
ഇന്ന് ലോകവനദിനം
konnivartha.com: ചുട്ടുപൊള്ളുന്ന ഈ കാലഘട്ടത്തില്‍ പ്രകൃതി ഒരുക്കിയ നേര്‍മ്മയുടെ കുളിര്‍തെന്നല്‍ വീശുന്ന ആവാസ്ഥ വ്യവസ്ഥ പൂര്‍ണ്ണമായും അനുഭവിച്ചു അറിയണം എങ്കില്‍ കോന്നിയിലെ ഈ വീട്ടിലേക്ക് കടന്നു വരിക . പ്രകൃതിയെ എങ്ങനെ സംരക്ഷിക്കണം എന്ന് വാക്കുകളില്‍ അല്ല പ്രവര്‍ത്തിയിലൂടെ കാലങ്ങളായി കാണിച്ചു തന്നു മാതൃകയായ മുന്‍ സഹകരണ സംഘം ജീവനക്കാരനെ കാണുക .
ഇത് സലില്‍ വയലാത്തല . കോന്നി മങ്ങാരം .ഒരു കുടുംബം മുഴുവന്‍ ലോകത്തോട് വിളിച്ചു പറയുന്നത് ഈ സന്ദേശം മാത്രം “പരിസ്ഥിതി സൌഹാര്‍ദ്ദമായ വികസനമാണ് നടപ്പില്‍ വരുത്തേണ്ടത് ” . സൂര്യതാപം കൂടുന്ന അന്തരീക്ഷത്തില്‍ വീട്ടു പറമ്പില്‍ ആകെ മരങ്ങള്‍ തണല്‍ വിരിച്ചു നില്‍ക്കുന്നു . കരിയിലകള്‍ തൂത്ത് കളയാതെ മണ്ണില്‍ അലിയിക്കുന്നു .അതില്‍ അനേക കോടി സൂക്ഷ്മ ജീവികള്‍ കാലാവസ്ഥ നിയന്ത്രിച്ചു നിലനിര്‍ത്തുന്നു . കൊടും ചൂടില്‍ വലയുന്ന മാനവര്‍ ഇവിടെ എത്തി ഒന്ന് വിശ്രമിക്കുക . എല്ലാ ക്ഷീണവും മാറും . നിറയെ വായു സഞ്ചാരം . മരങ്ങളില്‍ ചേക്കേറിയ അനേകായിരം പറവകള്‍ , മരത്തില്‍ അനേക ചെറു സസ്യങ്ങള്‍ വള്ളികളായി പടര്‍ന്നു മണ്ണിനെ പരിപോഷിപ്പിക്കുന്നു . ഭൂമിയ്ക്ക് ഉള്ളില്‍ നിന്നും അനേകായിരം മണ്ണിരകള്‍ കൊണ്ട് വന്ന മൂലകങ്ങള്‍ അടങ്ങിയ മണ്ണ് കൊണ്ട് തീര്‍ത്ത കുരിച്ചിലുകള്‍ മണ്ണിനെ നനവാര്‍ന്ന പ്രതലമാക്കി . പ്രകൃതി ഒരുക്കിയ സ്വാഭാവിക അന്തരീക്ഷം നുകരണം എങ്കില്‍ കടന്നു വരാം .
പേരറിയാത്ത അനേകായിരം കിളികളുടെ പാട്ടുകേട്ടാണ് രാവിലെ വീട്ടുകാര്‍ എല്ലാവരും ഉണരുന്നത് .ഉണര്‍ന്നാല്‍ ഉടന്‍ തന്നെ എല്ലാവരും മുറ്റത്തേക്ക് ഇറങ്ങും . കയ്യില്‍ വെള്ളവും അന്നവും കാണും .
ആദ്യം ചെയ്യുന്നത് പറമ്പിലെ അനേക സ്ഥലത്ത് കിളികൾക്ക് വെള്ളവും ധാന്യവും വെയ്ക്കുക എന്നുള്ളതാണ്. അതിനായി പ്രത്യേക സ്ഥലം ഉണ്ട് . കിളികളും അണ്ണാറക്കണ്ണമാരും ഉറുമ്പില്‍ തൊട്ട് ഉള്ള ഉരഗ വര്‍ഗ്ഗങ്ങളും എല്ലാം ജീവ ജലം കുടിക്കുന്നതും വിശപ്പ് അടക്കുന്നതും എല്ലാം ഒരേ സ്ഥലത്ത് നിന്നുമാണ് . ഇവരെല്ലാം കഴിഞ്ഞ 25 വർഷമായി എല്ലാ ദിവസവും മുടങ്ങാതെ ഇത് ചെയ്തുവരുന്നു. തൈകൾ നടുക മാത്രമല്ല അവയെ പരിപാലിക്കുന്നതിലും ശ്രദ്ധിക്കുന്നുണ്ട്.50 വർഷത്തിലധികം പ്രായമുള്ള മരങ്ങൾ പറമ്പിലുണ്ട്. കിണർ ഒരിക്കലും വറ്റിയിട്ടില്ല എന്നത് ആണ് പ്രത്യേകത . വിവിധങ്ങളായ വേര് പടലങ്ങളിലൂടെ ഊര്‍ന്ന് ഇറങ്ങിയ ശുദ്ധ ജലം .
പ്രകൃതിയെ സംരക്ഷിച്ചു നിലനിർത്താതെ മനുഷ്യൻ ഉൾപ്പെടെ ഒരു ജീവജാലങ്ങൾക്കും ഭൂമിയില്‍ ജീവിക്കുവാൻ കഴിയുകയില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നു.നല്ല പരിസ്ഥിതിയും നല്ല വ്യക്തികളും ആണ് നല്ല സമൂഹം വാര്‍ത്തെടുക്കുന്നത് . ഈ കാലത്തിലെ പ്രസക്തിയും അത് തന്നെ . കോന്നി അരുവാപ്പുലം സഹകരണ സംഘത്തിലെ ജീവനക്കാരന്‍ ആയിരുന്നു സലില്‍ വയലാത്തല . നാടിന്‍റെ സ്പന്ദമായ കോന്നി പബ്ലിക്ക് ലൈബ്രറിയുടെ അമരക്കാരന്‍ ,പതിനായിരക്കണക്കിനു അറിവ് പകരുന്ന ചെറുതും വലുതുമായ ആനുകാലിക -പുസ്തക -പത്ര ശേഖരങ്ങളുടെ കലവറ കൂടിയാണ് ഈ ഭവനം . ലാറി ബേക്കറുടെ ഭാവനയില്‍ വിടര്‍ന്ന ചെറു ഭവനം . തീര്‍ത്തും പ്രകൃതി ഇവിടെ ഓടി കളിക്കുന്നു . പ്രകൃതിയുടെ ഉല്ലാസ ഭാവങ്ങള്‍ നേരില്‍ അറിയാന്‍ ഇവിടെ വരൂ .. പ്രകൃതിയെ അറിയാം .