കോന്നി വാര്‍ത്ത ഡോട്ട് കോം ശബരിമല ന്യൂസ് ഡെസ്ക് @അരുണ്‍ രാജ്
ശബരിമല സന്നിധാനത്ത് കോവിഡിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ അണുവിമുക്തമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം. ദര്‍ശനത്തിനെത്തുന്ന ഭക്തരും ജീവനക്കാരും കൂടുതല്‍ കടന്നു പോകുന്ന ഭാഗങ്ങളില്‍ ദിവസം മൂന്ന് തവണയാണ് അണുവിമുക്തമാക്കുന്നത്. കൂടാതെ ആവശ്യമുള്ളവര്‍ക്ക് മാസ്‌കും സാനിറ്റൈസറും വിതരണം ചെയ്യുന്നു. കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിന് ആരോഗ്യവകുപ്പും പൊലീസും കര്‍ശന നിര്‍ദേശങ്ങളും നല്‍കുന്നുണ്ട്.
അയ്യപ്പസേവാ സംഘം, വിശുദ്ധിസേന എന്നിവയുടെ നേതൃത്വത്തില്‍ രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമായാണ് അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. തിരുമുറ്റം, മാളികപ്പുറം, വലിയ നടപന്തല്‍ തുടങ്ങിയ ഇടങ്ങളിലെ കൈവരികള്‍, പതിനെട്ടാം പടി, അരവണ കൗണ്ടര്‍, അന്നദാന മണ്ഡപം തുടങ്ങി ഒരു ദിവസം ഏറ്റവും കൂടുതല്‍ പേര്‍ കടന്നുപോകുന്ന ഭാഗങ്ങള്‍ അടക്കമാണ് അണുവിമുക്തമാക്കുന്നത്.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള വിശുദ്ധിസേന പ്രവര്‍ത്തകര്‍ അണുനാശിനി തുണിയില്‍ മുക്കി തുടച്ചും അയ്യപ്പസേവാ സംഘം പ്രവര്‍ത്തകര്‍ സ്പ്രേയര്‍ ഉപയോഗിച്ചുമാണ് കൈവരികള്‍ അണുനശീകരണം നടത്തുന്നത്. പുണ്യം പൂങ്കാവനം പദ്ധതിയുടെയും ഹരിഹരപുത്ര ധര്‍മ്മപരിപാലന സമാജത്തിന്റെയും നേതൃത്വത്തിലാണ് മാസ്‌കും സാനിറ്റൈസറും വിതരണം ചെയ്യുന്നത്. സമാജത്തിന്റെ നേതൃത്വത്തില്‍ വൈകിട്ട് ചുക്കുകാപ്പിയും വിതരണം ചെയ്യുന്നുണ്ട്. മാലിന്യത്തിന്റെ അളവില്‍ കുറവുണ്ടെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ ഏറെ സൂക്ഷ്മതയോടെയാണ് സന്നിധാനത്തെ മാലിന്യങ്ങള്‍ നീക്കുന്നത്.
ശബരിമലയില്‍ കോവിഡ് പരിശോധന ശക്തമാക്കി ആരോഗ്യവകുപ്പ്
കോവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സന്നിധാനം ഉള്‍പ്പെടെ ശബരിമലയിലെ വിവിധ ഇടങ്ങളിലുള്ള എല്ലാ വിഭാഗം ജീവനക്കാരെയും സന്നദ്ധ പ്രവര്‍ത്തകരെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. 14 ദിവസത്തില്‍ അധികം സേവനം അനുഷ്ഠിക്കുന്നവര്‍ക്കായി പമ്പ സര്‍ക്കാര്‍ ആശുപത്രിയില്‍ കോവിഡ് പരിശോധനനടത്തും.
രോഗലക്ഷണങ്ങള്‍ സംശയിക്കുന്ന എല്ലാവര്‍ക്കും പരിശോധന സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്.പോസിറ്റീവായവരെയും അവരുടെ പ്രഥമ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരെയുംനിരീക്ഷണത്തിലാക്കുന്നുണ്ട്. ശബരിമലയില്‍ കോവിഡ് പ്രോട്ടോകോള്‍ഉറപ്പാക്കുന്നതിനായി ഡ്യൂട്ടി മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ പരിശോധന ശക്തമാക്കി. രോഗപ്രതിരോധബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ഊര്‍ജിതമാക്കി. ശബരിമലയിലെ ഹോമിയോ ഡിസ്‌പെന്‍സറില്‍ നിന്നും ശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനായുള്ള ഹോമിയോ ഇമ്യൂണ്‍ബൂസ്റ്റര്‍ വിതരണം 1200 പേര്‍ പ്രയോജനപ്പെടുത്തി.