Trending Now

ശബരിമല തീര്‍ഥാടനം: സുരക്ഷിതമായി മല കയറാം;കോവിഡ് പരിശോധനയ്ക്ക് വിപുലമായ സംവിധാനം

 

കോവിഡ് വ്യാപനത്തെ പ്രതിരോധിച്ച് ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനം സുരക്ഷിതമായി നടത്തുന്നതിന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി 24 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകര്‍, കച്ചവടക്കാര്‍, ഡ്യൂട്ടിക്ക് എത്തുന്ന ജീവനക്കാര്‍ എന്നിവര്‍ക്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍ കോവിഡ് ടെസ്റ്റിനുളള വിസ്‌ക് (വാക്കിംഗ് സ്‌ക്രീനിംഗ് കിയോസ്‌ക്) സൗകര്യം ലഭ്യമാണ്. തീര്‍ഥാടകര്‍ക്ക് ആന്റിജന്‍ പരിശോധനയാണ് വിസ്‌കുകളില്‍ നടത്തുന്നത്. 20 മിനിട്ടിനുള്ളില്‍ ഫലം ലഭിക്കും. കോവിഡ് പരിശോധനയ്ക്ക് സര്‍ക്കാരിന്റെ ഒരു വിസ്‌കും മൂന്നു സ്വകാര്യ വിസ്‌കുകളുമാണ് നിലയ്ക്കല്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ സര്‍ക്കാര്‍ വിസ്‌കില്‍ രാത്രി 12 മുതല്‍ പുലര്‍ച്ചെ നാല് വരെയും ഉച്ചയ്ക്ക് ഒന്നു മുതല്‍ അഞ്ച് വരെയും പരിശോധനയുണ്ട്. നിലയ്ക്കലെ മൂന്ന് സ്വകാര്യ വിസ്‌കും 24 മണിക്കൂറും പ്രവര്‍ത്തിച്ചു വരുന്നു. 625 രൂപയാണ് ആന്റിജന്‍ പരിശോധനയ്ക്ക് നിരക്ക്.
ശബരിമല ഡ്യൂട്ടിക്ക് എത്തുന്ന ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ വിസ്‌കില്‍ കോവിഡ് പരിശോധന സൗജന്യമാണ്. പരിശോധനയില്‍ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയാല്‍ അവരെ പ്രാഥമിക ചികിത്സ നല്‍കി പെരുനാട് കാര്‍മല്‍ സിഎഫ്എല്‍ടിസി യിലേക്കോ, ഹോം ഐസൊലേഷന്‍ താത്പര്യപ്പെടുന്ന പക്ഷം അവരെ സ്വന്തം വീടുകളിലേക്കോ മടക്കി അയയ്ക്കും. വിസ്‌കിനോട് അനുബന്ധിച്ച് ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, വോളന്റിയേഴ്സ് എന്നിവരുടെ സേവനവും ലഭ്യമാണ്. വളരെ അവശ്യഘട്ടം ഉണ്ടായാല്‍ മാത്രം പമ്പയിലും സന്നിധാനത്തും കോവിഡ് പരിശോധന നടത്തുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.എല്‍. ഷീജ പറഞ്ഞു.
കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം ഇല്ലാത്ത തീര്‍ഥാടകര്‍, കച്ചവടക്കാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായി നിലയ്ക്കലിന് പുറമേ കുമ്പഴ, തിരുവല്ല, കുളനട എന്നിവിടങ്ങളില്‍ സ്റ്റെപ്പ് കിയോസ്‌കുകള്‍ ഒരുക്കിയിട്ടുണ്ട്. തീര്‍ഥാടകരെത്തുന്ന പ്രധാന റയില്‍വേ സ്റ്റേഷനുകളായ തിരുവല്ല, ചെങ്ങന്നൂര്‍, കോട്ടയം എന്നിവിടങ്ങളിലും സ്റ്റെപ്പ് കിയോസ്‌കുകള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. രോഗ പ്രതിരോധത്തിന്റെ ഭാഗമായി കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ശക്തമായ സംവിധാനങ്ങളാണ് നിലയ്ക്കലില്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്.