Trending Now

കുഞ്ഞുവാവയ്ക്ക് ചെയിൻ തിരിച്ചുകിട്ടി, അമ്മയും ഹാപ്പിയായി

Spread the love

അമ്മയുടെ ഒക്കത്തിരുന്ന കുഞ്ഞുവാവയുടെ കയ്യിലേക്ക് പത്തനംതിട്ട പോലീസ് ഇൻസ്‌പെക്ടർ ആർ വി അരുൺ കുമാർ സ്വർണചെയിൻ വെച്ചുകൊടുക്കുമ്പോൾ ഒന്നും തിരിയാത്ത അവൾ പാല്പുഞ്ചിരി തൂകുകയായിരുന്നു. അമ്മ മീരയും വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു അപ്പോൾ. ഇനി മേലിൽ ചെയിൻ കൊണ്ടുകളയരുതെന്ന പോലീസ് അങ്കിളിന്റെ ഉപദേശം മനസ്സിലായാലും ഇല്ലെങ്കിലും അവളുടെ ചുണ്ടിലെ ചിരി മാഞ്ഞതേയില്ല.

 

പത്തനംതിട്ട പോലീസ് സ്റ്റേഷനിലാണ് നാടകീയ രംഗങ്ങൾ  അരങ്ങേറിയത്.കഴിഞ്ഞദിവസത്തെ പത്രവാർത്ത കണ്ട് സ്റ്റേഷനിൽ എത്തിയതാണ് കുഞ്ഞുവാവയും അമ്മയും. പത്തനംതിട്ട മൈലപ്ര എസ് ബി ഐ ശാഖയ്ക്ക് സമീപം നടപ്പാതയിൽ നിന്നും കഴിഞ്ഞദിവസം ഉച്ചയ്ക്ക് മണ്ണാറക്കുളഞ്ഞി
കണ്ണൻ തടത്തിൽ സുഗതൻ എന്നയാൾക്ക് സ്വർണാഭരണം കളഞ്ഞുകിട്ടിയെന്നും, അദ്ദേഹം പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചിട്ടുണ്ടെന്നുമായിരുന്നു പോലീസ് വാർത്തയുടെ ഉള്ളടക്കം. കുഞ്ഞിന്റെ കയ്യിൽ കിടന്ന ചെയിൻ നഷ്ടപ്പെട്ട സങ്കടത്തോടെ കഴിയുമ്പോഴാണ് മീര വാർത്ത കാണുന്നത്.

ഏറെ സന്തോഷത്തോടെയും ആശ്വാസത്തോടെയും പത്തനംതിട്ട പോലീസ് ഇൻസ്‌പെക്ടറുടെ ഫോണിൽ വിളിച്ച് സ്വർണ്ണത്തിന്റെ അടയാളവിവരവും മറ്റും പറഞ്ഞപ്പോൾ സ്റ്റേഷനിൽ എത്താൻ നിർദേശം കിട്ടി. അങ്ങനെയാണ് സ്വർണാഭരണം കൈപ്പറ്റാൻ അമ്മയും കുഞ്ഞും സ്റ്റേഷനിൽ വന്നത്. യൂണിഫോം ധാരികളായ പോലീസ് ഉദ്യോഗസ്ഥർക്കിടയിലേക്ക് പരിഭ്രമത്തോടെ കുഞ്ഞുമായെത്തിയ യുവതി, പോലീസിന്റെ ഹൃദ്യമായ സ്വീകരണത്തിൽ നിമിഷങ്ങൾക്കുള്ളിൽ ആശ്വാസനിശ്വാസമുതിർത്തു. അവിടെ ചെലവഴിച്ച ചുരുങ്ങിയ സമയത്തിനുള്ളിൽ പോലീസിന്റെ ആർദ്രമുഖം യുവതിക്ക് ബോധ്യപ്പെടുകയും ചെയ്തു.
സ്വർണം കളഞ്ഞുകിട്ടി സ്റ്റേഷനിൽ ഏൽപ്പിച്ച സുഗതൻ, പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നില്ല, അസൗകര്യമുണ്ടെന്നറിയിച്ചതിനാൽ അദ്ദേഹത്തെ കാര്യങ്ങൾ പോലീസ് ബോധ്യപ്പെടുത്തിയിരുന്നു. പോലീസ് ഉദ്യോഗസ്ഥർക്ക് ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞ് സ്വർണം ഏറ്റുവാങ്ങി സ്റ്റേഷൻ വിട്ട യുവതി, സുഗതനെ തന്റെ നന്ദി അറിയിക്കണമെന്ന് പോലീസിനോട് പറയാനും മറന്നില്ല. എസ് ഐ യും സ്റ്റേഷൻ പി ആർ ഓയുമായ അലക്സ്‌ കുട്ടി, മറ്റ് പോലീസ് ഉദ്യോഗസ്ഥർ എന്നിവരും സന്നിഹിതരായിരുന്നു.

error: Content is protected !!