Trending Now

തദ്ദേശ പൊതുതെരഞ്ഞെടുപ്പ്: ഇവിഎം മെഷീനുകളില്‍ കാന്‍ഡിഡേറ്റ് സെറ്റിംഗ് നടത്തി

 

തദ്ദേശ പൊതുതെരഞ്ഞടുപ്പിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ ഇവിഎം മെഷീനുകളില്‍ കാന്‍ഡിഡേറ്റ് സെറ്റിംഗ് നടത്തി. തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന ഇവിഎം മെഷീനുകളില്‍ സ്ഥാനാര്‍ഥികളുടെ സാന്നിധ്യത്തില്‍ ക്രമനമ്പര്‍, പേരും ചിഹ്നവും അടങ്ങുന്ന സ്ലിപ്പ് സ്ഥാപിച്ച് സീല്‍ ചെയ്യുന്നതിനെയാണ് കാന്‍ഡിഡേറ്റ് സെറ്റിംഗ് എന്ന് പറയുന്നത്.

തിരുവല്ല നഗരസഭയില്‍ 40 മെഷീനുകളും അടൂര്‍ നഗരസഭയില്‍ 28 മെഷീനുകളും പത്തനംതിട്ട നഗരസഭയില്‍ 32 മെഷീനുകളുമാണ് ഇത്തരത്തില്‍ സെറ്റ് ചെയ്തിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്തുകളായ റാന്നിയില്‍ 209, കോന്നിയില്‍ 181, പുളിക്കീഴ് 111, പന്തളം 111, പറക്കോട് 256, ഇലന്തൂര്‍ 142, മല്ലപ്പള്ളിയില്‍ 163 ഇവിഎം മെഷീനുകളാണ് സെറ്റ് ചെയ്തിട്ടുള്ളത്. പൂര്‍ത്തീയാകാത്ത നഗരസഭയുടെയും ബ്ലോക്ക് പഞ്ചായത്തിന്റെയും കാന്‍ഡിഡേറ്റ് സെറ്റിംഗ് (ശനിയാഴ്ച,ഡിസംബര്‍ 5) പൂര്‍ത്തിയാക്കും. അതത് വരണാധികാരികളുടെ സാന്നിധ്യത്തിലാണ് കാന്‍ഡിഡേറ്റ് സെറ്റിംഗ് നടത്തുക. റിസര്‍വ് മെഷീനുകളും സെക്ടറല്‍ ഓഫീസര്‍മാര്‍ക്കുള്ള മെഷീനുകളും പരിശോധിച്ചു. പരിശോധയ്ക്ക് ശേഷം മെഷീനുകള്‍ സ്‌റ്റോര്‍ റൂമില്‍ സൂക്ഷിക്കും.

തദ്ദേശ പൊതുതെരഞ്ഞെടുപ്പിനായി ജില്ലയില്‍ 11,300 ലിറ്റര്‍ സാനിറ്റൈസറും 26,640 എന്‍ 95 മാസ്‌ക്കുകളും

തദ്ദേശ പൊതുതെരഞ്ഞടുപ്പ് സമയത്ത് കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി പോളിംഗ് ബൂത്തുകളിലും അല്ലാതെയും ഉപയോഗിക്കുന്നതിന് പത്തനംതിട്ട ജില്ലയില്‍ എത്തിയത് 11,300 ലിറ്റര്‍ സാനിറ്റൈസര്‍. ബൂത്തുകളില്‍ ഉപയോഗിക്കാന്‍ 10,160 ലിറ്ററും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്‌ക്വാഡിനും മറ്റുമായി 1140 ലിറ്ററും ചെലവിടും.
ഇതിനു പുറമെ ബൂത്തുകളില്‍ വിതരണം ചെയ്യുന്നതിന് 26,640 എന്‍ 95 മാസ്‌കുകളും 17,760 കയ്യുറകളും പുനരുപയോഗം സാധ്യമല്ലാത്ത 8880 ഫെയ്‌സ് ഷീല്‍ഡുകളുമാണ് കഴിഞ്ഞ ദിവസം കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ അടൂരിലെ വെയര്‍ ഹൗസില്‍ എത്തിച്ച് തെരഞ്ഞെടുപ്പ് വിഭാഗത്തിന് കൈമാറിയത്.

ഇവ ബ്ലോക്ക്, നഗരസഭ കേന്ദ്രങ്ങളില്‍ എത്തിച്ച് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് കൈമാറി. ജില്ലയില്‍ ആകെ 1459 പോളിംഗ് ബൂത്തുകളാണുള്ളത്. നേരത്തെ സ്‌പെഷല്‍ പോളിംഗ് ഓഫീസര്‍മാര്‍ക്ക് ധരിക്കാനായി 1300 പി.പി.ഇ കിറ്റുകളും വിതരണം ചെയ്തിരുന്നു.