
മാലിന്യം വലിച്ചെറിഞ്ഞാല്‍ പിടിവീഴും:’ക്യാമറകെണി’ ഒരുക്കി പഞ്ചായത്ത്
എത്രപറഞ്ഞിട്ടും കേള്‍ക്കാത്ത, മാലിന്യമെറിയല്‍ ശീലമാക്കിയവര്‍ കോന്നിയിലുണ്ടെങ്കില്‍ ഇനി സൂക്ഷിക്കണം. നിയമലംഘനം ‘മിഴിവോടെ’ തെളിവാക്കാന്‍ ഇവിടെയെല്ലാമുണ്ട് ക്യാമറകള്‍! ശുചിത്വപാലനം സമ്പൂര്‍ണമാക്കി നാലാളെ അറിയിക്കാനും പ്രചോദനമേകാനും തുടങ്ങുമ്പോഴൊക്കെ മാലിന്യവുമായി വിരുതന്മാര്‍ എത്തുന്നുവെന്ന് കണ്ടതോടെയാണ് പഞ്ചായത്ത് ഭരണസമിതി സി.സി.ടി.വി എന്ന ‘ആയുധം’ പ്രയോഗിക്കാന്‍ തീരുമാനിച്ചത്.
തീരുമാനം കാലതാമസംകൂടാതെ നടപ്പിലാക്കുന്നതാണ് ഇപ്പോള്‍ കാണാനാകുക.
മാലിന്യസംസ്‌കരണം മികവുറ്റരീതിയില്‍ നടപ്പിലാക്കുന്നതിന്റെ തുടര്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ക്യാമറകള്‍ കോന്നിയുടെ മുക്കിലും മൂലയിലേക്കുമെത്തിയത്. 2024-25 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപ വിനിയോഗിച്ചാണ് ക്യാമറകള്‍ സ്ഥാപിച്ചത്. ആകെ 35 ക്യാമറകള്‍. വാഹനങ്ങളുടെ നമ്പര്‍പ്ലെയ്റ്റ് തിരിച്ചറിയാന്‍ കഴിയുംവിധമുള്ള ആധുനിക ക്യാമറകളാണ് എല്ലാം.
പഞ്ചായത്ത് കെട്ടിടത്തില്‍ പ്രസിഡന്റിന്റെ ഓഫീസ് മുറിയില്‍ നിന്നാണ് ക്യാമറകളുടെ നിയന്ത്രണം. പഞ്ചായത്ത് സെക്രട്ടറി ടി കെ ദീപു ഉള്‍പ്പെടുന്ന സബ് കമ്മിറ്റിക്കാണ് ചുമതല. ഇവിടെയിരുന്നു വീക്ഷിച്ചാല്‍ മാലിന്യമെറിയലിന്റെ തോതളക്കാം, ആളെയും പിടികൂടാം, നടപടിയുമെടുക്കാം.
കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡ്, നാരായണപുരം മാര്‍ക്കറ്റ്, മാലൂര്‍ ഏല, പഞ്ചായത്ത് കടവ്, സെന്‍ട്രല്‍ ജംഗ്ഷന്‍ തുടങ്ങി പഞ്ചായത്തിന്റെ പൊതുഇടങ്ങളില്‍ ഇനിമുതല്‍ 24 മണിക്കൂര്‍ നിരീക്ഷണം ഉണ്ടാകും. മാലിന്യകൂമ്പാരമായിരുന്ന പ്രദേശങ്ങള്‍ വൃത്തിയാക്കിയാണ് ക്യാമറകള്‍ ഉറപ്പിച്ചത്. പഞ്ചായത്തിലും സിസിടിവി സംവിധാനം ഏര്‍പ്പെടുത്തി. പഞ്ചായത്തിന്റെ സമ്പൂര്‍ണശുചിത്വപ്രഖ്യാപനവും സി.സി.ടി.വി പ്രവര്‍ത്തനഉദ്ഘാടനവും മാര്‍ച്ച് 19 ന് നടത്തുമെന്ന് പ്രസിഡന്റ് ആനി സാബു തോമസ് വ്യക്തമാക്കി.
കോന്നിയിലെ 75 സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തിയ ഹരിത ടൗണ്‍- ഹരിത മാര്‍ക്കറ്റ് പ്രഖ്യാപനവും ഉടനുണ്ടാകും. എം എസ് എഫുകളും ബോട്ടില്‍ ബൂത്തുകളും സജ്ജമാക്കി കഴിഞ്ഞു. ഹരിതകലാലയങ്ങളും അങ്കണവാടികളും ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശത്തിന്റെ സൗന്ദര്യവല്‍കരണ പ്രവര്‍ത്തനങ്ങളും അവസാനഘട്ടത്തിലാണ് എന്നും പ്രസിഡന്റ് അറിയിച്ചു.
മോക്ഡ്രില്‍ ഏപ്രില്‍ 23ന്
റീബില്‍ഡ് കേരള-പ്രോഗ്രാം ഫോര്‍ റിസല്‍ട്ട് പദ്ധതിയുടെ ഭാഗമായി അടൂര്‍ മുനിസിപ്പാലിറ്റിയില്‍ ഏപ്രില്‍ 23ന് മോക്ഡ്രില്‍ സംഘടിപ്പിക്കും. പറക്കോട് ലൈബ്രറി ഹാളില്‍ ചേര്‍ന്ന പഞ്ചായത്തുകളുടെ ക്ലസ്റ്റര്‍ കോര്‍ഡിനേഷന്‍ യോഗത്തിലാണ് തീരുമാനം. സംസ്ഥാന-ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും കിലയും സംയുക്തമായാണ് നടത്തുക. ടേബിള്‍ ടോപ്പ് 22 ന് സംഘടിപ്പിക്കും. വെള്ളപ്പൊക്കസാധ്യതയുളള പഞ്ചായത്തുകളും പോലിസ്, അഗ്നിസുരക്ഷാസേന, ആരോഗ്യം, വൈദ്യുതി, ജലഅതോറിറ്റി വകുപ്പുകളും സഹകരിക്കും.
ദേശീയ ഉപഭോക്തൃ അവകാശദിനം മാര്‍ച്ച് 15ന്
സംസ്ഥാന പൊതുവിതരണ-ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ദേശീയ ഉപഭോക്തൃ അവകാശദിനം-2025 ജില്ലാ പഞ്ചായത്ത് ഹാളില്‍ മാര്‍ച്ച് 15ന് രാവിലെ 10.30 ന്. ഉപഭോക്തൃ സംരക്ഷണ നിയമത്തെക്കുറിച്ച് വിദഗ്ധര്‍ പ്രഭാഷണവും നടത്തുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
വനിതാദിനാഘോഷം
കുളനട ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ വനിതാദിനാഘോഷം മാര്‍ച്ച് 15ന് ഉച്ചയ്ക്ക് മൂന്നിന്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. മോഹന്‍ദാസ് അധ്യക്ഷനാകുന്ന യോഗം പ്രസിഡന്റ് ചിത്തിര സി. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
ക്വട്ടേഷന്‍
മല്ലപ്പളളി താലൂക്ക് ആശുപത്രിയിലേക്ക് മെഡിക്കല്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ വിതരണംചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 20. ഫോണ്‍ : 0469 2683084, ഇ-മെയില്‍ : [email protected]
ക്വട്ടേഷന്‍
മല്ലപ്പളളി താലൂക്ക് ആശുപത്രിയിലേക്ക് ലാബ് റീ-ഏജന്റ് വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 20. ഫോണ്‍ : 0469 2683084.
ഇ-മെയില്‍ : [email protected]
ക്വട്ടേഷന്‍
മല്ലപ്പളളി താലൂക്ക് ആശുപത്രിയിലേക്ക് സ്റ്റേഷനറി സാധനങ്ങള്‍ വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 20. ഫോണ്‍ : 0469 2683084.
ഇ-മെയില്‍ : [email protected]
ക്വട്ടേഷന്‍
മല്ലപ്പളളി താലൂക്ക് ആശുപത്രിയിലെ പാലിയേറ്റീവ് കെയര്‍ പദ്ധതിയുടെ ഭാഗമായി ഭക്ഷണം നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 21. ഫോണ്‍ : 0469 2683084. ഇ-മെയില്‍ : [email protected]
അറിയിപ്പ്
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (ഹിന്ദി)-ബൈ ട്രാന്‍സ്ഫര്‍ (കാറ്റഗറി നം. 737/2024) തസ്തികയ്ക്ക് റിക്രൂട്ട്മെന്റിനായി യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഇല്ലയെന്ന് ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
പോലീസ് എക്സെറ്റന്‍ഷന്‍ സെന്ററുകള്‍ തുടങ്ങുന്നു
കുടുംബശ്രീ മിഷന്റെ സ്നേഹിതാ ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക്, ആഭ്യന്തര വകുപ്പുമായി ചേര്‍ന്ന് സ്നേഹിത പോലീസ് എക്സ്റ്റന്‍ഷന്‍ സെന്ററുകള്‍ തുടങ്ങുന്നു. മാര്‍ച്ച് 15 ന് സംസ്ഥാനത്തൊട്ടാകെയുള്ള ഡി.വൈ.എസ.്പി ഓഫീസുകളിലാണ് സ്ഥാപിക്കുന്നത്. പരാതികളുമായെത്തുന്നവര്‍ക്ക് മാനസിക പിന്തുണ ഉറപ്പാക്കുകയാണ് ലക്ഷ്യം. പ്രശ്നങ്ങളുള്ളവര്‍ക്ക് ഇതര വകുപ്പുകളുമായിചേര്‍ന്ന് തുടര്‍ ചികിത്സകളടക്കം പിന്തുണയേകുന്ന മറ്റ് പദ്ധതികളും നടപ്പാക്കും.
കമ്യൂണിറ്റി കൗണ്‍സിലര്‍മാരാണ് കേന്ദ്രങ്ങള്‍ക്ക് നേതൃത്വം നല്‍കുക. അഞ്ച് കേന്ദ്രങ്ങളിലും ഓരോ കൗണ്‍സലര്‍മാരുടെ സേവനം ലഭ്യമാക്കും. ആഴ്ചയില്‍ രണ്ട് ദിവസം രാവിലെ മുതല്‍ വൈകിട്ട് വരെയാണ് പ്രവര്‍ത്തന സമയം.
കെട്ടിടനികുതി
പ്രമാടം ഗ്രാമപഞ്ചായത്തിലെ 2024-25 വര്‍ഷം വരെയുളള കെട്ടിടനികുതി മാര്‍ച്ച് 31നകം ഒടുക്കുവരുത്തണം. മാര്‍ച്ച് 16,23,30,31 എന്നീ അവധിദിവസങ്ങള്‍ ഉള്‍പ്പെടെ എല്ലാ ദിവസങ്ങളിലും പഞ്ചായത്ത് ഓഫീസില്‍ നികുതി സ്വീകരിക്കും. മാര്‍ച്ച് 31വരെ പിഴ പലിശ ഒഴിവാക്കിയിട്ടുണ്ട്. ഓണ്‍ലൈനായി www.tax.lsgkerala.gov.in സൈറ്റിലും നികുതി ഒടുക്കാം. ഫോണ്‍ : 0468 2242215, 2240175.