കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതിയ ബുള്ളറ്റിൻ പ്രകാരം തെക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ബുറേവി ചുഴലിക്കാറ്റ് ഡിസംബർ 4ന് തിരുവനന്തപുരത്ത് കൂടി കടന്ന് പോകാനുള്ള സാധ്യതയാണ് കാണുന്നത്. ശ്രീലങ്കയിലെ തീരപതനത്തിനുശേഷം വീണ്ടും തെക്കൻ തമിഴ്‌നാട് തീരത്ത് പ്രവേശിക്കുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കാലാവസ്ഥ വകുപ്പിന്റെ നിലവിലെ പ്രവചനം അനുസരിച്ച് ഡിസംബർ 4ന് പുലർച്ചെ തെക്കൻ തമിഴ്‌നാട്ടിൽ പ്രവേശിക്കുന്ന ചുഴലിക്കാറ്റ് ഉച്ചയോടുകൂടി കേരളത്തിലേക്കും പ്രവേശിക്കും.
ചുഴലിക്കാറ്റ് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി സംസാരിച്ചതായും സംസ്ഥാനം സ്വീകരിച്ച നടപടികൾ വിശദീകരിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഡിസംബർ മൂന്നു മുതൽ അഞ്ച് വരെ ഇത് തുടരുമെന്നാണ് കരുതുന്നത്. കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. പത്തനംതിട്ട ജില്ലക്ക് അതിതീവ്ര മഴക്കും ശക്തമായ കാറ്റിനുമുള്ള മുന്നറിയിപ്പുള്ളതിനാൽ ചുഴലിക്കാറ്റ് കടന്നുപോകുന്നത് വരെ ശബരിമല തീർത്ഥാടനത്തിന് നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്തിക്കൊണ്ട് ഇത് സംബന്ധിച്ച് തീരുമാനങ്ങൾ എടുക്കാൻ പത്തനംതിട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് നിർദേശം നൽകിയിട്ടുണ്ട്. ഡിസംബർ 3 മുതൽ 5 വരെ അത്യാവശ്യ കാര്യങ്ങൾക്കൊഴികെ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും ഇടുക്കി ജില്ലയുടെ ചില ഭാഗങ്ങളിലും മണിക്കൂറിൽ 60 കിലോമീറ്ററിനു മുകളിൽ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. എറണാകുളം, ഇടുക്കിയിലെ മറ്റ് ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കി.മീറ്റർ വേഗത്തിൽ കാറ്റ് വീശാനും അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ട്. അതിതീവ്ര മഴ ലഭിക്കുന്ന സാഹചര്യം താഴ്ന്ന പ്രദേശങ്ങളിലും നഗര പ്രദേശങ്ങളിലും വെള്ളപ്പൊക്കം സൃഷ്ടിച്ചേക്കാം. മലയോര മേഖലയിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.
ഇന്ത്യൻ മീറ്ററോളജിക്കൽ വകുപ്പ് പുറപ്പെടുവിച്ച മുന്നറിയിപ്പ് പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഡിസംബർ 3ന് മഴയുടെ തീവ്രത അതിശക്തമാകുമെന്ന സൂചനയുണ്ട്. മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന തൊഴിലാളികൾക്ക് ഡിസംബർ 5 വരെയാണ് വിലക്ക്. ഹൈറേഞ്ചുകളിലേക്കുള്ള യാത്ര ഒഴിവാക്കണം.
ഡിസംബർ 3ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ റെഡ് അലർട്ടും കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചത്.
ഡിസംബർ 4ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
എൻഡിആർഎഫിന്റെ എട്ട് ടീമുകൾ എത്തിച്ചേർന്നിട്ടുണ്ട്. എയർഫോഴ്‌സിന്റെ സജ്ജീകരണങ്ങൾ കോയമ്പത്തൂരിലെ സുലൂർ എയർഫോഴ്‌സ് ബേസിലാണ് ഒരുക്കിയിരിക്കുന്നത്. നാവികസേനയും സജ്ജമാണ്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തിയതായി മുഖ്യമന്ത്രി അറിയിച്ചു.
നെയ്യാർ, കല്ലട, കക്കി ഡാമുകളുടെ സംഭരണശേഷി 80 ശതമാനമായി കുറയ്ക്കും. അതിതീവ്ര മഴയുണ്ടാകുന്ന സാഹചര്യത്തിൽ ചെറിയ ഡാമുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിവിടേണ്ട സാഹചര്യം ഉണ്ടായേക്കും. ഇത് മുൻകൂട്ടി കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകൾ സംസ്ഥാനം നടത്തുന്നു.
നിലവിൽ തിരുവനന്തപുരം ജില്ലയിലെ നെയ്യാർ, അരുവിക്കര; കൊല്ലം ജില്ലയിലെ കല്ലട; ഇടുക്കി ജില്ലയിലെ മലങ്കര, കുണ്ടള; പാലക്കാട് ജില്ലയിലെ ശിരുവാണി, കാഞ്ഞിരപ്പുഴ, വാളയാർ, പോത്തുണ്ടി; വയനാട് ജില്ലയിലെ കാരാപ്പുഴ എന്നീ ഡാമുകൾ തുറന്നുവിട്ടിട്ടുണ്ട്.
ചുഴലിക്കാറ്റ് കാരണം മാറ്റി പാർപ്പിക്കേണ്ടിവരുന്നവർക്കായി സംസ്ഥാനത്ത് 2849 ക്യാമ്പുകൾ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. നിലവിൽ സംസ്ഥാനത്ത് ആകെ 13 ക്യാമ്പുകളിലായി 175 കുടുംബങ്ങളിലെ 690 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരെ മാറ്റി പാർപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നുണ്ട്.
സഹായത്തിനായി കൺട്രോൾ റൂമിലെ 1077 എന്ന നമ്പറിൽ ബന്ധപ്പെടാം. 24 മണിക്കൂറും കൺട്രോൾറൂം പ്രവർത്തിക്കും