കോന്നി വാര്‍ത്ത ഡോട്ട് കോം : തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഹരിതം സുരക്ഷിതം കാമ്പയിന് തുടക്കമായി. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ പദ്ധതിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും ജില്ലാ കളക്ടര്‍ പി.ബി. നൂഹ് നിര്‍വഹിച്ചു. ലോഗോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.എല്‍. ഷീജ ഏറ്റുവാങ്ങി.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിതചട്ടം പാലിക്കുന്നതിന്റെയും കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിന്റെയും നിര്‍ദേശങ്ങള്‍ നടപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ശുചിത്വമിഷന്റെ നേത്വത്തില്‍ ആരോഗ്യവകുപ്പിന്റെയും ഇലക്ഷന്‍ വിഭാഗത്തിന്റെയും മറ്റ് വകുപ്പുകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതി സൗഹൃദമായി നടത്തേണ്ടതും കോവിഡ്മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതും ഇന്നത്തെ സാഹചര്യത്തില്‍ അത്യന്താപേക്ഷിതമാണെന്നും എല്ലാവരും ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു.
ഹരിത പെരുമാറ്റച്ചട്ടം പാലിച്ചാകണം പ്രചാരണമെന്ന് ഹൈക്കോടതിയുടേയും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെയും കര്‍ശന നിര്‍ദേശമുണ്ട്. കൂടാതെ സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് നിരോധനവുമുണ്ട്. ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും ഔദ്യോഗിക പരിപാടികള്‍ക്കും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളും ഫ്‌ളെക്‌സും ഉപയോഗിക്കരുതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയില്‍ നിലവില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു വരുന്നുണ്ടെങ്കിലും പല സ്ഥലങ്ങളിലും രോഗവ്യാപന സാധ്യതയുണ്ട്. കോവിഡ് വ്യാപനത്തിനു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. അതു കൊണ്ടുതന്നെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ പ്രചരണവും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും നടത്താന്‍ പാടുള്ളു. കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടികളുണ്ടാകുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
ഹരിതം
സംസ്ഥാനത്ത് ഫ്‌ളെക്‌സും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളും പൂര്‍ണമായി നിരോധിച്ച ശേഷമുള്ള ആദ്യത്തെ തെരഞ്ഞെടുപ്പാണിത്.
തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനും പരസ്യങ്ങള്‍ സ്ഥാപിക്കുന്നതിനുമായി ഫ്‌ളെക്‌സ്, പ്ലാസ്റ്റിക് പേപ്പറുകള്‍, പ്ലാസ്റ്റിക് റിബണുകള്‍, പ്ലാസ്റ്റിക് നൂലുകള്‍, പ്ലാസ്റ്റിക്, പി.വി.സി തുടങ്ങിയവകൊണ്ട് നിര്‍മിച്ച ബോര്‍ഡുകള്‍, ബാനറുകള്‍, കൊടിതോരണങ്ങള്‍, തെര്‍മോകോള്‍, സ്റ്റീറോഫോം വസ്തുക്കള്‍ എന്നിവ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്.
പരിസ്ഥിതി സൗഹാര്‍ദവും മണ്ണിലലിഞ്ഞു ചേരുന്നതും പുനചംക്രമണം ചെയ്യാന്‍ കഴിയുന്നവയുമായ വസ്തുക്കള്‍, കോട്ടണ്‍ തുണി, പേപ്പര്‍, പോളി എത്തിലിന്‍ നിര്‍മിത വസ്തുക്കള്‍ തുടങ്ങിയവയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കേണ്ടത്.
ഒഴിവാക്കാം 280 ടണ്‍ മാലിന്യം
ജില്ലയിലാകെ 16 ജില്ലാ പഞ്ചായത്ത് ഡിവിഷനിലും എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലും നാല് നഗരസഭകളിലും 53 ഗ്രാമപഞ്ചായത്തുകളിലുമായി 3699 സ്ഥാനാര്‍ഥികളാണുളളത്. ശുചിത്വമിഷന്റെ കണക്ക് പ്രകാരം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള മാലിന്യത്തിന്റെ അളവ് ആകെ 280 ടണ്‍ ആണ്. ഹരിതചട്ടം പാലിച്ചാല്‍ ഈ 280 ടണ്‍ മാലിന്യം ഒഴിവാക്കാനാകും.
ബാനറുകള്‍, ഹോര്‍ഡിംഗുകള്‍- 89 ടണ്‍. കൊടിതോരണങ്ങള്‍- 68 ടണ്‍. പ്ലാസ്റ്റിക് കുപ്പികള്‍- 55 ടണ്‍. ഡിസ്‌പോസിബിള്‍വസ്തുക്കള്‍, പ്ലാസ്റ്റിക് കവറുകള്‍തുടങ്ങിയവ- 68 ടണ്‍. ആകെ- 280 ടണ്‍.
സുരക്ഷിതം
കോവിഡിന്റെ വ്യാപനതോത് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കോവിഡ് വ്യാപനം ഒഴിവാക്കുന്നതിന് കൃത്യമായമാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്.
കുടുംബ യോഗങ്ങള്‍, കണ്‍വന്‍ഷനുകള്‍ എന്നിവയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉറപ്പുവരുത്തണം. യോഗങ്ങളില്‍ പരമാവധി 20 പേര്‍ മാത്രമേ പങ്കെടുക്കാവു. ആള്‍ക്കൂട്ടങ്ങള്‍, ജാഥകള്‍ എന്നിവ ഒഴിവാക്കണം. വോട്ട് അഭ്യര്‍ഥിക്കുന്ന സ്ഥാനാര്‍ഥികളും, പ്രതിനിധികളും കൃത്യമായി മാസ്‌ക് ധരിക്കുകയും ഇടവേളകളില്‍ കൈകള്‍ ശുചീകരിക്കുകയും ചെയ്യണം.
സംസാരിക്കുമ്പോള്‍ ഒരുകാരണവശാലും മാസ്‌ക് താഴ്ത്തരുത്. വോട്ട്അഭ്യര്‍ഥിക്കാനായി വീടിനകത്തേക്ക് പ്രവേശിക്കരുത്. എല്ലാസ്ഥലങ്ങളിലും രണ്ടു മീറ്റര്‍ അകലം പാലിക്കണം. സാനിറ്റൈസര്‍ കയ്യില്‍ കരുതി ആവശ്യാനുസരണം ഉപയോഗിക്കണം. പൊതു ജനങ്ങള്‍ നോട്ടീസോ മറ്റോ വാങ്ങിയാല്‍ അതിനുശേഷം കൈകള്‍ കഴുകേണ്ടതാണ്. വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ കൃത്യമായി ശാരീരിക അകലം പാലിക്കേണ്ടതും വോട്ട് രേഖപ്പെടുത്തിയശേഷം കൈകള്‍ സോപ്പിട്ട് കഴുകുകയോ സാനിറ്റൈസര്‍ ഉപയോഗിക്കുകയോ ചെയ്യേണ്ടതുമാണ്.
ഉദ്ഘാടന ചടങ്ങില്‍ ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്ററും ഹരിതതെരഞ്ഞെടുപ്പ് നോഡല്‍ ഓഫീസറുമായ കെ.ഇ. വിനോദ്കുമാര്‍, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. നന്ദിനി, അസിസ്റ്റന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ (ജനറല്‍) കെ.വിമല്‍രാജ്, ഹരിതകേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍.രാജേഷ്, ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ബി. അനില്‍കുമാര്‍, പ്രോഗ്രാം ഓഫീസര്‍ കെ.ആര്‍. അജയ്, ഐടി മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഷൈന്‍ എന്നിവര്‍ പങ്കെടുത്തു.