Trending Now

20 രൂപയ്ക്ക് ഉച്ചയൂൺ ലഭ്യമാക്കുന്ന ‘ജനകീയ ഹോട്ടലുകൾ’ 749 എണ്ണം രൂപീകരിച്ചു

 

കോന്നി വാര്‍ത്ത : കുറഞ്ഞ നിരക്കിൽ ഉച്ചയൂൺ നൽകുന്ന 1000 ഹോട്ടലുകൾ സ്ഥാപിക്കുന്ന ‘വിശപ്പ് രഹിത കേരളം’ പദ്ധതി കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനമായിരുന്നു. തുടർന്നത് കോവിഡ് പാക്കേജിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇതിൻ്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച 20 രൂപയ്ക്ക് ഉച്ചയൂൺ ലഭ്യമാക്കുന്ന ‘ജനകീയ ഹോട്ടലുകൾ’ വിജയകരമായി മുന്നോട്ടു പോവുകയാണ്. കുടുംബശ്രീയുടെ നേതൃത്വത്തിൽ 749 ജനകീയ ഹോട്ടലുകള്‍ ( 629 ഗ്രാമതലം,120 നഗരതലം ) ഇതുവരെ രൂപീകരിക്കുവാന്‍ സാധിച്ചു. ഇതിൽ 434 ഹോട്ടലുകള്‍ പുതുതായി രൂപീകരിച്ചതും, 315 ഹോട്ടലുകള്‍ നിലവിൽ പ്രവര്‍ത്തിച്ചു വരുന്ന കുടുംബശ്രീ ഹോട്ടലുകള്‍ ജനകീയ ഹോട്ടലുകളായി മാറിയതുമാണ്.

ഓരോ ദിവസവും ശരാശരി 60,000 ഊണുകള്‍വരെ ജനകീയ ഹോട്ടലുകൾ വഴി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുവാന്‍ സാധിക്കുന്നുണ്ട്. ഈ പദ്ധതി വഴി 3278 കുടുംബശ്രീ അംഗങ്ങള്‍ക്ക് സ്ഥിരവരുമാനം ലഭ്യമാക്കുവാനും കുടുംബശ്രീക്ക് സാധിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും, പൊതു വിതരണ വകുപ്പിന്‍റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതി പ്രകാരം ജനകീയ ഹോട്ടലുകളിൽ നിന്നും നൽകുന്ന ഓരോ ഊണിനും 10 രൂപ സബ്സിഡി കുടുംബശ്രീ മുഖാന്തരം നൽകുന്നു. ഇത് കൂടാതെ ഹോട്ടലുകളുടെ നടത്തിപ്പിന് ആവശ്യമായ പാത്രങ്ങള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ വാങ്ങിക്കുന്നതിനായി പരമാവധി 40,000 രൂപ വരെ റീവോള്‍വിങ് ഫണ്ട് ആയും കുടുംബശ്രീ നൽകുന്നു.

ജനകീയ ഹോട്ടൽ നടത്തിപ്പിനാവശ്യമായ സ്ഥലം / വാടക, വൈദ്യുതി, ജലം എന്നിവ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖാന്തരം സൗജന്യമായി ലഭിക്കുന്നു. നഗരസഭാതലത്തിൽ രൂപീകരിക്കുന്ന ഹോട്ടലുകള്‍ക്ക് 30000 രൂപ നഗരസഭ മുഖാന്തരവും, ഗ്രാമ തലത്തിൽ രൂപീകരിക്കുന്ന ഹോട്ടലുകള്‍ക്ക് 20,000 രൂപ ബ്ലോക്ക് പഞ്ചായത്തിൽ നിന്നും, കൂടാതെ 10,000 രൂപ ജില്ലാ പഞ്ചായത്തിൽ നിന്നും വര്‍ക്കിംഗ് ഗ്രാന്‍റായി ലഭിക്കും.

error: Content is protected !!