Trending Now

സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍ ജില്ലാ പോലീസ് മേധാവി ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക്

കോന്നി വാര്‍ത്ത : രാഷ്ട്രപതിയുടെ മെഡലും, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണ മികവിനുള്ള പുരസ്‌കാരവും സ്വന്തമാക്കി ജില്ലയ്ക്ക് അഭിമാനമായ ജില്ലാപോലീസ് മേധാവി കെ.ജി. സൈമണ് മറ്റൊരു അതുല്യ നേട്ടംകൂടി. സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍ ജില്ലാപോലീസ് മേധാവി ഉള്‍പ്പെടെ ജില്ലാ പോലീസ് സേനയിലെ അഞ്ചുപേര്‍ക്ക് ലഭിച്ചു.

 

കൂടത്തായി കൂട്ടക്കൊലപാതക കേസില്‍ ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതിയെ നിയമത്തിനു മുന്നിലെത്തിച്ചതിന്റെ അംഗീകരമായാണ് ബാഡ്ജ് ഓഫ് ഓണര്‍ ഉത്തരവായത്. ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണു പുറമെ ജില്ലാപോലീസ് അഡീഷണല്‍ എസ്പി എ.യു. സുനില്‍കുമാര്‍, ജില്ലാ സൈബര്‍ പോലീസ് സ്റ്റേഷനിലെ എസ്ഐ പി.ബി. അരവിന്ദാക്ഷന്‍ നായര്‍, എസ്സിപിഒമാരായ അനൂപ് മുരളി, ആര്‍.ആര്‍. രാജേഷ് എന്നിവരാണ് പുരസ്‌കാരം നേടിയത്.
കൂടത്തായി കേസിന്റെ സമയത്ത് കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവിയായിരുന്നു കെ.ജി. സൈമണ്‍. കേസില്‍ നിര്‍ണായകമായ തുമ്പുണ്ടാക്കുകയും ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതിയെ നിയമത്തിനുമുന്നില്‍ കൊണ്ടുവരികയും ചെയ്തു. കേസ് അന്വേഷണത്തില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ഉദ്യോഗസ്ഥനായ പത്തനംതിട്ട ജില്ലാപോലീസ് മേധാവി ജില്ലയ്ക്കും, പോലീസിനും വലിയ അഭിമാനമായി മാറുകയാണ്. തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ആയിരിക്കെ, വിവിധ പരിശീലനപരിപാടികള്‍ മികച്ചനിലയില്‍ നടത്തിയതിനുള്ള അംഗീകാരമായാണ് ജില്ലാ പോലീസ് അഡിഷണല്‍ എസ്പിക്ക് ബാഡ്ജ് ഓഫ് ഓണര്‍ ലഭിച്ചത്.
ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ആദ്യമായി പോലീസ് സ്റ്റേഷനുകളിലെ തൊണ്ടി റൂമുകളില്‍ ക്യുആര്‍ കോഡിന്റെ ഉപയോഗമടക്കം സ്മാര്‍ട്ട് ആക്കുന്നതിനും ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് ഡോക്യുമെന്റേഷന്‍ ആവശ്യത്തിലേക്ക് വെബ് പോര്‍ട്ടല്‍ വികസിപ്പിച്ചതിനുമാണ് അരവിന്ദാക്ഷന്‍ നായര്‍ക്കും, അനൂപ് മുരളിക്കും, ആര്‍.ആര്‍. രാജേഷിനും പുരസ്‌കാരം ലഭിച്ചത്.

error: Content is protected !!