Trending Now

പത്തനംതിട്ട ജില്ലാതല ശിശുദിനാഘോഷം വര്‍ണാഭമായി

 

ജില്ലാതല ശിശുദിനാഘോഷം പത്തനംതിട്ട കളക്ടറേറ്റില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വര്‍ണാഭമായി നടന്നു. അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേട്ട് അലക്സ് പി തോമസ് പതാക ഉയര്‍ത്തി. കുട്ടികളുടെ പ്രസിഡന്റും തിരുവല്ല ഡി.ബി.എച്ച്.എസ്.എസിലെ വിദ്യാര്‍ഥിനിയുമായ അമൃതശ്രീ വി. പിളളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കുട്ടികളുടെ പ്രധാനമന്ത്രിയായ ഉളനാട് എം.സി.എല്‍.പി.എസിലെ വിദ്യാര്‍ഥിനി നയന സൂസന്‍ തോമസ് ജില്ലാതല ശിശുദിനാഘോഷം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സ്പീക്കറും ഇടയാറന്മുള എ.എം.എം.എച്ച്.എസ്.എസിലെ വിദ്യാര്‍ഥിനിയുമായ കൃപാ മറിയം മത്തായി മുഖ്യ പ്രഭാഷണം നടത്തി.
എ.ഡി.എം. അലക്സ് പി. തോമസ് ശിശുദിന സന്ദേശം നല്‍കി. തുടര്‍ന്ന് സംസ്ഥാന ശിശുക്ഷേമ സമിതി നോമിനി പ്രൊഫ. ടി.കെ.ജി നായര്‍ സ്റ്റാമ്പ് പ്രകാശനം നടത്തി. വൈസ് പ്രസിഡന്റ് കെ. മോഹന കുമാര്‍ സമ്മാനദാനം നിര്‍വഹിച്ചു. ചടങ്ങില്‍ പങ്കെടുത്ത അമൃതശ്രീ വി പിളള, നയന സൂസന്‍ തോമസ്, കൃപാ മറിയം മത്തായി, ആന്‍ മേരി അനീഷ്, ദേവികാ സുരേഷ് തുടങ്ങിയ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റും സമ്മാനവും നല്‍കി. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ജി. പൊന്നമ്മ, വൈസ് പ്രസിഡന്റ് വിമല്‍ രാജ്, ട്രഷറര്‍ ഭാസ്‌കരന്‍ നായര്‍, ജോയിന്റ് സെക്രട്ടറി എം.എസ്. ജോണ്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

നിതാന്തമായ പരിശ്രമവും അര്‍പ്പണബോധവും
ചെറുപ്പത്തിലേ ശീലിക്കണം: ജില്ലാ കളക്ടര്‍
നിതാന്തമായ പരിശ്രമവും അര്‍പ്പണബോധവും ചെറുപ്പത്തിലേ ശീലിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. വനിത ശിശു വികസന വകുപ്പ് ജില്ലാ ശിശുസംരക്ഷണ യൂണിറ്റും ജില്ലാ ഭരണ കേന്ദ്രവും ചേര്‍ന്ന് സംഘടിപ്പിച്ച ശിശുദിനാഘോഷത്തിന്റെയും ബാലാവകാശ വാരാചരണ പരിപാടികളുടെയും ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍.
ജില്ലയിലെ വിവിധ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളുമായും കുട്ടികളുടെ പ്രധാനമന്ത്രിമാരുമായും ജില്ലാ കളക്ടര്‍ സംവദിച്ചു. ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്റു എഴുതിയ പുസ്തകങ്ങള്‍ വായിക്കണമെന്നും, അതിലെ അറിവുകള്‍ മനസിലാക്കി ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണമെന്നും പത്ര വായന ദിനചര്യയുടെ ഭാഗമാക്കണമെന്നും കളക്ടര്‍ പറഞ്ഞു. ശിശുദിന ആഘോഷങ്ങളുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് സംസ്ഥാന തലത്തില്‍ നടത്തിയ ‘അറിവകം’ പ്രശ്‌നോത്തരിയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ആശ്രയ ശിശുഭവനിലെ കുട്ടികളെ അദ്ദേഹം അനുമോദിച്ചു.
കുട്ടികളില്‍ കാണുന്ന പ്രശ്‌നങ്ങളെ പറ്റിയും അവ പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങളെ പറ്റിയും ജില്ലയിലെ 27 ശിശു സംരക്ഷണ സ്ഥാപനങ്ങിലെ സ്ഥാപന അധികാരികള്‍ക്കും കുട്ടികള്‍ക്കുമായി ചൈല്‍ഡ് സൈക്കോളജിസ്റ്റ് ഡോ. ടിന്‍സി രാമകൃഷ്ണന്‍ ക്ലാസ് നല്‍കി. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ നിതാ ദാസ്, ഡിസിപിയു ജീവനക്കാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. നവംബര്‍ 14 മുതല്‍ 20 വരെ ബാലാവകാശ വാരാചരണത്തിന്റെ ഭാഗമായി ഓരോ ദിവസങ്ങളിലും വ്യത്യസ്തയാര്‍ന്ന പരിപാടികളാണ് ജില്ലയില്‍ സംഘടിപ്പിക്കുന്നത്.

error: Content is protected !!