രണ്ട് സമുദായങ്ങള്‍ തമ്മിലോ, ജാതികള്‍ തമ്മിലോ, ഭാഷാ വിഭാഗങ്ങള്‍ തമ്മിലോ നിലനില്‍ക്കുന്ന സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിന് ഇടയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകരുത്. മറ്റ് പാര്‍ട്ടികളെക്കുറിച്ചുള്ള വിമര്‍ശനം അവരുടെ നയപരിപാടികളെക്കുറിച്ചു മാത്രമാകണം. എതിര് രാഷ്ട്രീയ കക്ഷി നേതാക്കളെ വ്യക്തിപരമായി തേജോവധം ചെയ്യുന്നതും അവരുടെ സ്വകാര്യതയെ ഹനിക്കുന്നതുമായ പ്രചാരണം പാടില്ല. തെളിവില്ലാത്ത ആരോപണങ്ങള്‍ എതിര്‍കക്ഷിയെക്കുറിച്ചോ അവരുടെ പ്രവര്‍ത്തകരെപ്പറ്റിയോ ഉന്നയിക്കരുത്.
ആരാധനാലയങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വേദിയാക്കരുത്. ജാതി മത വികാരങ്ങള്‍ മുതലെടുത്ത് വോട്ടു പിടിക്കുന്നത് കുറ്റകരമാണ്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്ഥാനാര്‍ഥിക്ക് ഇരുചക്രവാഹനംഉള്‍പ്പെടെ എത്ര വാഹനങ്ങളും കോവിഡ് – 19 മാനദണ്ഡങ്ങള്‍ പാലിച്ച് ഉപയോഗിക്കാം. ഇത് തെരഞ്ഞെടുപ്പ് ചെലവ് കണക്കിന്റെ പരിധിയില്‍ വരും. പക്ഷെ വരണാധികാരിയുടെ അനുമതി വാങ്ങുകയും, വരണാധികാരി നല്കുന്ന പെര്‍മിറ്റ് വാഹനത്തിന്റെ മുന്‍വശത്ത് കാണത്തക്കവിധം പ്രദര്‍ശിപ്പിക്കുകയും വേണം. പെര്‍മിറ്റില്‍ വാഹനത്തിന്റെ നമ്പര്‍, സ്ഥാനാര്‍ഥിയുടെ പേര് എന്നിവ ഉണ്ടാകണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളും അവയുടെ കളിസ്ഥലവും (സര്‍ക്കാര്‍ – എയ്ഡഡ് – അണ് എയ്ഡഡ്) രാഷ്ട്രീയ കക്ഷികള്‍ക്ക് റാലിക്കോ തിരഞ്ഞെടുപ്പ് പ്രചാരണം സംഘടിപ്പിക്കാനോ പ്രവര്‍ത്തനങ്ങള്‍ക്കായോ ഉപയോഗിക്കാന്‍ പാടില്ല. പൊതുസ്ഥലത്ത് പ്രചാരണ സാമഗ്രികള്‍ നിലവിലുള്ള നിയമങ്ങള്‍ക്ക് അനുസൃതമായി സ്ഥാപിക്കുന്നതില്‍ വിലക്കില്ല. സ്വകാര്യ സ്ഥാപനങ്ങളിലും സ്വകാര്യ വ്യക്തിയുടെ സ്ഥലങ്ങളിലും പ്രചാരണ സാമഗ്രികള്‍ സ്ഥാപിക്കുന്നതിനും ചുമരെഴുതുന്നതിനും ഉടമയുടെ രേഖാ മൂലമുള്ള അനുമതി പത്രം വാങ്ങണം. ഇത് വരണാധികാരിയുടേയൊ അധികാരപ്പെട്ട ഉദ്യോഗസ്ഥന്റെയോ മുന്‍പാകെ മൂന്ന് ദിവസത്തിനകം സമര്‍പ്പിക്കണം.
യോഗങ്ങള്‍
ക്രമസമാധാനം പാലിക്കുന്നതിനും ഗതാഗതം നിയന്ത്രിക്കുന്നതിനും, ആവശ്യമായ ഏര്‍പ്പാടുകള്‍ ചെയ്യാന്‍ പോലീസിന് സാധ്യമാകത്തക്കവിധം യോഗം നടത്തുന്ന സ്ഥലവും സമയവും ബന്ധപ്പെട്ട പാര്‍ട്ടിയോ സ്ഥാനാര്‍ഥിയോ സ്ഥലത്തെ പോലീസ് അധികാരികളെ മുന്‍കൂട്ടി അറിയിക്കണം.
മറ്റു കക്ഷികളുടെ യോഗങ്ങളും ജാഥകളും തങ്ങളുടെ അനുയായികള്‍ തടസപ്പെടുത്തുകയോ, അവയില്‍ ഛിദ്രമുണ്ടാക്കുകയോ ചെയ്യുന്നില്ലെന്ന് രാഷ്ട്രീയ കക്ഷികളും, സ്ഥാനാര്‍ഥികളും ഉറപ്പുവരുത്തണം. ഇത്തരം സാഹചര്യങ്ങളില്‍ പോലീസ് സഹായം തേടേണ്ടതാണ്. ഒരു രാഷ്ട്രീയകക്ഷിയുടെ പ്രവര്‍ത്തകരോ അനുഭാവികളോ തങ്ങളുടെ കക്ഷിയുടെ ലഘുലേഖ വിതരണം ചെയ്തോ, നേരിട്ടോ, രേഖാമൂലമായോ, ചോദ്യങ്ങള്‍ ഉന്നയിച്ചോ, മറ്റൊരു രാഷ്ട്രീയ കക്ഷി സംഘടിപ്പിക്കുന്ന പൊതു യോഗങ്ങളില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ പാടില്ല. ഒരു കക്ഷിയുടെ യോഗം നടന്നുകൊണ്ടിരിക്കുന്ന സ്ഥലത്തു കൂടി മറ്റൊരു കക്ഷിജാഥ നടത്താന്‍ പാടില്ല. ഒരു കക്ഷിയുടെ ചുവര് പരസ്യങ്ങള്‍ മറ്റു കക്ഷികളുടെ പ്രവര്‍ത്തകര്‍ നീക്കം ചെയ്യരുത്.
യോഗം നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് എതെങ്കിലും നിയന്ത്രണ ഉത്തരവോ നിരോധനാജ്ഞയോ പ്രാബല്യത്തില്‍ ഇല്ല എന്ന് രാഷ്ട്രീയകക്ഷിയോ സ്ഥാനാര്‍ഥിയോ ഉറപ്പുവരുത്തേണ്ടതാണ്. അത്തരത്തിലുള്ള ഏതെങ്കിലും ഉത്തരവുകള്‍ നിലവിലുണ്ടെങ്കില്‍ അവ കര്‍ശനമായി പാലിക്കണം. ഇവയില്‍ നിന്ന് ഒഴിവാക്കപ്പെടണമെങ്കില്‍ അതിനായി ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് മുന്‍കൂട്ടിത്തന്നെ അപേക്ഷിച്ച് അനുമതി നേടേണ്ടതാണ്.
പൊതുയോഗങ്ങള്‍ തടസപ്പെടുത്തുകയോ യോഗസ്ഥലത്ത് ക്രമരഹിതമായി പ്രവര്‍ത്തിക്കുകയോ അതിന് പ്രേരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് മൂന്നു മാസം വരെ തടവോ 1000 രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. (കേരള പഞ്ചായത്ത് രാജ് ആക്ട് 123 – ാം വകുപ്പ് /കേരള മുനിസിപ്പാലിറ്റി ആക്ട് 147-ാം വകുപ്പ് ). തിരഞ്ഞെടുപ്പ് പ്രഖ്യാപന തീയതി മുതല്‍ തിരഞ്ഞെടുപ്പ് നടത്തപ്പെടുന്ന തീയതി വരെ ആ നിയോജകമണ്ഡലത്തിലോ വാര്‍ഡിലോ നടത്തപ്പെടുന്ന രാഷ്ട്രീയ സ്വഭാവമുള്ള ഏതു പൊതുയോഗത്തിനും ഇതു ബാധകമാണ്.
യോഗങ്ങള്‍ നടത്തുന്നതിന് ഉച്ചഭാഷിണിയോ മറ്റു സൗകര്യമോ ഉപയോഗിക്കുന്നതിന് അനുവാദം ലഭിക്കേണ്ടതുണ്ടെങ്കില്‍ പാര്‍ട്ടിയോ സ്ഥാനാര്‍ഥിയോ മുന്‍കൂട്ടി ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് അനുവാദം വാങ്ങേണ്ടതാണ്.
സര്‍ക്കാരിന്റേയോ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടേയോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയോ ഉടമസ്ഥതയിലുള്ള ഹാളുകളില്‍ യോഗങ്ങള്‍ നടത്താന്‍ അനുവദിക്കുകയാണെങ്കില്‍ ആപ്രകാരം യോഗങ്ങള്‍ നടത്തുന്നതിന് എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും തുല്യഅവസരം നല്‍കേണ്ടതാണ്. ഇത്തരം യോഗങ്ങള്‍ അവസാനിച്ചാല്‍ ഉടന്‍ തന്നെ അവിടെ സ്ഥാപിച്ചിട്ടുള്ള എല്ലാവിധ പ്രചാരണ സാമഗ്രികളും സംഘാടകര്‍ നീക്കം ചെയ്യണം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൈതാനങ്ങള്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല.
ജാഥകളും പൊതുയോഗങ്ങളും സംഘടിപ്പിക്കുന്നത് നിലവിലുള്ള ബന്ധപ്പെട്ട നിയമവ്യവസ്ഥകളും ഹൈക്കോടതിയുടേയും സുപ്രീം കോടതിയുടേയും ഉത്തരവുകളും അനുസരിച്ചായിരിക്കണം.