Trending Now

റോഡ് നവീകരിക്കുന്നതിന് 15 കോടി രൂപയുടെ ഭരണ അനുമതി ലഭിച്ചു

konnivartha.com: കോന്നി മഞ്ഞക്കടമ്പ്- മാവനാൽ- ട്രാൻസ്ഫോമർ ജംഗ്ഷൻ -ആനകുത്തി -കുമ്മണ്ണൂർ -കല്ലേലി -നീരാമക്കുളം റോഡ് ആധുനിക നിലവാരത്തിൽ നവീകരിക്കുന്നതിന് 15 കോടി രൂപയുടെ ഭരണ അനുമതി ലഭിച്ചുവെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.15 കോടി രൂപ ചിലവിൽ 19.800 കിലോമീറ്റർ ദൂരത്തിലാണ് റോഡ് നിർമ്മിക്കുന്നത്.

ഐരവൺ മേഖലയിലെ മഞ്ഞകടമ്പു- മാവാനാൽ റോഡ് മാവാനാൽ- ട്രാൻസ്‌ഫോർമർ ജംഗ്ഷൻ റോഡ് ആനകുത്തി- കുമ്മണ്ണൂർ റോഡ്, കുമ്മണ്ണൂർ -കല്ലേലി റോഡ് കൊക്കത്തോട്- നീരാമക്കുളം റോഡ് എന്നിവ പരസ്പരം ബന്ധിപ്പിച്ചാണ് പ്രവർത്തി നടപ്പിലാക്കുന്നത്.

ശബരിമല ഭക്തർക്ക് ഏറ്റവും അധികം പ്രയോജനം ചെയ്യുന്ന തരത്തിലാണ് റോഡ് നിർമ്മിക്കുന്നത്. അച്ചൻകോവിൽ നിന്നും വരുന്ന അയ്യപ്പഭക്തർക്ക് കോന്നി ടൗണിലേക്ക് പോകാതെ കല്ലേലി കുമ്മണ്ണൂർ വഴി കോന്നി മെഡിക്കൽ കോളേജ് റോഡിൽ കൂടി വേഗത്തിൽ തിരക്കില്ലാതെ തണ്ണിത്തോട് ചിറ്റാർ ആങ്ങമൂഴി വഴി പമ്പയിൽ എത്തിച്ചേരുവാൻ കഴിയും.

നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന കോന്നി മെഡിക്കൽ കോളേജ് റോഡിനെയും നിർമ്മാണ പ്രവർത്തികൾ പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഐരവൺ പാലത്തിനെയും പരസ്പരം ബന്ധിപ്പിച്ചു കൊണ്ടാണ് ആധുനിക നിലവാരത്തിലുള്ള റോഡ് നിർമ്മിക്കുന്നത്.

നിലവിൽ കുമ്മണ്ണൂർ ഫോറസ്റ്റ് സ്റ്റേഷൻ വരെ മാത്രം പൊതുഗതാഗത സൗകര്യമുള്ള റോഡ് കല്ലേലി വരെ നിർമ്മിക്കുന്നതോടെ കല്ലേലി- കൊക്കാത്തോട് റോഡിൽ നിന്നും അച്ചൻകോവിൽ- കോന്നി റോഡിൽ നിന്നും വളരെ വേഗത്തിൽ കോന്നി മെഡിക്കൽ കോളജിലേക്കും പത്തനംതിട്ട നഗരത്തിലേക്കും എത്തിചേരാൻ സാധിക്കും.

കുമ്മണ്ണൂരിൽ അവസാനിക്കുന്ന നിലവിലെ റോഡിനെ അച്ചൻകോവിൽ ആറിന് സമാന്തരമായി കല്ലേലി റോഡിൽ ബന്ധിപ്പിക്കുമ്പോൾ ഇരു പ്രദേശങ്ങളിലും വലിയ രീതിയിലുള്ള വികസനമാണ് ഉണ്ടാകുന്നത്.

10 കോടി രൂപ മുടക്കി ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്ന കല്ലേലി കൊക്കാത്തോട് റോഡിന്റെ നിർമ്മാണ പ്രവർത്തികളും അന്തിമഘട്ടത്തിൽ എത്തിയിട്ടുണ്ട്. കൊക്കാത്തോട് എസ്എൻഡിപി ജംഗ്ഷനിൽ അവസാനിക്കുന്ന ഇപ്പോൾ 10 കോടി രൂപ ചിലവിൽ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന റോഡ് അവസാനിക്കുന്നിടത്തു നിന്നും നീരാമക്കുളം വരെയും റോഡ് നവീകരിക്കും.

പുതിയ റോഡിന്റെ നിർമ്മാണ പൂർത്തീകരണവും ഐരവൺ പാലത്തിന്റെ നിർമ്മാണ പൂർത്തീകരണവും കഴിയുന്നതോടെ ആനകുത്തി, കുമ്മണ്ണൂർ, ഐരവൺ മേഖലകൾ കോന്നി പട്ടണത്തിന്റെ ഭാഗമായി മാറും.

അതിന്റെ ഭാഗമായി ദീർഘവീക്ഷണത്തോടുകൂടിയാണ് പ്രവർത്തിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയതെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ പറഞ്ഞു.
അയ്യപ്പഭക്തർക്കും.പൊതുജനങ്ങൾക്കും വളരെയധികം പ്രയോജനം ചെയ്യുന്ന തരത്തിലാണ് റോഡിന്റെ നിർമ്മാണം.

കല്ലേലിൽ നിന്നും കുമ്മണ്ണൂർ വരെ അച്ഛൻകോവിൽ ആറിന് സമാന്തരമായിട്ടുള്ള ആറ് കിലോമീറ്റർ ദൂരം അതിമനോഹരമായ കാനന ഭംഗി ആസ്വദിച്ച യാത്ര ചെയ്യാവുന്ന പാതയായി മാറും.

കല്ലേലി -നടുവത്ത് മൂഴി- കുമ്മണ്ണൂർ വഴി മെഡിക്കൽ കോളജ് റോഡിലേക്ക് എത്തുന്ന വഴിയിൽ വനഭാഗങ്ങളിൽ ബ്രിട്ടീഷുകാർ നിർമ്മിച്ച ഫോറസ്റ്റ് ട്രെയിനിങ് സ്കൂൾ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ , തകർന്നു പോയ ആശുപത്രി കെട്ടിടങ്ങൾ, ഫോറസ്റ്റ് കോർട്ടേഴ്സുകൾ തുടങ്ങിയവയുടെ അവശിഷ്ടങ്ങളും സഞ്ചാരികൾക്ക് നവ്യാനുഭവം ആയിരിക്കും.

കോന്നിയും ആനക്കൂടും കേന്ദ്രീകരിച്ച് 1995 ൽ പുറത്തിറങ്ങിയ പ്രയിക്കര പാപ്പൻ എന്ന മലയാള സിനിമയുടെ പ്രധാന ലൊക്കേഷൻ ആയിരുന്ന മേഖലകൂടിയാണിത്.

ആനകുത്തി- മഞ്ഞക്കടമ്പ്- മാവനാൽ- ട്രാൻസ്ഫോമർ ജംഗ്ഷൻ – കുമ്മണ്ണൂർ വരെയുള്ള 9.300 കിലോമീറ്റർ ദൂരം ആധുനിക നിലവാരത്തിൽ ബി എം ബി സി സാങ്കേതികവിദ്യയിൽ ഉന്നത നിലവാരത്തിൽ നിർമ്മിക്കും. കുമ്മണ്ണൂർ ഫോറസ്റ്റ് സ്റ്റേഷൻ മുതൽ കല്ലേലി വരെയുള്ള 6.500 വനഭാഗങ്ങളിൽ 5.45 കിലോമീറ്റർ ദൂരം 40 m.m ചിപ്പിങ്ങ് കാർപെറ്റ് ടാറിങ്ങും 1.5 കിലോമീറ്റർ ദൂരം കോൺക്രീറ്റിലുംമാണ് നിർമ്മിക്കുക.കൊക്കത്തോട് എസ്എൻഡിപി ജംഗ്ഷൻ മുതൽ നിരാമക്കുളം വരെയുള്ള 4.5 കിലോമീറ്റർ ഭാഗം 20 mm ചിപ്പിങ് കാർപ്പെറ്റ് ടാറിങ്ങും
കോൺക്രീറ്റ് പ്രവർത്തികളും ചെയ്യും.

പ്രവർത്തി പൂർത്തിയാകുന്നതോടെ ഒറ്റപ്പെട്ടു കിടക്കുന്ന മലയോര മേഖലയായ കൊക്കത്തോടിന്റെ തുടക്ക ഭാഗമായ നീരാമക്കുളം മുതൽ കോന്നി വരെ മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങൾ ജനങ്ങൾക്ക് ലഭ്യമാകും. കൊക്കത്തോട് അപ്പൂപ്പൻ തോട് നീരാമക്കുളം, കല്ലേലി പ്രദേശങ്ങളിലുള്ളവർക്ക് വളരെ വേഗത്തിൽ കോന്നി ടൗണിൽ എത്തിച്ചേരാതെ മെഡിക്കൽ കോളേജ് പത്തനംതിട്ട ജില്ലയുടെ മറ്റു പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാൻ സാധിക്കും. പല പ്രദേശങ്ങളായി വിഭജിച്ചു കിടന്ന അരുവാപ്പുലം പഞ്ചായത്തിനെ ഒന്നിപ്പിക്കുന്നതിനും റോഡ് പ്രവർത്തി പൂർത്തിയാകുന്നതോടെ സാധിക്കുന്നു.

നിലവിലുള്ള 3.5 മീറ്റർ വീതിയുള്ള നിലവിലുള്ള റോഡ് 5.5 മീറ്റർ വീതിയിലാണ് നിർമ്മിക്കുന്നത്. ആവശ്യമായ സ്ഥലങ്ങളിൽ കലുങ്കുകളും ഓടയും ഐറിഷ് ഓടയും നിർമ്മിക്കും.

പൊതുമരാമത്ത് നിരത്ത് വിഭാഗത്തിനാണ് പ്രവർത്തിയുടെ നിർവഹണ ചുമതല . ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു പ്രവർത്തി വേഗത്തിൽ ആരംഭിക്കുവാനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനുള്ള നിർദ്ദേശം നൽകുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ പറഞ്ഞു

error: Content is protected !!