
കടപ്ര സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം
കടപ്ര സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം (ഫെബ്രുവരി 25) രാവിലെ 10.30 ന് റവന്യൂ-ഭവന നിര്‍മാണ മന്ത്രി കെ. രാജന്‍ നിര്‍വഹിക്കും. വില്ലേജ് ഓഫീസ് അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ മാത്യു ടി. തോമസ് എം.എല്‍.എ അധ്യക്ഷനാകും. ആന്റോ ആന്റണി എം.പിയാണ് വിശിഷ്ടാതിഥി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ അനു, നിര്‍മ്മിതികേന്ദ്രം റീജിയണല്‍ എഞ്ചിനീയര്‍ എ.കെ. ഗീതമ്മാള്‍ തദ്ദേശസ്ഥാപന അധ്യക്ഷര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കയര്‍ ഭൂവസ്ത്ര സെമിനാര്‍
കയര്‍ വികസന വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും നടപ്പാക്കുന്ന കയര്‍ ഭൂവസ്ത്ര ജില്ലാതല സെമിനാര്‍ അബാന്‍ ആര്‍ക്കേഡ് ഓഡിറ്റോറിയത്തില്‍ (ഫെബ്രുവരി 25) രാവിലെ ഒന്‍പതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി മണിയമ്മ അധ്യക്ഷയാകും.
എസ് സി മൈക്രോപ്ലാന്‍ പ്രകാശനം
ജില്ലാ പഞ്ചായത്ത് തയാറാക്കിയ മെഴുവേലി ഗ്രാമപഞ്ചായത്തിലെ എസ് സി മൈക്രോപ്ലാന്‍ പ്രകാശനം (ഫെബ്രുവരി 25) ഉച്ചയ്ക്ക് രണ്ടിന് ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍ പട്ടികജാതി പട്ടികവര്‍ഗ ക്ഷേമവകുപ്പ് മന്ത്രി ഒ ആര്‍ കേളു നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം പദ്ധതിരേഖ കൈമാറും. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും.
മതസാഹോദര്യ യോഗം ചേര്‍ന്നു; സ്ഥിഗതികള്‍ ശാന്തമെന്ന് ജില്ലാ കലക്ടര്‍
ജില്ലാതല മതസാഹോദര്യ യോഗം ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ ചേംബറില്‍ ചേര്‍ന്നു. ജില്ലയില്‍ സമാധാപരമായ അന്തരീക്ഷമാണ് നിലവിലുള്ളതെന്ന് യോഗം വിലയിരുത്തി.
ഉത്സവകാലം കണക്കിലെടുത്ത് പോലിസ് പ്രത്യേക ജാഗ്രത പുലര്‍ത്തണം. തദ്ദേശതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ക്രമസമാധാനപാലനവും സുശക്തമാക്കി തുടരണം. താലൂക്കുക്കുതല വിഷയങ്ങള്‍ തഹസില്‍ദാര്‍മാരാണ് പോലിസിനെ അറിയിക്കേണ്ടതാണ് .
കഴിഞ്ഞകാലങ്ങളില്‍ ഉണ്ടായ ഒറ്റപ്പെട്ട സംഭവങ്ങള്‍ പോലിസിന്റെ കൃത്യമായ ഇടപെടലിലൂടെ പരിഹരിക്കാനായി. നവമാധ്യമങ്ങളിലൂടെ സാമൂഹികവിദ്വേഷത്തിനിടയാക്കുന്ന സന്ദേശങ്ങളുടെ വ്യാപനം തടയുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. ജില്ലാ പോലിസ് മേധാവി വി. ജി. വിനോദ് കുമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
അവധിക്കാല ക്ലാസ്
ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ കുട്ടികള്‍ക്കായുള്ള അവധിക്കാല പഠനക്ലാസ് ‘നിറച്ചാര്‍ത്ത്-2025’ ലേക്ക് അപേക്ഷിക്കാം. മാജിക്ക്, കവിതാ പാരായണം, കഥാകഥനം, കളിമണ്‍നിര്‍മാണം, കുരുത്തോല നിര്‍മാണം തുടങ്ങി വിവിധ മേഖലകളിലുള്ള പ്രമുഖരുടെ ക്ലാസുകളുണ്ടാകും.
ഏപ്രില്‍ ഏഴ് മുതല്‍ മേയ് 20 വരെ രാവിലെ 10 മുതല്‍ വൈകുന്നേരം 3.30 വരെ ക്ലാസ്. ഒന്ന് മുതല്‍ ഏഴാം ക്ലാസ് വരെ ജൂനിയര്‍ വിഭാഗത്തിലും എട്ടാം ക്ലാസ് മുതലുള്ള വിദ്യാര്‍ഥികളെ സീനിയര്‍ വിഭാഗങ്ങളായി ക്രമീകരിക്കും. പ്രവേശന ഫീസ്: ജൂനിയര്‍ – 3000, സീനിയര്‍ – 4000 രൂപ. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക് പ്രവേശനം. വാസ്തുവിദ്യാ ഗുരുകുലം ആറന്മുള ഓഫീസുമായോ www.vasthuvidyagurukulam.com വെബ്സൈറ്റിലോ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 9188089740, 9605458857, 0468-2319740.
ടെന്‍ഡര്‍
റാന്നി ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള 107 അങ്കണവാടികളിലേക്ക് ആവശ്യമായ പ്രീസ്‌കൂള്‍ കിറ്റിനായി ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി -ഫെബ്രുവരി 27. ഫോണ്‍: 9446220488.
ടെന്‍ഡര്‍
പറക്കോട് അഡീഷണല്‍ ശിശുവികസനപദ്ധതി ഓഫീസിന്റെ പരിധിയിലുള്ള 109 അങ്കണവാടികള്‍ക്ക് 2024/25 സാമ്പത്തിക വര്‍ഷത്തെ പ്രീ സ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 25. ഫോണ്‍: 0473 4216444.
റദ്ദായ തൊഴില്‍ രജിസ്ട്രേഷന്‍ പുതുക്കാം
1995 ജനുവരി ഒന്നുമുതല്‍ 2024 ഡിസംബര്‍ 31 വരെയുളള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ പുതുക്കാന്‍ കഴിയാതെ റദ്ദായ തൊഴില്‍ രജിസ്ട്രേഷന്‍, സീനിയോറിറ്റി നഷ്ടമാകാതെ 2025 ഏപ്രില്‍ 30വരെ പുതുക്കി പുനസ്ഥാപിക്കുന്നതിന് അവസരമുണ്ടെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2961104.
സെല്‍ഫി എടുത്ത് സമ്മാനം നേടാം
ജില്ലാ മെഡിക്കല്‍ ഓഫീസ് സംഘടിപ്പിക്കുന്ന അര്‍ബുദ പരിശോധനയ്ക്കുള്ള പ്രചാരണ പരിപാടികളുടെ ഭാഗമായി പൊതുജനത്തിന് സമ്മാനം നേടാന്‍ അവസരം. ജീവിതപങ്കാളി, അമ്മ, സഹോദരി, സഹപ്രവര്‍ത്തക, ബന്ധു എന്നിവരെ പരിശോധനയ്ക്ക് ഹാജരാക്കി അവര്‍ക്കൊപ്പം സെല്‍ഫി എടുത്ത് ആകര്‍ഷകമായ അടിക്കുറിപ്പ് സഹിതം ജില്ലാ മെഡിക്കല്‍ ഓഫീസ് പത്തനംതിട്ടയുടെ 99 46 10 4425, 8075509728 എന്നീ വാട്‌സ് ആപ്പ് നമ്പറിലേക്കോ [email protected]
ജില്ലാ ആസൂത്രണസമിതി യോഗം മൂന്നിന്
ജില്ലാ ആസൂത്രണസമിതി യോഗം മാര്‍ച്ച് മൂന്നിന് രാവിലെ 10.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
ജാഗ്രതാ സമിതി ജില്ലാതല ശില്‍പശാല സംഘടിപ്പിച്ചു
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജാഗ്രതാ സമിതി ജില്ലാതല ശില്‍പശാല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം നിര്‍വഹിച്ചു. ചെന്നീര്‍ക്കര, കൊറ്റനാട് ഗ്രാമപഞ്ചായത്തുകള്‍ക്ക് മികച്ച പഞ്ചായത്തുതല ജാഗ്രതാ സമിതി അവാര്‍ഡ് ലഭിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു അധ്യക്ഷനായി. ജാഗ്രത സമിതി പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ദിശ ഡയറക്ടര്‍ അഡ്വ.എം .ബി ദിലീപ് കുമാര്‍ ക്ലാസ് നയിച്ചു.
ജില്ലാ പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാതല ജെന്‍ഡര്‍ റിസോഴ്സിന്റെ ഭാഗമായാണ് ജാഗ്രതസമിതികള്‍ ശക്തിപ്പെടുത്തുന്നതിന് ശില്‍പശാല സംഘടിപ്പിച്ചത്. സത്രീകളുടെയും കുട്ടികളുടെയും സുരക്ഷയും പദവിയും ഉറപ്പാക്കുന്നതിനും അവരുടെ പ്രശ്നങ്ങള്‍ക്ക് തദ്ദേശ സ്ഥാപന ഇടപെടലിലൂടെ പരിഹാരം കാണുന്നതിനുമാണ് ജാഗ്രതാ സമിതികള്‍ പ്രവര്‍ത്തിക്കുന്നത്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍ അജയകുമാര്‍, ജില്ലാ പഞ്ചായത്തംഗം ജി. ശ്രീനാദേവി കുഞ്ഞമ്മ, ജില്ലാ വനിത ശിശു വികസന ഓഫീസര്‍ നീത ദാസ്, വനിതാ സംരക്ഷണ ഓഫീസര്‍ എ നിസ, കമ്യൂണിറ്റി വിമണ്‍ ഫെസിലിറ്റേറ്റര്‍ ഡോ. അമല മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.
കാലിത്തീറ്റ വിതരണം ചെയ്തു
മൃഗസംരക്ഷണ വകുപ്പിന്റെ കന്നുകുട്ടി പരിപാലന പദ്ധതി ഗോവര്‍ദ്ധിനി 2024 -2025 ന്റെ ഭാഗമായി ഏഴംകുളം ഗ്രാമപഞ്ചായത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റ വിതരണം ചെയ്തു. അറുകാലിക്കല്‍ ക്ഷീരോത്പാദക സഹകരണ സംഘത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ് ആശ സബ്‌സിഡി കാലിത്തീറ്റ വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. 70 കന്നുകുട്ടികള്‍ക്കാണ് കാലിതീറ്റ വിതരണം ചെയ്തത്. പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍, ക്ഷീരസംഘം ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.