
മാലിന്യ സംസ്‌കരണം സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന് ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മാലിന്യ സംസ്‌കരണത്തില്‍ മികവാര്‍ന്ന പ്രവര്‍ത്തനമാണ് ജില്ലയിലേത്.മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പത്തനംതിട്ടയെ ശുചിത്വജില്ലയായി അടൂര്‍ സെന്റ് തോമസ് പാരിഷ് ഹാളില്‍ മന്ത്രി പ്രഖ്യാപിച്ചു .
തദ്ദേശ സ്ഥാപനങ്ങളില്‍ ജില്ലാ ഭരണകൂടത്തിന്റെ ഡോര്‍ ടു ഡോര്‍ മാലിന്യ സംസ്‌കരണ അവയര്‍നെസ് കാമ്പയിന്‍ വിജയകരമാണ്. കുന്നന്താനം കിന്‍ഫ്രാ പാര്‍ക്കിലെ അജൈവ സംസ്‌കരണ ഫാക്ടറി ജില്ലയ്ക്ക് അഭിമാനം പകരുന്നു. മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശസ്ഥാപനങ്ങളുടെ ഇടപെടല്‍ പ്രശംസനീയം. അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. ‘വൃത്തി 2025’ ന്റെ ഭാഗമായി തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന കോണ്‍ക്ലേവില്‍ മാലിന്യ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട് അവബോധമാണ് ലക്ഷ്യം.
ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകള്‍, നാല് മുന്‍സിപ്പാലിറ്റി എന്നിവ 100 ശതമാനം മാലിന്യമുക്തമായി. ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശസ്വയം ഭരണ വകുപ്പിന്റെയും പരിശ്രമത്തോടെ വാതില്‍പ്പടി ശേഖരണം പൂര്‍ണ ലക്ഷ്യത്തിലെത്തി.
മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി ഇലന്തൂര്‍ (ജില്ലയിലെ മികച്ച ബ്ലോക്ക് പഞ്ചായത്ത് ) പത്തനംതിട്ട (നഗരസഭ ), റാന്നി (ഗ്രാമപഞ്ചായത്ത്)എന്നിവയ്ക്കുളള പുരസ്‌കാരം വിതരണം ചെയ്തു. ക്ലീന്‍ കേരളയുടെ അജൈവ മാലിന്യം ശേഖരിക്കുന്ന വാഹനയാത്ര മന്ത്രി ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം അധ്യക്ഷനായി.
ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ എ എസ് നൈസാം പഠന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റുമാരായ ജെ ഇന്ദിരാദേവി, എം പി മണിയമ്മ, ബി എസ് അനീഷ് മോന്‍, ജെസി സൂസന്‍, അടൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ദിവ്യാ റെജി മുഹമ്മദ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍ അനിതാകുമാരി, മാലിന്യമുക്ത നവകേരളം, ഹരിത കേരള മിഷന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍മാരായ ആര്‍ അജിത് കുമാര്‍, ജി അനില്‍ കുമാര്‍, എസ് ആദില എന്നിവര്‍ പങ്കെടുത്തു.