Trending Now

കാണാതായ യുവതിയെ തേടി കോയമ്പത്തൂർ ക്രൈം ബ്രാഞ്ച് പത്തനംതിട്ടയില്‍ എത്തി

konnivartha.com: 2014 ൽ കാണാതായ തമിഴ്നാട് സ്വദേശിനിയായ യുവതിക്കുവേണ്ടിയുള്ള അന്വേഷണം കോയമ്പത്തൂർ ക്രൈം ബ്രാഞ്ച് സി ഐ ഡി വിഭാഗം ഊർജ്ജിതമാക്കി. പോലീസ് സംഘം പത്തനംതിട്ടയിലെത്തി വ്യാപകമായ അന്വേഷണം നടത്തി.

കാണാതാവുമ്പോൾ 38 വയസിനടുത്ത് പ്രായമുണ്ടായിരുന്ന കമ്പ്യൂട്ടർ എഞ്ചിനീയറിങ്ങിൽ ബിരുദമുള്ള ധരിണി (38) ( അച്ഛൻ ഷൺമുഖം ) അവിവാഹിതയാണ്. 2014 സെപ്റ്റംബർ 17 ന് തമിഴ്നാട് കരുമത്താംപട്ടിയിലെ വീട്ടിൽ നിന്നാണ് ഇവരെ കാണാതായത്. ഒറ്റയ്ക്ക് യാത്രകൾ ചെയ്യുന്ന പ്രകൃതമുള്ള ധരിണി ആരാധനാലയങ്ങളിലെ സന്ദർശനത്തിൽ അതീവ തല്പരയായിരുന്നെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടിരുന്നു. സ്കൂളുകളിലോ കോളേജിലോ ട്യൂഷൻ സെന്ററുകളിലോ ജോലി ചെയ്യാനുള്ള സാധ്യതയുള്ളതായി പോലീസ് കരുതുന്നുണ്ട്.

തിരുപ്പൂർ അവിനാഷി തിരുമുരുഗൻ ബൂണ്ടി അണ്ണാ സ്ട്രീറ്റ് ന്യൂ നമ്പർ 32/64, (ഓൾഡ് നമ്പർ 7/65) വിലാസത്തിലും, കോയമ്പത്തൂർ ഡിസ്ട്രിക്ട് കരുമത്താംപട്ടി തേർഡ് സ്ട്രീറ്റ് കുങ്കുമാ നഗർ ഡോർ നമ്പർ 13 എന്ന വിലാസത്തിലും ഇവർ താമസിച്ചിരുന്നു. കോയമ്പത്തൂർ ക്രൈം ബ്രാഞ്ച് സി ഐ ഡി വിഭാഗം അന്വേഷണം ഏറ്റെടുത്തത് 2023 ലാണ്. ഒന്നിലധികം മെയിൽ ഐഡി ഉള്ള യുവതിയുടെ മെയിൽ ഐഡികൾ പിന്തുടർന്ന് മുമ്പ് അന്വേഷണം നടന്നിരുന്നു.

2015 ഫെബ്രുവരി 27 ന് ഇവർ ചെങ്ങന്നൂർ മുതൽ പത്തനംതിട്ട സ്റ്റേഡിയം വരെ യാത്ര ചെയ്തതായി വ്യക്തമായിരുന്നു.ഈദിവസത്തിന് ശേഷം ഇവരുടെ മെയിൽ ഐഡി പ്രവർത്തനക്ഷമാമായിട്ടില്ല. തുടർന്ന് ഇത് ഒഴിവാക്കിയതായും കണ്ടെത്തി.സാമൂഹിക മാധ്യമങ്ങൾ ഉപയോഗിച്ചിരുന്നു. യുവതിയെ സംബന്ധിച്ച് ഉപകാരപ്രദമായ വിവരങ്ങൾ നൽകുന്നവർക്ക് അർഹമായ പാരിതോഷികം നൽകുമെന്ന് ക്രൈം ബ്രാഞ്ച് സി ഐ ഡി വിഭാഗം അറിയിച്ചു.
അടയാളവിവരം
ഉയരം 5.7 അടി, വെളുത്തനിറം, കണ്ണട ധരിച്ചിട്ടുണ്ട്. വലതുവശം ചെള്ളയിൽ ചെറിയ അരിമ്പാറ ഉണ്ട്.
ബന്ധപ്പെടേണ്ട ഫോൺ നമ്പരുകൾ
ക്രൈം ബ്രാഞ്ച് സി ഐ ഡി വിഭാഗം കോയമ്പത്തൂർ സിറ്റി 0422-2380250,
സി ബി സി ഐ ഡി ഇൻസ്‌പെക്ടർ,
കോയമ്പത്തൂർ സിറ്റി 9498174173,
9498104330

error: Content is protected !!