Trending Now

റോഡുകളുടെ വികസനത്തില്‍ കുതിപ്പുമായി പത്തനംതിട്ട ജില്ല

 

കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ റോഡുകളുടെ വികസനത്തില്‍ മികച്ച പ്രവര്‍ത്തനമാണു പൊതുമരാമത്ത് വിഭാഗം നടത്തിയിരിക്കുന്നത്. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ നടത്തിയതും നടക്കുന്നതുമായ റോഡ് വികസനപ്രവര്‍ത്തനങ്ങളിലൂടെ…

തിരുവല്ല നിയോജകമണ്ഡലം

തിരുവല്ല നിയോജക മണ്ഡലത്തില്‍ 2016-2017 ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി കെ.കെ റോഡിന്റെയും എസ്.എം.വി റോഡിന്റെയും അഭിവൃദ്ധിപ്പെടുത്തല്‍ 6.63 കോടി രൂപയ്ക്ക് പൂര്‍ത്തീകരിച്ചു.
2017-2018 ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി 33 കോടി 96 ലക്ഷം രൂപയ്ക്ക് നിരണം – തോട്ടടി റോഡിന്റെ അഭിവൃദ്ധിപ്പെടുത്തല്‍, കാവുംഭാഗം – മുത്തൂര്‍ – കുറ്റപ്പുഴ റോഡിന്റെ പുനരുദ്ധാരണം എന്നീ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി. കുമ്പനാട് – പുറമറ്റം – പുതുശേരി റോഡിന്റെ പുനരുദ്ധാരണം, നെടുങ്ങാടപ്പള്ളി – കവിയൂര്‍ – മല്ലപ്പള്ളി റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ മണ്ഡലത്തില്‍ പുരോഗമിക്കുന്നു. 2018-2019 ബഡ്ജറ്റ് വര്‍ക്കില്‍ എം.സി റോഡ് 78 മൈല്‍ മുതല്‍ രണ്ടാം മൈല്‍ ടി.കെ റോഡ് വരെയും ബഥേല്‍പടി – ചുമത്ര റോഡും അഞ്ച് കോടി രൂപയ്ക്ക് ബി.എം ആന്റ് ബി.സി നിലവാരത്തില്‍ ചെയ്യുന്നതിന്റെ ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുകയാണ്.
2019-2020 ബഡ്ജറ്റില്‍ നെടുംകുന്നം – അട്ടക്കുളം – വരവോലി – പേക്കാവ് – കുമ്പയ്ക്കാപുഴ – വട്ടപ്പാറ – നെടുംകുന്നം – കാവനാല്‍ കടവ് റോഡിന്റെ ഫേസ് ഒന്ന് നെടുംകുന്നം – കാവനാല്‍ കടവ് റോഡ് നവീകരണത്തിനായി മൂന്നര കോടിയുടെ എസ്റ്റിമേറ്റ് സാങ്കേതിക അനുമതിക്കായി ഉടന്‍ സമര്‍പ്പിക്കും.
കിഫ്ബി ഫണ്ട് ഉപയോഗിച്ച് 2016-17 വര്‍ഷത്തില്‍ ഉള്‍പ്പെടുത്തിയ 75 കോടി 40 ലക്ഷം രൂപയുടെ മൂന്നു റോഡുകളായ കാവുംഭാഗം – ഇടിഞ്ഞില്ലം റോഡ്, മുത്തൂര്‍ – കുറ്റൂര്‍ – കിഴക്കന്‍ മുത്തൂര്‍ റോഡ്, ചങ്ങനാശേരി – കവിയൂര്‍ റോഡ് എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്.
ശബരിമല ഫണ്ടില്‍ 2018- 19 വര്‍ഷത്തില്‍ കാവുംഭാഗം – മുത്തൂര്‍ റോഡിന്റെ ബി.എം – ബി.സി നവീകരണം, തിരുവല്ല – മല്ലപ്പള്ളി റോഡിന്റെ ബിറ്റ് ചിപ്പിംഗ് കാര്‍പ്പെറ്റ് ചെയ്യല്‍ എന്നിവയുടെ നിര്‍മ്മാണം നാലു കോടി 50 ലക്ഷം രൂപയ്ക്ക് പൂര്‍ത്തിയാക്കി.
2020-21 ശബരിമല ഫണ്ടില്‍ കാവുംഭാഗം – തുകലശ്ശേരി റോഡ് നവീകരണത്തിന് സാങ്കേതിക അനുമതിക്കായി എസ്റ്റിമേറ്റ് സമര്‍പ്പിച്ചു. പ്രളയത്തില്‍ നാശം സംഭവിച്ച തിരുവല്ല – മല്ലപ്പള്ളി റോഡിന്റെ മൂന്നാം സെക്ഷന്റെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ മൂന്നര കോടി രൂപയ്ക്ക് പൂര്‍ത്തിയാക്കുകയും ചക്രശാലക്കടവ് – കല്ലുങ്കല്‍ – കദളിമംഗലം റോഡിന്റെ പള്ളിവേട്ട ആല് മുതല്‍ റിവര്‍ സൗത്ത് റോഡുവരെയുള്ള റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്.

ആറന്മുള നിയോജക മണ്ഡലം

2016-17 ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി 13 കോടി 87 ലക്ഷം രൂപയുടെ മൂന്നു റോഡുകള്‍ ആറന്മുള മണ്ഡലത്തില്‍ പൂര്‍ത്തിയാക്കി. 2017-2018 ബഡ്ജറ്റില്‍ ഉള്‍പെടുത്തി ഏഴര കോടി രൂപയ്ക്ക് നിര്‍മ്മാണം ആരംഭിച്ച രണ്ടു റോഡുകളില്‍ ഒമല്ലൂര്‍ – പരിയാരം റോഡിന്റെ പുനരുദ്ധാരണം പൂര്‍ത്തിയാക്കുകയും കുമ്പനാട് – ആറാട്ടുപുഴ റോഡിന്റെ പ്രവര്‍ത്തികള്‍ പുരോഗമിക്കുകയും ചെയ്യുന്നുണ്ട്.
2018-2019 ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി 10 കോടിയുടെ വെട്ടിപ്പുറം – മഹനിമല – നെല്ലിക്കാമല – നാരങ്ങാനം റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്.
2016-17 വര്‍ഷത്തില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ 23.46 കോടിയുടെ മണ്ണാറക്കുളഞ്ഞി – കോഴഞ്ചേരി റോഡ് നവീകരണം പൂര്‍ത്തിയായി. 24.33 കോടിയുടെ മഞ്ഞനിക്കര – ഇലവുംതിട്ട- കിടങ്ങന്നൂര്‍ മുളക്കുഴ റോഡിന്റെ നവീകരണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു.
2017-2018 വര്‍ഷത്തില്‍ കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തി 50 കോടി രൂപയ്ക്ക് പത്തനംതിട്ട അബാന്‍ ജംഗ്ഷനില്‍ നിര്‍മ്മിക്കുന്ന ഓവര്‍ ബ്രിഡ്ജിന് ഭരണാനുമതിയായി. നബാര്‍ഡ് ഫണ്ടില്‍ 25 കോടി രൂപ ചിലവ് വരുന്ന രണ്ടു റോഡുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ശബരിമല പ്രവര്‍ത്തികള്‍ക്കായി 2017-18ല്‍ അഞ്ചു കോടിയുടെ മാവേലിക്കര – കോഴഞ്ചേരി റോഡും 2018-19ല്‍ കൈപ്പട്ടൂര്‍ – പത്തനംതിട്ട റോഡിന്റെ നവീകരണവും പൂര്‍ത്തിയായി. 2019-20 ല്‍ 6.95 കോടി രൂപയുടെ രണ്ടു റോഡുകളുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി. 2020-21 ശബരിമല പ്രവര്‍ത്തി ഫണ്ടില്‍ നാലു റോഡുകളുടെ പ്രവര്‍ത്തനങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. വെള്ളപ്പൊക്കത്തില്‍ നശിച്ച കുലശേഖരപതി – മൈലപ്ര റോഡ് പുനരുദ്ധാരണം പൂര്‍ത്തിയാക്കുകയും അഞ്ചു റോഡുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയുമാണ്. 30 കോടി രൂപയാണ് ആറന്മുള മണ്ഡലത്തില്‍ വെള്ളപ്പൊക്ക കെടുതികള്‍ക്കായി അനുവദിച്ചിട്ടുള്ളത്.

അടൂര്‍ നിയോജകമണ്ഡലം

അടൂര്‍ നിയോജകമണ്ഡലത്തില്‍ 2016-17 ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി 6.65 കോടി രൂപയുടെ നാലു റോഡുകളുടെ അഭിവൃദ്ധിപ്പെടുത്തല്‍ പൂര്‍ത്തിയാക്കി. 2017-18 ല്‍ എട്ട് കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണു നടത്തുന്നത്. ഇതില്‍ ഒന്നര കോടി രൂപ വീതം ചിലവ് വരുന്ന പട്ടംതറ – ഒറ്റത്തേക്ക് റോഡിന്റെ പുനരുദ്ധാരണവും തടത്തില്‍ – മണക്കാല റോഡിന്റെ പുനരുദ്ധാരണവും പൂര്‍ത്തിയാക്കി.
2018-2019 ബഡ്ജറ്റ് വര്‍ക്കില്‍ ഉള്‍പ്പെടുത്തി മൂന്നു കോടി രൂപയുടെ പറക്കോട് – കൊടുമണ്‍ റോഡിന്റെ പുനരുദ്ധാരണം പുരോഗമിക്കുകയാണ്. 2016-2017 കിഫ്ബി ഫണ്ടില്‍ പന്തളം ബൈപാസ്, അടൂര്‍ ടൗണ്‍ ബ്രിഡ്ജ് നിര്‍മ്മാണം എന്നിവ ഉള്‍പ്പടെ 14.90 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
2017-18 ശബരിമല പ്രവര്‍ത്തികളില്‍ ഒന്നര കോടിയുടെ എം.സി റോഡിന്റെ അഭിവൃദ്ധിപ്പെടുത്തല്‍ പൂര്‍ത്തിയായി. 2018-19 ലെ ശബരിമല പ്രവൃത്തികളില്‍ 17.15 കോടിയുടെ നാലു റോഡുകളുടെ ബി.സി ഓവര്‍ലേ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി. 2019-20 ശബരിമല പ്രവര്‍ത്തിയില്‍ ഏഴ് കോടി രൂപയുടെ രണ്ടു റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. 2020-21 ശബരിമല പ്രവര്‍ത്തികളില്‍ മൂന്നു റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് എസ്റ്റിമേറ്റ് സാങ്കേതിക അനുമതിക്കായി നല്‍കി. 2018-2019 വെള്ളപൊക്ക കെടുതി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പറക്കോട് – ഐവര്‍കാല റോഡില്‍ മൂന്നു കോടി രൂപയുടെ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നുമുണ്ട്.

കോന്നി നിയോജക മണ്ഡലം

കോന്നി നിയോജക മണ്ഡലത്തില്‍ 2016-17 ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി 36 കോടി രൂപയുടെ കോന്നി മെഡിക്കല്‍ കോളേജ് റോഡ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാറായി. ആറു കോടി രൂപയുടെ കുമ്പഴ – മല്ലശ്ശേരി – പ്രമാടം – കോന്നി വഴി ളാക്കൂര്‍ റോഡ് അഭിവൃദ്ധിപ്പെടുത്തുന്ന പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി. 2017-18 ബഡ്ജറ്റില്‍ എട്ട് കോടി രൂപയുടെ രണ്ടു റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്.
2018-19 ബഡ്ജറ്റില്‍ ഉള്‍പെടുത്തിയ രണ്ടു കോടി രൂപയുടെ കല്ലേലി – ഊട്ടുപാറ റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തികളും പുരോഗമിക്കുകയാണ്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ശബരിമല ഫണ്ടില്‍ 14.25 കോടിയുടെ പ്രവര്‍ത്തനങ്ങളാണ് ഉള്‍പ്പെടുത്തിയത്. ഇതില്‍ ഒരു റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും മറ്റു രണ്ടു റോഡുകളുടെ പ്രവര്‍ത്തികള്‍ നടന്നുകൊണ്ടിരിക്കുകയും ആണ്. 2020-21 ശബരിമല പ്രവര്‍ത്തന ഫണ്ടില്‍ 9.27 കോടി രൂപയുടെ റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കാണു ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്. 2018 – 2019 വെള്ളപ്പൊക്കകെടുതിയില്‍ മൂന്നു കോടി രൂപയുടെ കുരിശുമൂട് – വി.കോട്ടയം റോഡിന്റെ നവീകരണ പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്.
2016-2017 കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 39.57 കോടി രൂപയില്‍ അട്ടച്ചാക്കല്‍ – കുമ്പളാംപൊയ്ക റോഡിന്റെയും കലഞ്ഞൂര്‍ -പാടം റോഡിന്റെയും പുനരുദ്ധാരണ പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്.

റാന്നി നിയോജകമണ്ഡലം

റാന്നി നിയോജകമണ്ഡലത്തില്‍ 39.33 കോടി രൂപയില്‍ അഞ്ച് റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണ് 2016-17 ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കിയത്. 2017-18 ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയ 50 ലക്ഷം രൂപയുടെ മനോരമമുക്ക് – ചെങ്ങറമുക്ക് റോഡ് പണികള്‍ പൂര്‍ത്തീകരിക്കുകയും 7.50 കോടി രൂപയുടെ അത്തിക്കയം – വെച്ചൂച്ചിറ – ചേത്തക്കല്‍ റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തിക്കള്‍ പുരോഗമിക്കുകയും ചെയ്യുന്നു.
2018-2019 ബഡ്ജറ്റില്‍ 10 കോടി രൂപയുടെ റാന്നി- ഐത്തല- കുട്ടത്തോട് – നരിക്കുഴി റോഡിന്റെ നിര്‍മ്മാണങ്ങള്‍ക്കു ഭരണനാനുമതി സമര്‍പ്പിക്കുകയും ചെയ്തു. കിഫ്ബി പദ്ധതിയില്‍ 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 98.67 കോടി രൂപയില്‍ പുനരുദ്ധാരണം നടത്തുന്ന മൂന്നു റോഡുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.
2017-18 വര്‍ഷത്തില്‍ കിഫ്ബി ഫണ്ടില്‍ നിന്നും 65 കോടി രൂപ ചിലവഴിച്ച് നിര്‍മ്മിക്കുന്ന തെള്ളിയൂര്‍ – വലിയകാവ് റോഡ്, കുമ്പളത്താനം – മണിയാര്‍ റോഡ് എന്നിവയുടെ ഡി.പി.ആര്‍ തയ്യാറാക്കുകയുമാണ്. 29.73 കോടി രൂപയില്‍ നമ്പാര്‍ഡ് ഫണ്ടില്‍ നിര്‍മ്മിക്കുന്ന മൂന്ന് റോഡുകളില്‍ ഒരു റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും രണ്ടു റോഡുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയും ചെയ്യുന്നുണ്ട്.
2018-19 സാമ്പത്തിക വര്‍ഷത്തില്‍ ശബരിമല പ്രവര്‍ത്തന ഫണ്ടില്‍ 11.81 കോടി രൂപയുടെ മൂന്നു റോഡുകള്‍ നിര്‍മ്മാണമാണ് ആരംഭിച്ചത്. ഇതില്‍ രണ്ടു റോഡുകള്‍ പൂര്‍ത്തിയാകുകയും ചെയ്തു. 2019-20 ല്‍ ശബരിമല പ്രവര്‍ത്തന ഫണ്ടില്‍ 25.69 കോടി രൂപയില്‍ പുനരുദ്ധാരണം നടത്തുന്ന മണ്ണാറക്കുളഞ്ഞി വടശ്ശേരിക്കര – പൂവത്തുമൂട് – പ്ലാപ്പള്ളി – ചാലക്കയം റോഡ് ഉള്‍പ്പെടുന്ന നാലു റോഡുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. 2020-21 ശബരിമല ഫണ്ടില്‍ നാലു റോഡുകളുടെ പുനരുദ്ധാരണം നടത്തും. 2018-2019 വെള്ളപ്പൊക്ക കെടുതിയില്‍ നശിച്ച എട്ട് റോഡുകളാണ് റാന്നി നിയോജകമണ്ഡലത്തില്‍ 30 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്നത്. ഇവയില്‍ മടത്തുമുഴി – പൂവത്തുമൂട് റോഡ്, അത്തിക്കയം – മടന്തമണ്‍ റോഡ്, വെച്ചൂച്ചിറ മണിപ്പുഴ റോഡ് എന്നിവയുടെ ബി എം ആന്‍ഡ് ബിസി പുനരുദ്ധാരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി.

error: Content is protected !!