
ആക്രമിച്ച് തലയടിച്ചുപൊട്ടിച്ച കേസിൽ മൂന്ന് പ്രതികൾക്ക് 20 വർഷം വീതം കഠിനതടവും 45000 വീതം പിഴയും
konnivartha.com: മുൻവിരോധം കാരണം ലിവർ സ്പാനർ, ഇരുമ്പുകമ്പി, തടികഷ്ണം എന്നീ മാരകായുധങ്ങൾ കൊണ്ട് തലയ്ക്കടിച്ച് തലയോട്ടിക്ക് ഗുരുതര പരിക്കുകൾ ഏൽപ്പിച്ച കേസിൽ മൂന്ന് പ്രതികൾക്ക് 20 വർഷം വീതം കഠിനതടവും 45000 രൂപ വീതം പിഴയും ശിക്ഷ.
പത്തനംതിട്ട അഡിഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി മൂന്ന് ജഡ്ജി ഡോ. പി കെ ജയകൃഷ്ണന്റേതാണ് വിധി. തണ്ണിത്തോട് പോലീസ് 2017 ൽ രജിസ്റ്റർ ചെയ്ത കുറ്റകരമായ നരഹത്യാശ്രമകേസിലെ ഒന്നുമുതൽ മൂന്നുവരെ പ്രതികളായ തണ്ണിത്തോട് മണ്ണിറ നെടുമ്പുറത്ത് വീട്ടിൽ ബിനോയ് മാത്യു( 50), തണ്ണിത്തോട് മേക്കണ്ണം കൊടുംതറ പുത്തൻവീട്ടിൽ , ലിബിൻ കെ മത്തായി(29), സഹോദരൻ എബിൻ കെ മത്തായി (28)എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തി കോടതി ശിക്ഷിച്ചത്.
തണ്ണിത്തോട് മണ്ണിറ പറങ്ങിമാവിള വീട്ടിൽ സാബു (33) വിനെയാണ് ജോലി കഴിഞ്ഞു വീട്ടിലേക്കുള്ള യാത്രയ്ക്കിടെ 2017 മാർച്ച് 31 ന് വൈകിട്ട് 5.30 ന് ഈറച്ചപ്പാത്തിൽ വച്ച് പ്രതികൾ ആക്രമിച്ച് മാരകമായി പരിക്കേൽപ്പിച്ചത്. തോളിലും ഗുരുതരമായ പരിക്കുപറ്റി, വഴിയാത്രക്കാർ ഇയാളെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കുകയായിരുന്നു.
പ്രതികൾ പിഴ അടയ്ക്കുന്നെങ്കിൽ ഒരു ലക്ഷം രൂപ സാബുവിന് നൽകാനും വിധിച്ചു. അടയ്ക്കു
ന്നില്ലെങ്കിൽ 15 മാസത്തെ അധികതടവ് അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ ബി ബിന്നി കോടതിയിൽ ഹാജരായി. തണ്ണിത്തോട് എസ് ഐ ആയിരുന്ന എ ആർ ലീലാമ്മ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും, എസ് ഐ ബീനാ ബീഗം അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.പ്രോസിക്യൂഷൻ നടപടികളിൽ എസ് സി പി ഓ കിരൺ പങ്കാളിയായി.