Trending Now

പെട്രോളിയം ഉത്പന്നങ്ങൾ കൊണ്ടുവരാൻ പെർമിറ്റ്‌ നിർബന്ധമാക്കി

Spread the love

 

പെട്രോളിയം ഉത്പന്നങ്ങൾ സംസ്ഥാനത്തിനകത്തേക്ക് കൊണ്ട് വരുന്നതിന് ഏപ്രിൽ 10 മുതൽ പെർമിറ്റ് നിർബന്ധമാക്കി. പെട്രോളിയം ഉത്പന്നങ്ങൾ കൊണ്ടുവരുന്നതിനും സൂക്ഷിക്കുന്നതിനും ആവശ്യമായ രേഖകളും നിബന്ധനകളും സംബന്ധിച്ച് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു.

സംസ്ഥാനത്തിന് പുറത്തു നിന്നും 50 ലിറ്ററോ അതിൽ കൂടുതലോ ഉള്ള പെട്രോളിയം ഉത്പന്നങ്ങൾ സംസ്ഥാനത്തിനകത്തേക്ക് കൊണ്ട് വരുന്ന വ്യക്തികൾ ബില്ല് / ഡെലിവറി നോട്ട് തുടങ്ങിയ മറ്റ് രേഖകളോടൊപ്പം ഡെപ്യൂട്ടി കമ്മീഷണർ, ടാക്‌സ്‌പെയർ സർവീസസ് ഹെഡ്ക്വാട്ടേഴ്സ്, തിരുവനന്തപുരം അപ്രൂവ് ചെയ്ത് നല്കുന്ന പെർമിറ്റിന്റെ ഒറിജിനൽ കൂടി ചരക്ക് നീക്കം നടത്തുമ്പോൾ കരുതണം.ഒരു പെർമിറ്റ്‌ പ്രകാരം 75 ലിറ്റർ പെട്രോളിയം ഉത്പന്നങ്ങൾ മാത്രമേ സംസ്ഥാനത്തിനകത്തേക്ക് കൊണ്ടുവരാൻ സാധിക്കുകയുള്ളു. ഒരു വ്യക്തിക്ക് ആഴ്ചയിൽ ഒരു പെർമിറ്റ് മാത്രമേ അനുവദിക്കുകയുള്ളൂ.

പെർമിറ്റിന്റെ കാലാവധി 3 ദിവസം ആയിരിക്കും.ഓയിൽ കമ്പനികൾക്ക് വേണ്ടി സംസ്ഥാനത്തിനകത്തേക്ക് കൊണ്ടുവരുന്ന പെട്രോളിയം ഉത്പന്നങ്ങൾക്കും പെട്രോളിയം ഉൽപ്പന്നങ്ങളുടെ ചില്ലറ വിൽപ്പനയ്ക്കായി കെ.ജി.എസ്.ടി. നിയമം 1963 പ്രകാരം രജിസ്‌ട്രേഷൻ എടുത്തിട്ടുള്ള അംഗീകൃത സ്ഥാപനങ്ങൾക്കും ഈ വിജ്ഞാപനം പ്രകാരമുള്ള പെർമിറ്റ് ആവശ്യമില്ല. കൂടുതൽ വിവരങ്ങൾക്കും പെർമിറ്റിന് അപേക്ഷിക്കേണ്ട ഫോമിനുമായി www.keralataxes.gov.in ൽ നൽകിയിട്ടുള്ള വിജ്ഞാപനം കാണുക.

error: Content is protected !!