Trending Now

ആന്‍റീ ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് രൂപീകരിക്കും

തദ്ദേശഭരണ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ കക്ഷികളും സ്ഥാനാർത്ഥികളും നടത്തുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ നിയമാനുസൃതമാണോ എന്ന് പരിശോധിക്കുന്നതിനായി ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് രൂപീകരിക്കുവാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. ജില്ലാ തലത്തിൽ, വരണാധികാരിയല്ലാത്ത അസിസ്റ്റന്റ് കളക്ടറുടേയോ സബ് കളക്ടറുടേയോ ഡെപ്യൂട്ടി കളക്ടറുടേയോ നേതൃത്വത്തിലുള്ള ഒരു സ്‌ക്വാഡും താലൂക്ക് തലത്തിൽ തഹസിൽദാർ/ഗസറ്റഡ് റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വ്ത്തിൽ സ്‌ക്വാഡും രൂപീകരിക്കണം.
നോട്ടീസുകൾ, ബാനറുകൾ, ബോർഡുകൾ, പോസ്റ്ററുകൾ, ചുവരെഴുത്തുകൾ, മൈക്ക് അനൗൺസ്‌മെന്റ്, മീറ്റിംഗുകൾ, മറ്റ് സാമൂഹ്യ മാധ്യമങ്ങൾ മുഖേനയുള്ള പ്രചാരണ പരിപാടികൾ എന്നിവയുടെ നിയമസാധുത പരിശോധിക്കണം.
പ്ലാസ്റ്റിക്, ഫ്‌ലക്‌സ്, മുതലായവയുടെ ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തി കമ്മീഷൻ 28/10/2020 തീയതിക്ക് ബി1/34970/2019 നമ്പർ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. അവയിലെ നിർദ്ദേശങ്ങളും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം.
നിയമപരമല്ലാത്ത പ്രചാരണ പരിപാടികൾ ഉടൻ നിർത്തി വയ്പ്പിക്കേണ്ടതും പോസ്റ്ററുകളോ ബോർഡുകളോ നീക്കം ചെയ്യാൻ നിർദ്ദേശിക്കേണ്ടതുമാണ്. ഇപ്രകാരമുള്ള നിർദ്ദേശം പാലിക്കുന്നില്ലെങ്കിൽ അവ നീക്കം ചെയ്യുന്നതിന് നടപടി സ്വീ കരിക്കേണ്ടതും അത് സംബന്ധിച്ച ചെലവ് ബന്ധപ്പെട്ടവരിൽ നിന്ന് ഈടാക്കുന്നതിന് നിരീക്ഷകരുടെ ശ്രദ്ധയിൽപ്പെടുത്തി നടപടി സ്വീകരിക്കണം.
മേൽപ്പറഞ്ഞവരെ നിയമിക്കുന്നതു സംബന്ധിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ പുറപ്പെടുവിക്കുന്ന ഉത്തരവിന്റെ പകർപ്പ് കമ്മീഷനിൽ ലഭ്യംമാക്കേണ്ടതാണെന്ന് കമ്മീഷണർ നിർദ്ദേശിച്ചു.