വോട്ടെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ പോള്‍ മാനേജര്‍ മൊബൈല്‍ ആപ്പ്
കോന്നി വാര്‍ത്ത : തദ്ദേശ പൊതുതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ പോള്‍ മാനേജര്‍ മൊബൈല്‍ ആപ്പിക്കേഷനുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററാണ് (എന്‍.ഐ.സി) ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍, ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, റിട്ടേണിംഗ് ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് വോട്ടെടുപ്പ് ദിവസവും തൊട്ടുമുന്‍പുള്ള ദിവസങ്ങളിലും പോളിംഗ് ഉദ്യോഗസ്ഥരുമായി സംവദിക്കുന്നതിനായാണ് പോള്‍ മാനേജര്‍ ആപ്പ്. സെക്ടറല്‍ ഓഫീസര്‍മാര്‍, പ്രിസൈഡിംഗ് ഓഫീസര്‍മാര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോ നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കും ആപ്ലിക്കേഷന്‍ ഉപയോഗിക്കാം.
ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസറായ ജിജി ജോര്‍ജും അഡീഷണല്‍ ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ ആലീസ് ആന്‍ഡ്രൂസ് കോട്ടിരിയുമാണ് ആപ്പിന്റെ ജില്ലാതല സാങ്കേതിക നോഡല്‍ ഓഫീസര്‍മാര്‍. പോള്‍ മാനേജര്‍ ആപ്പ് ജില്ലാ നോഡല്‍ ഓഫീസര്‍ ടി. ബിനോയി ആണ്. പ്രിസൈഡിംഗ് ഓഫീസര്‍മാര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കുള്ള പരിശീലനം തെരഞ്ഞെടുപ്പ് പരിശീലന പരിപാടിയുടെ ഭാഗമായി ആരംഭിച്ചു.
ആന്റി ഡിഫേയ്സ്മെന്റ് സ്‌ക്വാഡ് ജില്ലയില്‍ സജീവം; 13,343 പ്രചാരണ സാമിഗ്രികള്‍ നീക്കം ചെയ്യിച്ചു
തദ്ദേശ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയില്‍ പെരുമാറ്റച്ചട്ടം ലംഘിച്ച് പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്ന 13,343 പ്രചാരണ സാമഗ്രികള്‍ രാഷ്ട്രീയ കക്ഷികളെയും സ്ഥാനാര്‍ഥികളെയും അറിയിച്ച് നീക്കം ചെയ്യിച്ചു.
ആന്റി ഡിഫേയ്സ്മെന്റ് സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ നവംബര്‍ 29 വരെയുള്ള ഒന്‍പത് ദിവസങ്ങളിലായാണ് ഇത്രയും പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിച്ചത്. നീക്കം ചെയ്തവയില്‍ 12,138 പോസ്റ്ററുകളും 1,203 ബോര്‍ഡുകളും ഫ്‌ലക്‌സുകളും ഉള്‍പ്പെടും. ആന്റി ഡിഫേയ്സ്മെന്റ് ജില്ലാ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ മാത്രം 1820 പോസ്റ്ററുകളും 10 ബാനറുകളും 77 ബോര്‍ഡുകളും നീക്കം ചെയ്യിച്ചു.
ആന്റി ഡിഫേയ്സ്മെന്റ് സ്‌ക്വാഡിന്റെ നോഡല്‍ ഓഫീസര്‍ അസിസ്റ്റന്റ് കളക്ടര്‍ വി.ചെല്‍സാസിനിയാണ്. ജില്ലാ സ്‌ക്വാഡില്‍ അസിസ്റ്റന്റ് നോഡല്‍ ഓഫീസറിന്റെ നേതൃത്വത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനടക്കം നാലു പേരാണുള്ളത്.
താലൂക്ക്തലത്തില്‍ ഒരു നോഡല്‍ ഓഫീസറും ഒരു അസിസ്റ്റന്റ് നോഡല്‍ ഓഫീസറും ഒരു പോലീസ് ഉദ്യോഗസ്ഥനുമടക്കം നാലു പേരാണ് പരിശോധന നടത്തിവരുന്നത്. ജില്ലയിലെ ആറ് താലൂക്കുകളിലും ആന്റി ഡിഫേയ്സ്മെന്റ് സ്‌ക്വാഡ് പരിശോധന ശക്തമാക്കി. പൊതുസ്ഥലങ്ങള്‍, സര്‍ക്കാര്‍ വാര്‍ത്താ ബോര്‍ഡുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവയില്‍ പ്രദര്‍ശിപ്പിച്ച പ്രചാരണ സാമഗ്രഹികളാണ് സ്‌ക്വാഡ് നീക്കം ചെയ്യിച്ചത്. നിരത്തുകളില്‍ സഞ്ചാരത്തിന് തടസം നില്‍ക്കുന്ന പ്രചാരണ സാമഗ്രഹികളും നീക്കം ചെയ്യിച്ചു.
സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ അവരുടെ അനുമതി ഇല്ലാതെ സ്ഥാപിച്ചിട്ടുള്ള പ്രചാരണ സാമഗ്രികളും പരാതിയുടെ അടിസ്ഥാനത്തില്‍ നീക്കം ചെയ്യിക്കുന്നുണ്ട്. നീക്കം ചെയ്യുന്ന ചിലവ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചിലവില്‍ ഉള്‍പ്പെടുത്തും. നിരോധിച്ച പ്ലാസ്റ്റിക്ക് കൊടി-തോരണങ്ങള്‍, നിരോധിച്ച ഫ്ളെക്സ് പ്രചാരണ സാമഗ്രികളും രാഷ്ട്രീയ കക്ഷികളെയും സ്ഥാനാര്‍ഥികളെയും അറിയിച്ച് നീക്കം ചെയ്യിച്ചു.
കോന്നി താലൂക്കില്‍ 711 പോസ്റ്ററുകളും, 98 ബോര്‍ഡുകളും ഒരു നിരത്തില്‍ വരച്ചുവച്ചിരുന്ന പ്രചാരണ സാമഗ്രിയും നീക്കം ചെയ്യിച്ചു. കോഴഞ്ചേരി താലൂക്കില്‍ 985 പോസ്റ്ററുകളും ബാനറും ഫ്‌ലക്‌സുമായി 275 എണ്ണവും നീക്കം ചെയ്യിച്ചു. റാന്നി താലൂക്കില്‍ 819 പോസ്റ്ററുകളും 31 ഫ്‌ളെക്‌സ് ബോര്‍ഡുകളും നീക്കം ചെയ്യിച്ചു.
തിരുവല്ല താലൂക്കില്‍ 877 പോസ്റ്ററുകളും 188 ബോര്‍ഡുകളും നിരത്തില്‍ വരച്ചുവച്ചിരുന്ന പ്രചാരണ സാമിഗ്രിയും നീക്കം ചെയ്യിച്ചു. മല്ലപ്പള്ളി താലൂക്കില്‍ 5400 പോസ്റ്ററുകളും ബാനറുകളും ഫ്‌ളെക്‌സും ഉള്‍പ്പെടെ 412 എണ്ണം നീക്കം ചെയ്യിച്ചു. അടൂര്‍ താലൂക്കില്‍ 1526 പോസ്റ്ററുകളും 112 ബോര്‍ഡുകളും നീക്കം ചെയ്യിച്ചു. ജില്ലയില്‍ ഉടനീളം ആന്റി ഡിഫേയ്സ്മെന്റ് സ്‌ക്വാഡുകളുടെ പരിശോധന ശക്തമായി നടന്നുവരുന്നതായി നോഡല്‍ ഓഫീസര്‍ അസിസ്റ്റന്റ് കളക്ടര്‍ വി. ചെല്‍സാസിനി പറഞ്ഞു.