Trending Now

സ്ത്രീകളുടെ മാല പറിക്കുന്ന രണ്ടംഗ സംഘം കോന്നിയില്‍ പിടിയിൽ

 

konnivartha.com: കഞ്ചാവ് വാങ്ങുന്നതിന് വേണ്ടി ബൈക്കിൽ കറങ്ങിനടന്ന് സ്ത്രീകളുടെ മാല പറിക്കുന്ന രണ്ടംഗ സംഘത്തെ കോന്നി പോലീസ് വിദഗ്ദ്ധമായി വലയിലാക്കി. ഇപ്പോൾ കുമ്പഴ തുണ്ടമൺകരയിൽ താമസിക്കുന്ന തണ്ണിത്തോട് മണ്ണീറ ചാങ്ങയിൽ കിഴക്കതിൽ വിമൽ സുരേഷ് (21), വടശ്ശേരിക്കര മനോരമ ജംഗ്ഷനിൽ മൗണ്ട് സിയോൺ സ്കൂളിന് സമീപം അരുവിക്കൽ ഹൗസിൽ സൂരജ് എം നായർ(21) എന്നിവരാണ് അറസ്റ്റിലായത്.

ഫെബ്രുവരി 20 ന് കോന്നി പോലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവന്ന മാല പറിക്കാൻ ശ്രമിച്ച കേസിൽ ഊർജ്ജിതമാക്കിയ അന്വേഷണത്തിനൊടുവിലാണ് യുവാക്കൾ കുടുങ്ങിയത്.

11 ന് ഇവർ കേരള എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യുന്നതായി വിവരം ലഭിച്ചതുപ്രകാരം ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസ് സ്റ്റേഷനിൽ എത്തിച്ച് കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയപ്പോൾ ഫെബ്രുവരി 21 ന് വൈകുന്നേരം 4. 30 ന് ബൈക്കിൽ യാത്ര ചെയ്ത് കോന്നി മ്ലാന്തടത്ത് വെച്ച് സ്ത്രീയുടെ സ്വർണമാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചതും, 20 ന് ഉച്ചക്ക് 2.30 ന് കോന്നി ആഞ്ഞിലികുന്ന് വെച്ച് സ്കൂട്ടറിൽ യാത്ര ചെയ്ത് മറ്റൊരു സ്ത്രീയുടെ സ്വർണ്ണമാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചതും വെളിപ്പെടുത്തി. ഇതുപ്രകാരം രണ്ട് കവർച്ചാ ശ്രമക്കേസുകൾ കൂടി പ്രതികൾക്കെതിരെ രജിസ്റ്റർ ചെയ്തു, അറസ്റ്റ് രേഖപ്പെടുത്തി.

പ്രതികളുടെ ദേഹപരിശോധന നടത്തിയപ്പോൾ ഉണങ്ങിയതും പച്ചയുമായ കഞ്ചാവ് ഇവരിൽ നിന്നും പിടിച്ചെടുക്കുകയും ചെയ്തു. വിൽപ്പനക്കായി ഇവ സൂക്ഷിച്ചതിനു കേസെടുത്തു. യുവാക്കൾ ലഹരി ഉപയോഗിക്കുന്നവരാണെന്നും, ലഹരിവസ്തുക്കൾ വാങ്ങുന്നതിന് പണം കണ്ടെത്താനാണ് മാല പറിക്കാൻ തുടങ്ങിയതെന്നും പോലീസിനോട് വെളിപ്പെടുത്തി. എന്നാൽ മൂന്നുവട്ടവും ഇവരുടെ ശ്രമം പാളുകയായിരുന്നു. ഇരുവരും ഇത്തരം കുറ്റകൃത്യത്തിൽ ഉൾപ്പെടുന്നതു ആദ്യമായാണെന്നും, എന്നാൽ രണ്ടാം പ്രതി സൂരജ് റാന്നി പോലീസ് സ്റ്റേഷനിലെ ഒരു കഞ്ചാവ് കേസിൽ പ്രതിയായിട്ടുണ്ടെന്നും ചോദ്യം ചെയ്യലിൽ വ്യക്തമായി.

സ്ത്രീകളുടെ മാല പറിക്കാൻ ശ്രമിച്ചപ്പോൾ സഞ്ചരിച്ച വാഹനങ്ങൾ ഒന്നാം പ്രതി വിമലിന്റെ മാതാപിതാക്കളുടെ പേരിലുള്ളതാണ്. ഇരുവർക്കുമേതിരെ ആദ്യകേസ് ഈവർഷം ഫെബ്രുവരി 20 നാണ് രജിസ്റ്റർ ചെയ്യുന്നത്. ഉച്ചയ്ക്ക് രണ്ടിന് ഇളക്കള്ളൂർ പേരമ്പക്കാവ് വച്ചാണ് ഇളക്കള്ളൂർ മണ്ണുംഭാഗം കോട്ടൂർ വീട്ടിൽ ശ്രീലേഖയുടെ മാല പറിക്കാൻ ശ്രമിച്ചത്. ഇളക്കള്ളൂർ പള്ളിപ്പടി ഭാഗത്തേക്ക് നടന്നു പോവുകയായിരുന്നു വീട്ടമ്മ. മെറൂൺ നിറത്തിലുള്ള ആക്ടീവ സ്കൂട്ടറിലാണ് യുവാക്കൾ യാത്ര ചെയ്തത്. സ്കൂട്ടർ ഓടിച്ച വിമൽ കറുത്ത ഹെൽമറ്റ് ധരിച്ചിരുന്നു. പിന്നിലിരുന്ന സൂരജ് ഡിസൈനുള്ള ഹെൽമറ്റ് ആണ് ധരിച്ചിരുന്നത്. രണ്ടുലക്ഷം രൂപ വില വരുന്ന രണ്ടര പവൻ സ്വർണമാലയാണ് പ്രതികൾ കവർന്നെടുക്കാൻ ശ്രമിച്ചത്.

ശ്രീലേഖയുടെ അടുക്കലെത്തിയപ്പോൾ സൂരജ് അവരുടെ കഴുത്തിൽ ശക്തമായി അടിച്ചു. തുടർന്ന് മാലവലിച്ചു പൊട്ടിച്ച് കടന്നു കളയാൻ ശ്രമിക്കവെ ഇയാളുടെ കയ്യിൽ നിന്നും മാല യാദൃശ്ചികമായി താഴെ വീഴുകയായിരുന്നു. സ്ത്രീ ബഹളം വെച്ചതും , ആ സമയം അതുവഴി ഒരു പെട്ടി ഓട്ടോ വന്നതും കാരണമായി യുവാക്കൾ മാല ഉപേക്ഷിച്ച് രക്ഷപ്പെട്ടു കടന്നു. കഴുത്തിലേറ്റ അടി കാരണം ശ്രീലേഖയ്ക്ക് കടുത്ത വേദന അനുഭവപ്പെടുകയും, പെട്ടെന്ന് ഉണ്ടായ ആക്രമണത്തിൽ ഭയചകിതയാവുകയും ചെയ്തു. കൂടാതെ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് ഇൻസുലേഷൻ ടേപ്പ് കൊണ്ട് മറച്ച കാരണത്താൽ അവർക്ക് വാഹനത്തെ തിരിച്ചറിയാനും സാധിച്ചിരുന്നില്ല. പിന്നീട് മാല പൊട്ടി പോയത് വിളക്കിച്ചേർക്കുന്നതിന് 3000 രൂപ ചിലവാകുകയും ചെയ്തു.

സംഭവത്തിൽ അന്നുതന്നെ കോന്നി പോലീസ് കേസ് രജിസ്റ്റർ ചെയ്തു, പോലീസ് ഇൻസ്പെക്ടർ പി ശ്രീജിത്ത്‌ അന്വേഷണം ആരംഭിച്ചു. സ്ഥലത്തെയും മറ്റും നൂറോളം സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചത്തിന്റെ അടിസ്ഥാനത്തിൽ സ്കൂട്ടർ ഏത് ഇനത്തിൽ പെട്ടതാണെന്ന് മനസ്സിലായി. മെറൂൺ നിറത്തിലുള്ള സ്കൂട്ടറുകളുടെ വിവരം കിട്ടാനായി കോഴഞ്ചേരി പത്തനംതിട്ട ആർടിഒ ഓഫീസുകൾക്ക് അപേക്ഷ നൽകുകയും, അവ ലഭ്യമാക്കുകയും ചെയ്തു. തുടർന്ന് ഈ വാഹനങ്ങളുടെ ഉടമസ്ഥരെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു. സംശയകരമായി വന്ന ഫോൺ നമ്പറുകൾ പരിശോധിക്കുകയും, വിശകലനം ചെയ്യുകയും ചെയ്തു. അങ്ങനെ സംഭവസമയം സ്ഥലത്ത് പ്രതികളുടെ സാന്നിധ്യം പോലീസ് സംഘം മനസ്സിലാക്കി.

ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പ്രതികളെ കുടുക്കാൻ ഇടയാക്കിയത്. കണ്ണൂർ ഇരിക്കൂർ ഭാഗത്തും തുടർന്ന് ആന്ധ്രയിലും ന്യൂ ഡൽഹിയിലും പ്രതികളുടെ ലൊക്കേഷൻ ലഭിച്ചു. പിന്നീടുള്ള ലൊക്കേഷനിൽ നിന്നും ഇവർ തെക്കൻ കേരളത്തിലേക്ക് കടന്നുവെന്ന് വെളിവായി. കേരള എക്സ്പ്രസ് ട്രെയിനിൽ പ്രതികളുടെ തിരിച്ചുള്ള യാത്ര മനസ്സിലാക്കിയ പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ചങ്ങനാശേരി റെയിൽവേ സ്റ്റേഷൻ എത്തി. ട്രെയിനിൽ നിന്ന് ഇറങ്ങി വന്ന പ്രതികളെ 11 ന് രാത്രി 7.30 ന് കയ്യോടെ പിടികൂടുകയായിരുന്നു. സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യംചെയ്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് രേഖപ്പെടുത്തി. ഇവരുടെ മൊബൈൽ ഫോണുകളും കൈവശം കണ്ടെത്തിയ കഞ്ചാവും പിടിച്ചെടുത്തു. വൈദ്യ പരിശോധന ഉൾപ്പെടെയുള്ള നടപടികൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുറ്റകൃത്യത്തിൽ ഉപയോഗിച്ച സ്കൂട്ടറും ബൈക്കും പിടിച്ചെടുത്തു.

 

കുറ്റസമ്മതപ്രകാരം രജിസ്റ്റർ ചെയ്ത ഒരു കേസിൽ പരാതിക്കാരിയായ പുനലൂർ ഏരൂർ നെടിയറ മണലിപ്പച്ച ശശി വിലാസം വീട്ടിൽ ലതയെന്ന ബിന്ദു മോളെ(46)സ്റ്റേഷനിൽ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി, പ്രതികളെ കാണിച്ച് തിരിച്ചറിഞ്ഞു. മറ്റൊരു കേസിൽ ആഞ്ഞിലിക്കുന്നു കൊല്ലൻപറമ്പിൽ ആശ ( 39 )യേയും സ്റ്റേഷനിൽ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി, പ്രതികളെ കാണിച്ച് തിരിച്ചറിയുകയും ചെയ്തു.ബിന്ദു മോളുടെ മാല പറിച്ചെടുക്കാൻ പ്രതികൾ ശ്രമിച്ചത് 21 ന് വൈകിട്ട് 4.30 ന് മ്ലാന്തടത്ത് വച്ചാണ്. വിമലിനെ പിന്നിൽ ഇരുത്തി സൂരജ് ആണ് ബൈക്ക് ഓടിച്ചത്.

നമ്പർ പ്ലേറ്റ് ഇൻസുലേഷൻ ടേപ്പ് ഒട്ടിച്ച് മറച്ചിരുന്നു. 21 ന് ഉച്ചക്ക് രണ്ടിനു കുമ്പഴയിലെത്താൻ വിമൽ സൂരജിനോട് ആവശ്യപ്പെട്ടു. സ്കൂട്ടറിൽ മാല പൊട്ടിക്കുമ്പോൾ ബാലൻസ് നഷ്ടപ്പെടുന്നതുകൊണ്ട്, ബൈക്ക് എടുക്കുകയായിരുന്നു. കുമ്പഴയിൽ നിന്നും മെയിൻ റോഡ് വഴി മുറിഞ്ഞകൽ എത്തി, പിന്നീട് തിരിച്ച് കോന്നിയ്ക്ക് വരും വഴി മ്ലാന്തടത്ത് വച്ച് മാല കവർന്നെടുക്കാൻ ശ്രമിക്കുകയായിരുന്നു. സൂരജ് ആണ് ബൈക്ക് ഓടിച്ചത്. സ്ത്രീക്ക് അരികിലെത്തിയപ്പോൾ പിന്നിലിരുന്ന വിമൽ എഴുന്നേറ്റുനിന്ന് കഴുത്തിലെ മാല പൊട്ടിക്കാൻ ശ്രമിച്ചു. എന്നാൽ മാലയിൽ പിടുത്തം കിട്ടിയില്ല, ശ്രമം പരാജയപ്പെട്ട് പ്രതികൾ തുടർന്ന് സ്ഥലം വിടുകയായിരുന്നു.

അടുത്ത കവർച്ചാശ്രമത്തിൽ യുവാക്കൾ ബൈക്കിന് പകരം സ്കൂട്ടർ വീണ്ടും ഉപയോഗിച്ചു. ഇത്തവണ വിമൽ ആണ് സ്കൂട്ടർ ഓടിച്ചത്. കോന്നി വെട്ടൂർ റോഡിൽ ആഞ്ഞിലിക്കുന്നിലാണ് 29 ന് ഉച്ചക്ക് 2.30 ന് മാല കവർന്നെടുക്കാൻ ശ്രമിച്ചത്. ഇളക്കൊള്ളൂർ മെയിൻ റോഡിലൂടെ കോന്നി ടൗൺ വഴി കോന്നി വെട്ടൂർ റോഡിലൂടെ യാത്രചെയ്ത് സൂരജിനെ വീട്ടിലാക്കാൻ വടശ്ശേരിക്കരയ്ക്ക് പോകുമ്പോഴായിരുന്നു ഈ കവർച്ചാശ്രമം. ആഞ്ഞിലിക്കുന്നിൽ ബസ് ഇറങ്ങി റോഡ് വക്കിലൂടെ നടന്നുപോയ ആശയെ കാണുകയും സ്കൂട്ടർ അരികിൽ ചേർന്ന് വേഗത കുറച്ച് ഓടിക്കുകയും, വിമലിന്റെ നിർദ്ദേശപ്രകാരം സൂരജ് മാല കവരാൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ മാല ഇവരുടെ ഷാളിൽ കുരുങ്ങിയത് കാരണം പറിച്ചെടുക്കാൻ സാധിച്ചില്ല.

മൂന്ന് സ്ഥലങ്ങളിലായി പകൽ സമയം ഒറ്റയ്ക്ക് നടന്നുപോയ സ്ത്രീകളെ ഭീതി സൃഷ്ടിച്ച് ആക്രമണം നടത്തി മാല കവർന്നെടുക്കാൻ ശ്രമിച്ച യുവാക്കൾ ലഹരിക്കടിമകളാണെന്ന് വെളിവായി. ഇതുകാരണം ആർജ്ജിച്ച അതിധൈര്യമാവണം പട്ടാപ്പകൽ കവർച്ചയ്ക്ക് പ്രതികൾ ഒരുമ്പെ ട്ടത് എന്ന് പോലീസ് കരുതുന്നു. ലഹരി വസ്തുക്കൾ വാങ്ങുന്നതിനു വേണ്ടിയാണ് ഇത്തരത്തിൽ കവർച്ചാശ്രമങ്ങൾ നടത്തിയതെന്ന് ഇവർ പോലീസിനോട് സമ്മതിച്ചു. കഞ്ചാവ് വാങ്ങാൻ വേണ്ടി ഡൽഹിയിൽ പോയതാണെന്നും വെളിപ്പെടുത്തി. കഞ്ചാവ് വാങ്ങി തിരികെ വരും വഴിയാണ് അന്വേഷണസംഘത്തിന്റെ വലയിലായത്.

നാടിനെ ഭീതിയിലാഴ്ത്തിയ 21 കാരായ പ്രതികൾ ലഹരിക്കടിപ്പെട്ട് കൂടുതൽ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ വ്യക്തമാകുന്നതിനു അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് കോന്നി പോലീസ്. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ഊർജ്ജിതമാക്കിയ അന്വേഷണത്തിൽ കോന്നി ഡി വൈ എസ് പി ടി രാജപ്പൻ മേൽനോട്ടം വഹിച്ചു. പ്രതികളെ വിദഗ്ദ്ധമായി കുടുക്കിയ സംഘത്തിൽ പോലീസ് ഇൻസ്‌പെക്ടർ പി ശ്രീജിത്ത്‌, പ്രോബെഷൻ എസ് ഐ ദീപക്ക്, എസ് ഐ പ്രഭ,എ എസ് ഐ അഭിലാഷ്, സി പി ഓ മാരായ അരുൺ, രഞ്ജിത്ത്, അഖിൽ എന്നിവരാണ് ഉണ്ടായിരുന്നത്.

error: Content is protected !!