
മുഖം മിനുക്കി വല്ലന ആരോഗ്യകേന്ദ്രം
ആതുരസേവന രംഗത്ത് വികസന കുതിപ്പോടെ പന്തളം ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്കിലെ വല്ലന സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ പുതിയ കെട്ടിടനിര്‍മാണം അവസാനഘട്ടത്തില്‍. ആധുനിക സംവിധാനത്തോടെ 6200 ചതുരശ്ര അടി ഇരുനില കെട്ടിടവും ആര്‍ദ്രം മിഷന്‍ പദ്ധതി പ്രകാരമുള്ള അടിസ്ഥാന സൗകര്യമാണുള്ളത്.
ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം വേണമെന്ന ആവശ്യമാണ് പരിഹരിക്കുന്നത്. ദേശീയ ആയുഷ് മിഷനില്‍ നിന്നും രണ്ടു കോടി രൂപയും സംസ്ഥാന സര്‍ക്കാരിന്റെ തനത് ഫണ്ടില്‍ നിന്ന് 51 ലക്ഷം രൂപയും അനുവദിച്ചു.
ആറന്മുള ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡിലാണ് ആരോഗ്യ കേന്ദ്രം. 1961ല്‍ സര്‍ക്കാര്‍ ഡിസ്‌പെന്‍സറി ആയി ആരംഭിച്ച് പിന്നീട് പ്രാഥമിക ആരോഗ്യകേന്ദ്രവും 2009 ല്‍ ബ്ലോക്ക് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുമായി ഉയര്‍ന്നു. 200 ല്‍ അധികം രോഗികള്‍ ദിനവും എത്തുന്നു. സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലാണ് എഴിക്കാട് എസ്.സി ഉന്നതി. കുളനട, മെഴുവേലി, ആറന്മുള ഗ്രാമപഞ്ചായത്തിലെ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളുടെ ചുമതലയും സ്ഥാപനത്തിനാണ്. ആരോഗ്യ കേന്ദ്രത്തിലേക്കുള്ള പാത, ചുറ്റുമതില്‍, കവാടം, പാര്‍ക്കിംഗ് തുടങ്ങിയവയ്ക്ക് ബ്ലോക്ക് പഞ്ചായത്ത് 50 ലക്ഷം രൂപയും ഇ- ഹെല്‍ത്ത് സൗകര്യങ്ങള്‍ക്ക് ഒമ്പത് ലക്ഷം രൂപയും നല്‍കും.
വൈദ്യുതി ജോലി പുരോഗമിക്കുന്നു.രജിസ്ട്രേഷന്‍, മൂന്ന് ഒ പി കൗണ്ടറുകള്‍, കാത്തിരിപ്പ് കേന്ദ്രം, പ്രാഥമിക പരിശോധന ക്ലിനിക്ക്, ആധുനിക ലാബ്, ശീതികരിച്ച ഫാര്‍മസി, നിരീക്ഷണ, കുത്തിവയ്പ്പ് മുറി, ശ്വാസ്, ആശ്വാസ്സ് ക്ലിനിക്കുകള്‍, കാഴ്ച പരിശോധന, പാലിയേറ്റീവ്, ഫിസിയോ തെറാപ്പി സേവനങ്ങള്‍ മെച്ചപ്പെടുത്തി ജില്ലയിലെ മികച്ച ഇ ഹെല്‍ത്ത് ആരോഗ്യ സ്ഥാപനമാക്കി മാറ്റാനാണ് ബ്ലോക്ക് പഞ്ചായത്തിന്റെ ശ്രമം. ആരോഗ്യകേന്ദ്രത്തോട് അനുബന്ധിച്ച് വനിതാ ജിമ്മും ആരംഭിക്കും. ജൂലൈയില്‍ നാടിനു സമര്‍പ്പിക്കാനാകുമെന്ന് പ്രസിഡന്റ് ബി എസ് അനീഷ് മോന്‍ പ്രത്യാശ പ്രകടിപ്പിച്ചു.
ആനന്ദം…ആരോഗ്യം:വനിതകള്‍ക്ക് യോഗ പരിശീലനവുമായി കോന്നി ഗ്രാമപഞ്ചായത്ത്
വനിതകള്‍ക്ക് സൗജന്യ യോഗ പരിശീലനം ഒരുക്കി കോന്നി ഗ്രാമപഞ്ചായത്ത്. ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് യോഗാ പരിശീലനം. തിങ്കള്‍ മുതല്‍ ശനി വരെ പഞ്ചായത്ത് ഹാളില്‍ രാവിലെ 8.30ന് ക്ലാസ് ആരംഭിക്കും.
ആറുമാസം ദൈര്‍ഘ്യം. ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ് പി അര്‍ച്ചനയ്ക്കാണ് മേല്‍നോട്ടം. പി എസ് ദിലീപാണ് പരിശീലകന്‍. 19 വര്‍ഷമായി യോഗ പരിശീലകനാണ്. ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കാന്‍ യോഗ സഹായിക്കുമെന്ന് ദിലീപ് പറഞ്ഞു. 20- 60 വയസുള്ള 35 അംഗങ്ങളാണ് ഉള്ളത്. യൂണിഫോമും ഇവര്‍ക്കുണ്ട്. അംഗങ്ങള്‍ക്ക് ഡോക്ടറുടെ പരിശോധന നിര്‍ബന്ധം. പഞ്ചായത്ത് വനിതാ കലോത്സവത്തിലും യോഗ പ്രദര്‍ശിപ്പിച്ചു.
ജി എല്‍ പി എസ് കോന്നി, കൈതക്കുന്ന്, പേരൂര്‍കുളം, പൈനാമണ്‍ യു പി സ്‌കൂള്‍ കുട്ടികള്‍ക്കും ദിലീപിന്റെ കീഴില്‍ യോഗ പരിശീലനം നല്‍കുന്നു. 80 കുട്ടികളുണ്ട്. സ്‌കൂള്‍ ദിനങ്ങളില്‍ രാവിലെയാണ് പരിശീലനം.
വനിതകളുടെ മുന്നേറ്റത്തിനായി ജന്‍ഡര്‍ റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം. ഇതിന്റെ ഭാഗമായാണ് യോഗ പരിശീലനം. വനിതകള്‍ക്കായി കൂടുതല്‍ പദ്ധതികള്‍ ഗ്രാമപഞ്ചായത്ത് ആരംഭിക്കുമെന്ന് പ്രസിഡന്റ് ആനി സാബു തോമസ് പറഞ്ഞു.
ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ജൈവവാതക സംവിധാനം
മാലിന്യനിര്‍മാര്‍ജനത്തിന് ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ജൈവ വാതക സംവിധാനം ഒരുക്കി വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത്. മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായാണ് സംവിധാനം. വിദ്യാലയത്തിലെ 200 കിലോ അടുക്കള മാലിന്യം ഇന്ധനവും ജൈവവളവുമാക്കും. സ്വച്ഛ് ഭാരത് മിഷന്‍ ഫണ്ടില്‍ നിന്ന് 12 ലക്ഷം രൂപ വിനിയോഗിച്ചു.
ക്ലീന്‍ വാട്ടര്‍ ക്ലീന്‍ വെച്ചൂച്ചിറയുടെ ഭാഗമായി മാലിന്യ നിര്‍മാര്‍ജനത്തിന് പഞ്ചായത്തില്‍ നിരവധി പദ്ധതികളുണ്ട്. ജില്ലയിലെ ആദ്യ ഗ്രേ വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റിനുള്ള ഒരുക്കത്തിലാണ് പഞ്ചായത്ത്. പ്രതിദിനം ഒന്നരലക്ഷം ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്ന സ്‌കൂളില്‍ 50 ശതമാനം ജലം പുനരുപയോഗിക്കാനാണ് ശ്രമം. ഒന്നര കോടി ചെലവ് പ്രതീക്ഷിക്കുന്നു. കേരള റെയിന്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ് സാനിറ്റേഷന്‍ ഏജന്‍സിയെ പദ്ധതിയുടെ വിശദ രൂപരേഖയ്ക്ക് ചുമതലപ്പെടുത്തിയതായി പഞ്ചായത്ത് പ്രസിഡന്റ് ടി കെ ജെയിംസ് പറഞ്ഞു.
സുസ്ഥിര വികസനം വിരല്‍ത്തുമ്പില്‍:ഡിജിറ്റല്‍ മാപ്പിംഗ് ഡ്രോണ്‍ സര്‍വേയുമായി ഇരവിപേരൂര്‍
ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തില്‍ സുസ്ഥിരവികസനം ലക്ഷ്യമാക്കി ജി.ഐ.എസ് മാപ്പിങ് പദ്ധതിക്ക് തുടക്കം. പഞ്ചായത്ത് പരിധിയിലെ സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ ഒറ്റ ക്ലിക്കില്‍ ലഭ്യം. നൂതന സാങ്കേതികവിദ്യയോടെ പഞ്ചായത്തിലെ മുഴുവന്‍ മനുഷ്യ, പ്രകൃതിവിഭവ വിവരങ്ങളും ശേഖരിച്ച് ആവശ്യാനുസരണം ലഭ്യമാക്കുകയാണ് ലക്ഷ്യം.
വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏഴ് ലക്ഷം രൂപ ആദ്യ ഘട്ടത്തില്‍ വിലയിരുത്തി. ജനക്ഷേമ പദ്ധതിക്ക് ആവശ്യമായവ ശേഖരിക്കുകയാണ് ലക്ഷ്യം. മുഴുവന്‍ വിവരങ്ങളും കണ്ടെത്തി ആസൂത്രണം, പദ്ധതി വിഭാവന നിര്‍വഹണം എന്നിവയ്ക്കായി വെബ് പോര്‍ട്ടല്‍ തയ്യാറാക്കും. ജലസ്രോതസ്, പാതകള്‍ , കെട്ടിടം, തെരുവ് വിളക്കുകള്‍, കുടിവെള്ള പൈപ്പുകള്‍, തോടുകള്‍, കിണറുകള്‍, പാലം, കലുങ്കുകള്‍ എന്നിവയുടെ വിവരശേഖരണം ഡ്രോണ്‍ ഉപയോഗിച്ച് നടത്തും. ജീവനക്കാര്‍ക്ക് സ്ഥലത്ത് നേരിട്ട് എത്താതെ കൃത്യതയോടെ പദ്ധതി ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനുമാകും.
മുഴുവന്‍ കെട്ടിടങ്ങളുടെയും ചിത്രം ഉള്‍പ്പടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി രൂപരേഖ ഒരുക്കുന്നതോടൊപ്പം പാത, സ്ഥല അടയാളം, തണ്ണീര്‍ത്തടങ്ങള്‍, സൂക്ഷ്മതല ഭൂവിനിയോഗ സ്ഥലനിര്‍ണയം എന്നിവ വെബ്‌പോര്‍ട്ടലില്‍ ആവശ്യാനുസരണം പരിശോധിക്കാനാകും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് ചുമതല.
കെട്ടിട വിസ്തീര്‍ണം, കുടുംബ വിവരങ്ങള്‍, വികസന റിപ്പോര്‍ട്ട്, വാര്‍ഡ് വിവരങ്ങള്‍, ഹരിത കര്‍മ സേന ഡേറ്റാ ബാങ്ക് എന്നിവയും സര്‍വേയില്‍ ഉള്‍പ്പെടുന്നു. പഞ്ചായത്തിലെ എല്ലാ വിവരങ്ങളും ഡിജിറ്റലൈസ് ആക്കാനാണ് ശ്രമമെന്ന് പ്രസിഡന്റ് കെ ബി ശശിധരന്‍ പിള്ള പറഞ്ഞു.
ധനസഹായം നല്‍കി
സാമൂഹികനീതി വകുപ്പിന്റെ സ്വാശ്രയ പദ്ധതി ധനസഹായ തുക വിതരണ ഉദ്ഘാടനം ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ കലക്ടറേറ്റില്‍ നിര്‍വഹിച്ചു. തീവ്ര ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരായ വ്യക്തികളെ സംരക്ഷിക്കുന്ന ബിപിഎല്‍ കുടുംബത്തില്‍പെട്ട മാതാവിന്/ രക്ഷകര്‍ത്താവിന് സ്വയംതൊഴില്‍ ആരംഭിക്കുന്നതിന് ധനസഹായം അനുവദിക്കുന്ന പദ്ധതിയാണിത്. എട്ട് വനിതകള്‍ക്ക് പദ്ധതി ധനസഹായം അനുവദിച്ചു. വിജയാമൃതം പദ്ധതിയുടെ ഭാഗമായി ഡിഗ്രി കോഴ്‌സുകള്‍ക്ക് ഉന്നതവിജയം നേടിയ കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡും മൊമെന്റോയും സര്‍ട്ടിഫിക്കറ്റും നല്‍കി.
ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനം
ജില്ലയിലെ മോട്ടര്‍ ആക്‌സിഡന്റ്്‌സ് ക്ലെയിംസ് ട്രൈബ്യൂണല്‍ കോടതിയില്‍ ഗവണ്‍മെന്റ് പ്ലീഡര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നുന്നതിന് ഏഴ് വര്‍ഷത്തില്‍ കുറയാത്ത പ്രാക്ടീസുളള അഭിഭാഷകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 60 വയസ്. അപേക്ഷയോടൊപ്പം മേല്‍വിലാസം, ജനനതീയതി, എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റ്, ജാതി/ മതം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐഡി ഉള്‍പ്പെടെയുളള ഫോട്ടോ പതിച്ച ബയോഡേറ്റയും സഹിതം ഏപ്രില്‍ 15ന് വൈകിട്ട് അഞ്ചിന് മുമ്പ് ജില്ലാ കലക്ടറേറ്റില്‍ ലഭിക്കണം. ഫോണ്‍ : 04682222515.
ട്രഷറി ഇടപാടുകള്‍ക്ക് നിയന്ത്രണം
സാമ്പത്തിക വര്‍ഷാവസാന ഇടപാടുകള്‍ക്ക് ശേഷം ഏപ്രില്‍ ഒന്നിന് ട്രഷറികള്‍ പ്രവര്‍ത്തിക്കുന്നതായിരിക്കും. അന്നേദിവസം ഇടപാടുകള്‍ ഉണ്ടായിരിക്കുന്നതല്ല. ശമ്പള, പെന്‍ഷന്‍ വിതരണം അടുത്ത പ്രവൃത്തി ദിവസം മുതല്‍ മാത്രമായിരിക്കുമെന്ന് ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു.
അധ്യാപക നിയമനം
വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സക്ൂളില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (എച്ച്എസ്എസ്റ്റി ഇംഗ്ലീഷ് ) ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പിഎസ് സി നിയമനത്തിന് നിഷ്‌കര്‍ഷിക്കുന്ന നിശ്ചിത യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. പട്ടികവര്‍ഗ വിഭാഗക്കാരായ നിശ്ചിത യോഗ്യതയും അധ്യാപന നൈപുണ്യവുമുളള അപേക്ഷകര്‍ക്ക് അഭിമുഖത്തില്‍ മുന്‍ഗണന നല്‍കും. യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്, തോട്ടമണ്‍, റാന്നി 689 672 എന്ന വിലാസത്തിലോ [email protected] എന്ന ഇ-മെയിലിലോ അപേക്ഷിക്കാം. അവസാന തീയതി ഏപ്രില്‍ 15. ഫോണ്‍ : 04735 227703.
മെഡിക്കല്‍ ഓഫീസര്‍ നിയമനം
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ഇ.എസ.് ഐ സ്ഥാപനങ്ങളില്‍ കരാര്‍ വ്യവസ്ഥയില്‍ അലോപ്പതി വിഭാഗം മെഡിക്കല്‍ ഓഫീസര്‍മാരെ നിയമിക്കുന്നു. ഏപ്രില്‍ നാലിന് രാവിലെ 10 മുതല്‍ വൈകിട്ട് നാലുവരെ കൊല്ലം റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലാണ് അഭിമുഖം. എംബിബിഎസ് ബിരുദവും ടിസിഎംസി സ്ഥിരം രജിസ്ട്രേഷനുമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും തിരിച്ചറിയല്‍ രേഖയും ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോയുമായി നേരിട്ട് ഹാജരാകണം. പ്രതിമാസ വേതനം – 57525രൂപ. വിലാസം : റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ്, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് (ദക്ഷിണ മേഖല),പോളയത്തോട്, കൊല്ലം. ഫോണ്‍ : 0474-2742341. ഇ-മെയില്‍ : [email protected]
അങ്കണവാടി കം ക്രഷ് ഹെല്‍പ്പര്‍ നിയമനം
പുളിക്കീഴ് ഐസിഡിഎസ് ഓഫീസ് പരിധിയിലെ കടപ്ര പളളിപടി അങ്കണവാടിയില്‍ ആരംഭിക്കുന്ന അങ്കണവാടി കം ക്രഷിലേക്ക് ഹെല്‍പ്പറെ നിയമിക്കുന്നു. ഏപ്രില്‍ മൂന്നിന് വൈകിട്ട് അഞ്ചിന് മുമ്പായി പുളിക്കീഴ് ഐസിഡിഎസ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. യോഗ്യത- എസ്എസ്എല്‍സി.പ്രായപരിധി 18-35. കടപ്ര പഞ്ചായത്ത് ഒന്നാംവാര്‍ഡ് താമസക്കാരിയായിരിക്കണം. ഫോണ്‍: 0469 2610016.
കെട്ടിടനികുതി സ്വീകരിക്കും
കെട്ടിട നികുതി, ഫീസ് എന്നിവ സ്വീകരിക്കുന്നതിന് ഇന്നും നാളെയും (മാര്‍ച്ച് 30, 31) രാവിലെ 10 മുതല്‍ നാലുവരെ കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം അഞ്ചിന്
കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ഏപ്രില്‍ അഞ്ചിന് രാവിലെ 11ന് പത്തനംതിട്ട മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
ലാബ് പ്രവര്‍ത്തനത്തിന് നിയന്ത്രണം
കോന്നി താലൂക്കാശുപത്രിയുടെ ലാബില്‍ ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍ നടക്കുന്നതിനാല്‍ ഏപ്രില്‍ ഒന്നുമുതല്‍ 25 വരെ ലാബ് ഭാഗികമായി മാത്രം പ്രവര്‍ത്തിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു.
മൈലപ്ര ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു
മൈലപ്ര ഗ്രാമപഞ്ചായത്തിലെ 2025-26 വര്‍ഷത്തെ ബജറ്റ് പഞ്ചായത്ത് പ്രസിഡന്റ് രജനി ജോസഫിന്റെ അധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് മാത്യു വര്‍ഗീസ് അവതരിപ്പിച്ചു. 11,86,68,500 രൂപ വരവും 11,62,17,500 രൂപ ചെലവും, 7,49,021 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. റോഡുകളുടെ അറ്റകുറ്റപ്പണി, പാര്‍പ്പിട മേഖല, കുടിവെള്ളം, ശുചിത്വം , തെരുവു വിളക്ക് പരിപാലനം , ആരോഗ്യമേഖല, കാര്‍ഷികമേഖല എന്നിവയ്‌ക്കൊപ്പം ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കിയിട്ടുണ്ട്. കൃഷി മൃഗസംരക്ഷണം എന്നിവയ്ക്ക് 21.8 ലക്ഷം രൂപ, റോഡുകളുടെ അറ്റകുറ്റപ്പണിയ്ക്കും നിര്‍മ്മാണത്തിനുമായി 55 ലക്ഷം രൂപ, പാര്‍പ്പിട മേഖലയില്‍ 1.12 കോടി രൂപ, ആരോഗ്യ മേഖലയില്‍ 17 ലക്ഷം രൂപ, സ്ത്രീകളുടെ വികസനത്തിനായി 15 ലക്ഷം രൂപ, ആസ്തി സംരക്ഷണത്തിന് 10 ലക്ഷം രൂപ, കുടിവെള്ളം, ശുചിത്വം, മാലിന്യ പരിപാലനം എന്നിവയ്ക്കായി 18 ലക്ഷം രൂപ എന്നിങ്ങനെ വകയിരുത്തിയിട്ടുണ്ട്.