തെരഞ്ഞെടുപ്പ് വേളയില്‍ രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും അനുവര്‍ത്തിക്കേണ്ട നടപടിക്രമങ്ങളും പാലിക്കേണ്ട നിയന്ത്രണങ്ങളും ഉള്‍പ്പെടുത്തി തയ്യാറാക്കിയിട്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളാണ് മാതൃകാ പെരുമാറ്റച്ചട്ടം. തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പ് ഉറപ്പുവരുത്താന്‍ രാഷ്ട്രീയ കക്ഷികളുമായി കൂടിയാലോചിച്ചാണ് ഈ പെരുമാറ്റ സംഹിത തയ്യാറാക്കിയിട്ടുള്ളത്.
സ്വതന്ത്രവും നിഷ്പക്ഷവും നീതിപൂര്‍വകവുമായി തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ കക്ഷികളും മാതൃകാ പെരുമാറ്റ സംഹിത പാലിക്കുന്നുണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പ് വരുത്തും. ഔദ്യോഗിക സംവിധാനങ്ങളുടെ ദുരുപയോഗം, തെരഞ്ഞെടുപ്പ് കുറ്റകൃത്യങ്ങള്‍, കള്ളവോട്ട്, വോട്ടര്‍മാര്‍ക്ക് പണം നല്‍കി സ്വാധീനിക്കല്‍ തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള നടപടി പെരുമാറ്റ സംഹിത നടപ്പിലാക്കുന്നതിന്റെ ഭാഗമായി കമ്മീഷന്‍ സ്വീകരിക്കും.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സമയക്രമം പ്രഖ്യാപിക്കുന്ന തീയതി മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരും. പെരുമാറ്റച്ചട്ടം തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തികരിക്കുന്നതുവരെ തുടരും.
പൊതുതെരഞ്ഞെടുപ്പ് വേളയില്‍ എല്ലാ തദേശസ്വയം ഭരണ സ്ഥാപനങ്ങിലും മാതൃകാ പെരുമാറ്റച്ചട്ടം ബാധകമായിരിക്കും. എന്നാല്‍ ഉപ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ജില്ലാ/ബ്ലോക്ക് പഞ്ചായത്തുകളുടെ കാര്യത്തില്‍, അതാത് നിയോജകമണ്ഡലങ്ങള്‍ക്കും നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ടുവരുന്ന, ഗ്രാമപഞ്ചായത്തുകളിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും, ഗ്രാമപഞ്ചായത്തുകളുടെ കാര്യത്തില്‍ പഞ്ചായത്തിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും നഗരസഭകളുടെ കാര്യത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡിലും മാതൃകാ പെരുമാറ്റച്ചട്ടം ബാധകമായിരിക്കും.
പ്രചാരണത്തിന് പ്ലാസ്റ്റിക്ക് നിരോധനം
തദ്ദേശ പൊതുതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്ലാസ്റ്റിക്, ഫ്‌ളെക്‌സ് എന്നിവ ഉപയോഗിക്കുന്നതിനു നിരോധനമുണ്ട്. പരിസ്ഥിതി മലിനീകരണം കണക്കിലെടുത്ത് പ്ലാസ്റ്റിക്, ഫ്‌ളെക്‌സ് എന്നിവ ഒഴിവാക്കിയുള്ള പ്രചാരണ സാമഗ്രികള്‍ തയ്യാറാക്കാന്‍ രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും ബാധ്യസ്ഥരാണ്.
പ്രസാധകന്റേയും അച്ചടി സ്ഥാപനത്തിന്റേയും പേര്, വിലാസം, അച്ചടിക്കുന്ന കോപ്പികളുടെ എണ്ണം എന്നിവ ഉള്‍ക്കൊള്ളിച്ചേ പോസ്റ്ററുകളും ലഘുലേഖകളും അച്ചടിക്കാവൂ. ഇതിന്റെ പകര്‍പ്പ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോയോ ചിഹ്നമോ ആലേഖനം ചെയ്ത തൊപ്പി, മുഖംമൂടി, മാസ്‌ക് പോലുള്ളവ ഉപയോഗിക്കാം. ഇവയുടെ ചെലവ് ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തണം. എന്നാല്‍ വോട്ടര്‍മാരെ സ്വാധീനിക്കാനായി സാരി, ഷര്‍ട്ട്, മുണ്ട്, തുണി മുതലായുള്ള വസ്ത്രങ്ങള്‍ വിതരണം ചെയ്യുന്നത് കുറ്റകരമാണ്.
പ്രചാരണ മാധ്യമങ്ങള്‍
പ്രചാരണത്തിനായി സിനിമ, ടെലിവിഷന്‍, സാമൂഹ്യമാധ്യമങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കാം. എന്നാല്‍ പൊതുപ്രചാരണം അവസാനിച്ചശേഷം ഇത്തരം മാധ്യമങ്ങളിലൂടെയും പ്രചാരണം പാടില്ല.