
konnivartha.com: പത്തനംതിട്ട കൂടൽ കലഞ്ഞൂർ ജി എച്ച് എസ് എസ്സിനടുത്തുള്ള ഗ്രാമീൺ ബാങ്ക് എ ടി എമ്മിൽ കയറി മോഷണ ശ്രമം നടത്തിയ പ്രതിയെ കൂടൽ പോലീസ് ഉടനടി പിടികൂടി. കൂടൽ കൊന്നേലയ്യം ഈട്ടിവിളയിൽ വടക്കേതിൽ പ്രവീണി(21))നെയാണ് വീട്ടിൽ നിന്നും പിടികൂടിയത്. ഇന്നലെ രാത്രി 12 ഓടെയാണ് സംഭവം.
കൗണ്ടറിനുള്ളിൽ കടന്ന പ്രതി, എ ടി എം മെഷീൻ പൊളിച്ച് കവർച്ചക്ക് ശ്രമിക്കുകയായിരുന്നു. എന്നാൽ ഈസമയം അലാറം പ്രവർത്തിച്ചറിനെതുടർന്ന് ബാങ്ക് അധികൃതർ വിവരം അറിഞ്ഞു. ശ്രമം ഉപേക്ഷിച്ചു കള്ളൻ സ്ഥലം വിട്ടു. പക്ഷെ, സി സി ടി വി യിൽ ഇയാളുടെ മുഖം പതിഞ്ഞിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദേശസമനുസരിച്ച് കൂടൽ പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കി രാത്രി തന്നെ പ്രതിയെ കണ്ടെത്തി കസ്റ്റഡിയിലെടുത്തു . കവർച്ചാശ്രമത്തിനും, പൊതുമുതൽ നശിപ്പിച്ചതിനും കേസെടുത്തു.
രണ്ട് വർഷം മുമ്പ് കലഞ്ഞൂർ ജി എച്ച് എസ് എസ്സിൽ അതിക്രമിച്ചു കയറി ക്ലാസ്സ് മുറികളുടെയും എൻ സി സി റൂമിന്റെയും ജനലുകളും, സ്കൂൾ പരിസരത്തുണ്ടായിരുന്ന കാറുകളുടെയും കടകളുടെയും ഗ്ലാസുകളും, സി സി ടി വി കളും നശിപ്പിച്ച കേസിൽ പ്രതിയാണ് ഇയാൾ. ഈ കേസിൽ പോലീസ് അന്വേഷണം പൂർത്തിയാക്കി 2023 ഡിസംബർ 31 ന് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.
ബാങ്കിന്റെ ശാഖയോട് ചേർന്നുതന്നെയാണ് എ ടി എം കൗണ്ടർ. സുരക്ഷാ ചുമതലയുള്ള ഏജൻസി, അലാറം മുഴങ്ങിയപ്പോൾ തന്നെ, മാനേജർ കൊല്ലം തൊടിയൂർ സ്വദേശി ജെനു ജാസിനെ വിളിച്ചറിയിച്ചു. ഒപ്പം പോലീസ് സ്റ്റേഷനിലും അറിയിച്ചു.
മാനേജർ ഉടനെ സ്ഥലത്തെത്തി, പണം പുറത്തേക്ക് വരുന്ന മെഷീൻറെ ഭാഗത്തിന്റെ അടിയിലെ വാതിൽ ഇളകിയത് കണ്ടു. എഞ്ചിനീയറിംഗ് വിഭാഗത്തിലെ വിദഗ്‌ദ്ധർ നടത്തിയ പരിശോധനയിൽ പണം നഷ്ടമായില്ല എന്ന് ബോധ്യപ്പെട്ടു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കോന്നി ഡി വൈ എസ് പി ടി രാജപ്പന്റെ മേൽനോട്ടത്തിൽ പോലീസ് ഇൻസ്‌പെക്ടർ സി എൽ സുധീറിന്റെ നേതൃത്വത്തിലാണ് അന്വേഷണം