Trending Now

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ (01/03/2025 )

ഡെങ്കിപ്പനി: ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

ജില്ലയില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.

കൊതുക് മുട്ടയിടാന്‍ സാധ്യതയുളള ചിരട്ട, ടയര്‍, കുപ്പി, പാത്രങ്ങള്‍, ചട്ടികള്‍ തുടങ്ങിയവ നീക്കം ചെയ്യുകയോ കമിഴ്ത്തി വയ്ക്കുകയോ ചെയ്യണം. ഫ്രിഡ്ജിന്റെ പിറകിലെ ട്രേ, ചെടിച്ചട്ടിക്കടിയില്‍ വയ്ക്കുന്ന പാത്രങ്ങള്‍, കൂളറിന്റെ ഉള്‍വശം ഇവയില്‍ നിന്നും ആഴ്ചയിലൊരിക്കല്‍ വെളളം നീക്കം ചെയ്യണം. വെളളം ശേഖരിക്കുന്ന പാത്രങ്ങളും, ടാങ്കുകളും കൊതുക് കടക്കാത്ത വിധം മൂടി വയ്ക്കണം.

റബ്ബര്‍പാല്‍ ശേഖരിക്കുന്ന ചിരട്ട, കപ്പ് ഇവ ആവശ്യത്തിനുശേഷം കമിഴ്ത്തിവയ്ക്കണം. സെപ്റ്റിക് ടാങ്ക് വെന്റ് പൈപ്പിന്റെ മുകള്‍ ഭാഗത്ത് കൊതുകുവല ചുറ്റണം. വീടിനുളളിലും പരിസരത്തും വെളളം കെട്ടിനില്‍ക്കുന്ന സാഹചര്യം ഒഴിവാക്കി ആഴ്ചയിലൊരിക്കല്‍  ഡ്രൈ ഡേ ആചരിക്കണമെന്ന് ഡിഎംഒ ഡോ. എല്‍ അനിതകുമാരി അറിയിച്ചു.

 

 

തിനവിളയും ഗ്രാമനന്മ ചെറുധാന്യ രുചിവൈവിധ്യത്തിന്റെ ഇരവിപേരൂര്‍ മാതൃക

ആരോഗ്യകരമായ ജീവിതത്തിനുള്ള ചെറുധാന്യവിഭവ സമൃദ്ധിയാണ് ഇരവിപേരൂര്‍ ഗ്രാമത്തെ വേറിട്ടുനിര്‍ത്തുന്നത്. ചെറുധാന്യങ്ങളുടെ വൈവിധ്യമാര്‍ന്ന രുചികള്‍ ന്യൂട്രിഹബ്ബ് മില്ലറ്റ് കഫേയില്‍ നിറയുന്നു. കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പ്, കോയിപ്രം ബ്ലോക്ക്പഞ്ചായത്ത്, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് നെല്ലാട് പൊയ്കയില്‍പടി കേന്ദ്രീകരിച്ച്  കഫേ പ്രവര്‍ത്തിക്കുന്നത്.

തീന്‍മേശകളിലേക്ക് ചെറുധാന്യവിഭവങ്ങള്‍ പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. ന്യൂട്രിഹബ് മില്ലറ്റ് കഫെ കൃഷിക്കൂട്ടമാണ് മുന്‍കൈയെടുത്തത്. 2024-25 സാമ്പത്തികവര്‍ഷത്തെ കൃഷിവകുപ്പിന്റെ പദ്ധതിയിലൂടെ സാധ്യമാക്കിയ സംസ്ഥാനത്തെ രണ്ടാമത്തെ മില്ലറ്റ് കഫെയാണിത്.  മൂന്ന് ലക്ഷം രൂപ ചെലവഴിച്ച് കൃഷിവകുപ്പ് നടപ്പിലാക്കിയ പദ്ധതിയുടെ പൂര്‍ണ നാമം – പോസ്റ്റ് ഹാര്‍വെസ്റ്റ് മാനേജ്മെന്റ് ആന്‍ഡ് വാല്യൂ അഡീഷന്‍ എസ്റ്റാബ്ലിഷ്മെന്റ് ഓഫ് മില്ലറ്റ് കഫേ. ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് 2024-25 2,12,000 രൂപയാണ് സ്ഥാപനത്തിനായി ചെലവഴിച്ചത്.

ചെറുധാന്യങ്ങളില്‍  അടിസ്ഥാനമാക്കിയുള്ള വിഭവങ്ങള്‍ ദിവസത്തില്‍ ഒരിക്കലെങ്കിലും സ്ഥിരം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമമാണ് വിജയമാകുന്നത്.  കാഴ്ച്ചയില്‍ ചെറുതെങ്കിലും മില്ലറ്റുകള്‍ പോഷക മൂല്യത്തില്‍ മുന്നിലാണ്. അരി, ഗോതമ്പ് എന്നിവയെ അപേക്ഷിച്ച് വളരെ ഉയര്‍ന്നതോതില്‍ പ്രോട്ടീന്‍, മിനറല്‍സ്, വിറ്റാമിനുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു മില്ലറ്റുകളില്‍.

പോയകാലരുചികള്‍ക്കൊപ്പം നവകാലആസ്വാദ്യതകള്‍ക്കും ഒരേപോലെ ഇടമുണ്ട്  കഫെയിലെ മെനുവില്‍.  തുച്ഛമായ വിലയില്‍ മില്ലറ്റിന്റെ രുചിഭേദങ്ങള്‍  വ്യത്യസ്ത വിഭവങ്ങളിലൂടെ തയ്യാറാക്കുന്നത് കഫെയിലെ തൊഴിലാളികളാണ്.

മില്ലറ്റ്പാനീയം, കൊഴുക്കട്ട, ഇലയട ഉള്‍പ്പെടെയുള്ള സ്‌നാക്ക്‌സ്,  ഇടിയപ്പം, പാസ്ത, ന്യൂഡില്‍സ് എന്നിവയ്ക്ക് പുറമെ ഉച്ചഭക്ഷണത്തിന് മില്ലറ്റ് മീല്‍സും തയ്യാര്‍. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 9 മുതല്‍ രാത്രി 6 വരെ കഫേ പ്രവര്‍ത്തിക്കും.

കൃഷി വകുപ്പിന്റെയും പഞ്ചായത്തിന്റെയും നിയന്ത്രണത്തിലുള്ള നെല്ലാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അഗ്രി സേഫ് പ്രീമിയം ഔട്‌ലെറ്റില്‍ ചെറുധാന്യങ്ങളുടെ ഉള്‍പ്പെടെയുള്ള പ്രീമിയം ബ്രാന്‍ഡഡ് കാര്‍ഷിക ഉല്‍പന്നങ്ങളും  ലഭ്യമാണ്. നല്ല ഭക്ഷണം പ്രാദേശികമായി ലഭ്യമാക്കുന്നതിനോടൊപ്പം മില്ലറ്റ് കൃഷിക്കും പഞ്ചായത്ത് പ്രാധാന്യം നല്‍കുന്നു.

അഞ്ച് ഹെക്ടര്‍ സ്ഥലത്ത് പ്ലോട്ടുകളായി മില്ലറ്റ് കൃഷിയും ഒരുക്കിയിട്ടുണ്ട്. കൃഷിഭവനില്‍ നിന്ന് റാഗി, മണിച്ചോളം, കമ്പ് എന്നിവയുടെ വിത്തും സൗജന്യമായി നല്‍കിവരുന്നു. ഗ്രാമപഞ്ചായത്ത് ഒരു ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരിത്തിയിരിക്കുന്നത്. കൃഷി വകുപ്പ് ഒരു ഹെക്ടറിനു ഇരുപതിനായിരം രൂപയുടെ സബ്‌സിഡി സഹായവും മില്ലറ്റ് കൃഷിക്ക് നല്‍കുന്നു.

ഏത് മണ്ണില്‍ വളരാനും പ്രതികൂലകാലാവസ്ഥയെ അതിജീവിക്കാനും കഴിയുന്ന മില്ലറ്റുകള്‍ക്ക് ലഘുപരിപാലനം മതിയാകും.  വലിയതോതില്‍ ജലം ആവശ്യമില്ലാത്തതിനാല്‍ കര്‍ഷകര്‍ക്കും  ആശ്വാസം. പഞ്ചായത്തില്‍  20-30 ഓളം കര്‍ഷകര്‍ അഞ്ചു സെന്റ് പ്ലോട്ടുകള്‍ മുതല്‍ മില്ലറ്റ് കൃഷി ചെയ്തുവരുന്നു. ചെറുധാന്യങ്ങളുടെ ഉപയോഗവും കൃഷിയും പ്രോത്സാഹിപ്പിക്കുന്നതിനു കൃഷി ഭവന്റെ സഹായത്തോടെ ലഭ്യമായ എല്ലാ സേവനങ്ങളും നല്‍കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ ബി ശശിധരന്‍പിള്ള പറഞ്ഞു.

കുട്ടികളുടെ ആരോഗ്യം: ഏകോപന യോഗം നടന്നു

ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സാന്നിധ്യത്തില്‍ കുട്ടികളുടെയും കൗമാരക്കാരുടെയും ആരോഗ്യപദ്ധതികളുടെ ഏകോപന യോഗം സംഘടിപ്പിച്ചു. കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമുള്ള സര്‍ക്കാരിന്റെ വിവിധ ആരോഗ്യപദ്ധതികളെ കുറിച്ച് പൊതുജനങ്ങള്‍ക്ക് കൂടുതല്‍ അവബോധം നല്‍കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.

ആരോഗ്യവകുപ്പും ദേശീയ ആരോഗ്യമിഷനും സംയുക്തമായി പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. തദ്ദേശം, വിദ്യാഭ്യാസം, പൊലിസ്, എക്സൈസ് വകുപ്പുകളുടെ സഹകരണം കൂടുതലായി ആവശ്യമാണ്. ലഹരിമരുന്ന്, ഇന്റര്‍നെറ്റിന്റെ അപകടവശങ്ങള്‍ ഒക്കെ കുട്ടികളെ ബോധവല്‍കരിക്കണം. ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയും ജില്ലാ കലക്ടര്‍ ചൂണ്ടികാട്ടി.

ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം പഞ്ചായത്ത് തലത്തില്‍ കാര്യക്ഷമമാക്കും. കൗണ്‍സിലര്‍മാരുടെ കുറവ് അടിയന്തരമായി പരിഹരിക്കുന്നതിനൊപ്പം പ്രവര്‍ത്തനം സ്‌കൂള്‍തലത്തിലേക്കും വ്യാപിപ്പിക്കും. സൈബര്‍ ക്രൈമിനെ കുറിച്ച് ബോധവല്‍ക്കരണം നടത്താനും യോഗത്തില്‍ തീരുമാനമായി.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിത കുമാരി, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ് ശ്രീകുമാര്‍, ആര്‍സിഎച്ച് ഓഫീസര്‍ ഡോ. കെ. കെ ശ്യാംകുമാര്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ എസ് ശ്രീകുമാര്‍, ആര്‍.കെ.എസ്.കെ നോഡല്‍ ഓഫീസര്‍ ഡോ. ബിപിന്‍ സാജന്‍, സി.ഡബ്ല്യു.സി അംഗം അഡ്വ. പ്രസീത എന്നിവര്‍ പങ്കെടുത്തു.

ബോധവല്‍കരണ ക്ലാസ്

റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിന്റെയും ആയുഷ് ഹോമിയോപതി വകുപ്പിന്റെ വന്ധ്യതാനിവാരണപദ്ധതിയായ ജനനിയുടെയും ആഭിമുഖ്യത്തില്‍ ബോധവത്കരണ ക്യാമ്പും സ്‌ക്രീനിങ്ങും സംഘടിപ്പിച്ചു. മഠത്തുംമൂഴി ഇടത്താവളത്തില്‍ ് പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡി.ശ്രീകല അധ്യക്ഷയായി.
സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.എസ് ശ്യം, സി.എസ് സുകുമാരന്‍, മോഹിനി വിജയന്‍, ജനനി സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ. ഡി. ബിജു കുമാര്‍, യൂണിറ്റ് കണ്‍വീനര്‍ ഡോ. ജെ.സി അനു , എ.പി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍.വി കണ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

 

ഗാര്‍ഹിക ബയോകമ്പോസ്റ്റ് ബിന്‍ വിതരണം

മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തില്‍ ഗാര്‍ഹിക ബയോകമ്പോസ്റ്റ് ബിന്‍ വിതരണം ചെയ്തു. 13 വാര്‍ഡുകളില്‍ നിന്നായി 80 ഗുണഭോക്താക്കള്‍ക്കാണ് ലഭിച്ചത്. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മിനി ജിജു ജോസഫ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് വത്സല വാസു, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മേഴ്‌സി സമുവല്‍,  വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അശ്വതി പി നായര്‍ മറ്റു പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.


ടെന്‍ഡര്‍

പുളിക്കീഴ് ഐസിഡിഎസ് പ്രോജക്ട് ആവശ്യത്തിന് വാഹനം വാടകയ്ക്ക് നല്‍കുവാന്‍ തയാറുള്ളവരില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 10. ഫോണ്‍: 0469 2610016.

ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് കോഴ്‌സ്

ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐ യില്‍ ഐഎംസിക്ക് കീഴില്‍ ചുരുങ്ങിയ ഫീസില്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരത്തോടെയും പ്ലേസ്‌മെന്റ് സപ്പോര്‍ട്ടോടെയും ആറുമാസകാലയളവുള്ള ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് ഒഴിവുണ്ട്. യോഗ്യത- പ്ലസ് ടു/ബിരുദം .ഫോണ്‍ : 7306119753.

സാധ്യതാപട്ടിക

ജില്ലയില്‍ സോഷ്യല്‍ ജസ്റ്റിസ്/  വുമണ്‍ ആന്റ് ചൈല്‍ഡ് ഡവലപ്മെന്റ് ഡിപ്പാര്‍ട്ട്മെന്റില്‍ മേട്രണ്‍ ഗ്രേഡ് ഒന്ന് (കാറ്റഗറി നമ്പര്‍: 722/2022)  തസ്തികയുടെ സാധ്യതാപട്ടിക നിലവില്‍ വന്നതായി ജില്ലാ പിഎസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04682222665.

ഗതാഗത നിരോധനം

മുക്കംപെട്ടി-പമ്പാവാലി റോഡില്‍ ടാറിംഗ് പ്രവര്‍ത്തനങ്ങള്‍  നടക്കുന്നതിനാല്‍ മാര്‍ച്ച് മൂന്ന്, നാല് തീയതികളില്‍ ഗതാഗതം ഭാഗികമായി നിരോധിക്കും എന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യുട്ടിവ് എഞ്ചിനിയര്‍ അറിയിച്ചു.

 

 

error: Content is protected !!