരേ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം നടപടിയെടുക്കുമെന്നും കളക്ടര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കാന്‍ എം.സി.സി. ജില്ലാതല മോണിറ്ററിങ് സമിതി കളക്ടറേറ്റില്‍ ചേര്‍ന്നു. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പൊലീസ് മേധാവി (റൂറല്‍) ബി. അശോകന്‍, പൊലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ ഡോ. ദിവ്യ വി. ഗോപിനാഥ്, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ജോണ്‍ വി. സാമുവല്‍, ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ് ജില്ലാ നോഡല്‍ ഓഫിസര്‍ ജി.കെ. സുരേഷ് കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ജി. ബിന്‍സിലാല്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ത്രേസ്യാമ്മ ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു.
ഇതുവരെ 23,329 പ്രചാരണോപാധികള്‍ നീക്കി
ജില്ലയില്‍ നിയമം ലംഘിച്ചു പതിച്ചിരുന്ന 23,329 പ്രചാരണോപാധികള്‍ ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ് നീക്കം ചെയ്തതായി കളക്ടര്‍ അറിയിച്ചു. 20,114 പോസ്റ്ററുകള്‍, 1,791 ബോര്‍ഡുകള്‍, 1,423 ഫ്‌ളാഗുകള്‍ എന്നിവയാണ് നീക്കം ചെയ്തവയിലുള്ളത്. ഇനിയുള്ള ദിവസങ്ങളിലും സ്‌ക്വാഡിന്റെ പരിശോധന തുടരും.
പ്രചാരണം അവസാനിക്കുന്ന ദിവസങ്ങളില്‍ കൂടുതല്‍ കൊടിതോരണങ്ങളും പോസ്റ്ററുകളും പതിപ്പിക്കുന്നതു പതിവാണ്. നിയമങ്ങള്‍ കര്‍ശനമായി പാലിച്ചു മാത്രമേ ഇത്തരം പ്രചാരണോപാധികള്‍ സ്ഥാപിക്കാവൂ എന്നും കളക്ടര്‍ പറഞ്ഞു.