Trending Now

കോവിഡ്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണം: കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ

 

കോന്നി വാര്‍ത്ത : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. കോവിഡ് രോഗികളുടെ എണ്ണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കോന്നി നിയോജകമണ്ഡല തലത്തില്‍ ചേര്‍ന്ന പ്രത്യേക ഓണ്‍ലൈന്‍ കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താന്‍ വാര്‍ഡ്, പഞ്ചായത്ത്തല സമിതികള്‍ കൃത്യമായി ചേരണമെന്നും കോവിഡ് ജാഗ്രതയില്‍ വിട്ടുവീഴ്ച ഉണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലത്തില്‍ റിവേഴ്‌സ് ക്വാറന്റൈന്‍ കൂടുതല്‍ ശക്തിപ്പെടുത്തണം എന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. മണ്ഡലത്തിലെ കോവിഡ് മരണനിരക്ക് പരിശോധിച്ചാല്‍ 60 വയസിന് മുകളിലുള്ളവരാണ് കൂടുതല്‍. ഇത് ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ റവന്യൂ, പഞ്ചായത്ത്, ആരോഗ്യം, പോലീസ്, സെക്ടറല്‍ മജിസ്ട്രേറ്റുകള്‍ എന്നിവര്‍ തമ്മില്‍ കൃത്യമായ ധാരണയോടെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. കൃത്യമായി വാര്‍ഡ്തല സമിതികള്‍ കൂടുകയും അതിനുശേഷം പഞ്ചായത്ത്തല സമിതികള്‍ കൂടുകയും ചെയ്യണം. സമിതികള്‍ കൃത്യമായി കൂടുന്നുണ്ടെന്ന് തഹസില്‍ദാര്‍ ഉറപ്പുവരുത്തണം. ആളുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും അവ പാലിക്കാത്തവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുകയും ചെയ്യണം. കോവിഡ് പ്രതിരോധത്തില്‍ കൃത്യമായ സ്ഥിതിവിവരകണക്കുകള്‍ അനുസരിച്ച് പഞ്ചായത്ത്തല റിപ്പോര്‍ട്ട് തയ്യാറാക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ വാര്‍ഡ്തല കമ്മിറ്റികള്‍ നടത്തുന്നതിനും ജില്ലാ കളക്ടര്‍ പി.ബി നൂഹ് മണ്ഡലത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കി.
കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിര്‍ബന്ധമായും നിയന്ത്രണ വിധേയമാണെന്ന് പഞ്ചായത്ത് തലത്തില്‍ എസ്.എച്ച്.ഒമാര്‍ മുഖേന ഉറപ്പു വരുത്തണം. കൂടാതെ വിവാഹം, മരണം, പൊതുപരിപാടികള്‍ തുടങ്ങിയ ഇടങ്ങളില്‍ കൃത്യമായി സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും ആളുകളുടെ എണ്ണം പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം. ചിലയിടങ്ങളില്‍ ഇത് ലംഘിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കൂടാതെ 144 ചട്ട ലംഘനം നടത്തുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അത് വീഡിയോ എടുത്ത് തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുകയും അതിനെതിരെ കൃത്യമായി കേസ് രജിസ്റ്റര്‍ ചെയ്യുകയും വേണം. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
കോന്നി തഹസില്‍ദാര്‍ കെ.ശ്രീകുമാര്‍, എന്‍.എച്ച്എം ഡിപിഎം ഡോ.എബി സുഷന്‍, കോന്നി നിയോജകമണ്ഡലത്തിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റു ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.