
കുട്ടികള്‍ക്കായി വായനയുടെ ലോകം തുറന്ന് ജില്ലാ കലക്ടര്‍
റാന്നി അട്ടത്തോട് സ്‌കൂളിലെ കുട്ടികള്‍ക്ക് അറിവിന്റെ പുതുവാതായനങ്ങള്‍ തുറന്ന് നല്‍കി ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍. അട്ടത്തോട് ട്രൈബല്‍ എല്‍. പി. സ്‌കൂളിലാണ് ആധുനിക ലൈബ്രറി.
ദി സൊസൈറ്റി ഫോര്‍ പോളിമര്‍ സയന്‍സ് ഇന്ത്യ (എസ് പി എസ് ഐ) തിരുവനന്തപുരം ചാപ്റ്ററിന്റെ സാമൂഹ്യസുരക്ഷാ നിധിയില്‍നിന്ന് മൂന്ന് ലക്ഷം രൂപ വിനിയോഗിക്കാന്‍ കലക്ടറാണ് മുന്‍കൈയെടുത്തത്. പുതുകാലത്തിന് ചേര്‍ന്ന രീതിയിലാണ് നിര്‍മിതി. വിശാലമാണ് മുറി. വര്‍ണാഭമാണ് ഇരിപ്പിടങ്ങള്‍. സ്മാര്‍ട്ട് ടി.വിയുണ്ട്, പുസ്തകങ്ങള്‍ സൂക്ഷിക്കാനുള്ള തട്ടുകളും.
പട്ടികവര്‍ഗ വിഭാഗത്തിലെ 41 വിദ്യാര്‍ഥികളാണ് സ്‌കൂളിലുള്ളത്. 30 കിലോമീറ്റര്‍ ദൂരത്തുനിന്ന് വാഹനങ്ങളില്‍ എത്തുന്നവരും ഇവിടെയുണ്ട്.
ജില്ലാ കലക്ടറാണ് ലൈബ്രറി സമര്‍പ്പണം നടത്തിയത്. ഉദ്ഘാടനചടങ്ങില്‍ റാന്നി പെരുനാട് പഞ്ചായത്തംഗം മഞ്ജു പ്രമോദ്, ജില്ലാ ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസര്‍ എസ്. എ. നജീം, അസിസ്റ്റന്റ് ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസര്‍ എം. ശശി, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഗോപകുമാര്‍, ഹെഡ് മാസ്റ്റര്‍ ബിജു തോമസ്, അധ്യാപകരായ ബി. അഭിലാഷ്, കെ. എം. സുധീഷ്, ആശാ നന്ദന്‍, അമിത, ഊര് മൂപ്പന്‍ നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആനുകാലിക/പത്രരജിസ്‌ട്രേഷന് ജില്ലാ കലക്ടറുടെ അനുമതിവേണം
പത്രങ്ങളുടേയും ആനുകാലികങ്ങളുടേയും രജിസ്‌ട്രേഷന് ഇനിമുതല്‍ ജില്ലാ കലക്ടറുടെ അനുമതി വേണം. പ്രസ് ആന്റ് രജിസട്രേഷന്‍ ഓഫ് പിരിയോഡിക്കല്‍സ് (പി.ആര്‍.പി) ചട്ടപ്രകാരമാണ് 60 ദിവസത്തെ കാലാവധിക്കുള്ളില്‍ അതാത് ജില്ലാ കലക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തേണ്ടത്. നിശ്ചിത സമയത്തിനകം വിവരം കൈമാറിയില്ലെങ്കില്‍ സാക്ഷ്യപ്പെടുത്തലിന് എതിര്‍പ്പില്ലാത്തതായി കണക്കാക്കുമെന്ന് ഡെപ്യൂട്ടി പ്രസ് രജിസ്ട്രാര്‍ ജനറല്‍ അറിയിച്ചു.
ജില്ലാ വികസന സമിതി 22ന്
ജില്ലാ വികസന സമിതി യോഗം കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഫെബ്രുവരി 22ന് രാവിലെ 10.30ന് ചേരും.
ഉപതിരഞ്ഞെടുപ്പ്: പരിശീലനം നല്‍കി
ജില്ലയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളിലെ പോളിംഗ് സ്റ്റേഷനുകളില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കി.
ഫെബ്രുവരി 24 ന് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. ഇലക്ഷന്‍ വെയര്‍ ഹൗസില്‍ നിന്ന് ഫെബ്രുവരി 20 ന് വിതരണം ചെയ്യുന്ന ഇവിഎം (ഇലക്ട്രോണിക് വോട്ടിംഗ് മെഷിന്‍) അതത് സ്ഥലങ്ങളില്‍ വരണാധികാരികളുടെ നേതൃത്വത്തില്‍ 21 ന് കമ്മീഷന്‍ ചെയ്യും. പോളിംഗ് സാമഗ്രികള്‍ 23 ന് പോളിംഗ് സ്റ്റേഷനുകളില്‍ എത്തിച്ച് വോട്ടെടുപ്പിന് ശേഷം തിരികെവാങ്ങി സുരക്ഷാ സംവിധാനങ്ങളോടെ സ്ട്രോംഗ് റൂമില്‍ സൂക്ഷിക്കും.
വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഫെബ്രുവരി 22 ന് വൈകിട്ട് ആറിന് അവസാനിക്കും. പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ കുമ്പഴ നോര്‍ത്ത് വാര്‍ഡ്, അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ തടിയൂര്‍, പുറമറ്റം ഗ്രാമപഞ്ചായത്തിലെ ഗ്യാലക്‌സി നഗര്‍ വാര്‍ഡുകളിലുമാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ 25 ന് രാവിലെ 10 ന് നടക്കും.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചുള്ള എസ്എസ്എല്‍സി ബുക്ക്, ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും തിരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസ കാലയളവിന് മുമ്പ് നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക് എന്നീ രേഖകളില്‍ ഏതെങ്കിലും ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താം.
നിയമപരമായ രക്ഷാകര്‍തൃത്വം : 18 അപേക്ഷകള്‍ തീര്‍പ്പാക്കി
ഭിന്നശേഷിക്കാരായവരുടെ സംരക്ഷണത്തിന് നിയമപരമായ രക്ഷകര്‍തൃത്വം നല്‍കുന്നതിനായുള്ള നാഷണല്‍ ട്രസ്റ്റ് ജില്ലാതല കമ്മിറ്റിയുടെ ഹിയറിംഗ് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന് 18 അപേക്ഷകള്‍ തീര്‍പ്പാക്കി. പരിഗണിച്ച 24 അപേക്ഷകളില്‍ ഒരെണ്ണം അടുത്ത ഹിയറിംഗിലേക്ക് മാറ്റി.
ബുദ്ധിവൈകല്യം, ഓട്ടിസം, സെറിബ്രല്‍ പാര്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി എന്നിവ ബാധിച്ച കുട്ടികള്‍ളുടെ സംരക്ഷണമാണ് ഹിയറിംഗിലൂടെ സാധ്യമാക്കിയത്.
ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സബ് ജഡ്ജ് ബീന ഗോപാല്‍, ജില്ലാ നിയമ ഓഫീസര്‍ കെ സോണിഷ്, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഷംല ബീഗം, ജില്ലാ സമിതി കണ്‍വീനര്‍ കെ പി രമേശ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജലദുരുപയോഗം കണ്ടെത്താന്‍ പരിശോധന
ജലക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജലദുരുപയോഗം തടയുന്നതിന് ജലഅതോറിറ്റി നടപടി തുടങ്ങി. ‘ആന്റി തെഫ്റ്റ് സ്‌ക്വാഡ്’പരിശോധനയില്‍ കുടിവെള്ളം ഉപയോഗിച്ച് വാഹനംകഴുകല്‍, ചെടിനനയ്ക്കല്‍, പൊതുടാപ്പില്‍ ഹോസിട്ട്‌വെളളമെടുക്കല്‍ തുടങ്ങിയവ കണ്ടെത്തിയാല്‍ വെള്ളം നല്‍കുന്നത് നിര്‍ത്തിവയ്ക്കും.
പത്തനംതിട്ട ഡിവിഷന്റെ പരിധിയിലുള്ളവര്‍ ഫെബ്രുവരി 28 നകം കുടിശിക അടയ്ക്കണം. കുടിശികയുള്ളതും കേടായ മീറ്ററുകള്‍ മാറ്റി വയ്ക്കാത്തതുമായവര്‍ക്കും വെളളം കിട്ടില്ല. ജലവിതരണം തടഞ്ഞിട്ടും കുടിശിക അടയ്ക്കാത്തവര്‍ക്കെതിരെ റവന്യു നടപടി സ്വീകരിക്കുമെന്നും ജല അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍: പത്തനംതിട്ട- 0468 222670, റാന്നി- 043475 227160.
ശബരിമല ഇടത്താവളത്തില്‍ വാട്ടര്‍ എടിഎം
കുറഞ്ഞ ചെലവില്‍ കുടിവെള്ള സൗകര്യമൊരുക്കി റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത്. മഠത്തുമൂഴി ശബരിമല ഇടത്താവളത്തിലാണ് വാട്ടര്‍ എടിഎം കുടിവെള്ള സ്രോതസാകുക; രണ്ടു രൂപയാണ് ലിറ്ററിന് വില.
ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഡി ശ്രീലേഖ അധ്യക്ഷയായി. സ്റ്റാന്‍ഡിങ് കമ്മറ്റികളുടെ അധ്യക്ഷരായ എം എസ് ശ്യാം, സി എസ് സുകുമാരന്‍, പഞ്ചായത്ത് സെക്രട്ടറി എന്‍ സുനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ടെന്‍ഡര്‍
ജില്ലാ ജനറല്‍ ആശുപത്രിയില്‍ വിവിധ വിഭാഗങ്ങളിലേക്ക് ലോക്കല്‍ പര്‍ച്ചേസിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി -മാര്‍ച്ച് അഞ്ച്. ഫോണ്‍: 9497713258.
മത്സ്യക്കുഞ്ഞ് വിതരണം
കോഴഞ്ചേരി പന്നിവേല്‍ചിറയിലെ ഫിഷറീസ് കോംപ്ലക്സില്‍ നാളെ (ഫെബ്രുവരി 20) രാവിലെ 11 മുതല്‍ മൂന്ന് വരെ കാര്‍പ്പ്, തിലാപ്പിയ മത്സ്യകുഞ്ഞുങ്ങളെയും അലങ്കാര മത്സ്യങ്ങളെയും സര്‍ക്കാര്‍ വിലയ്ക്ക് വാങ്ങാം. ഫോണ്‍: 9562670128, 0468 2214589.
വിജയികളെ ആദരിച്ചു
കുളനട ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ലൈബ്രറി കൗണ്‍സിലിന്റെ വായനാമത്സരത്തില്‍ വിജയികളായവരെ ആദരിച്ചു. ജില്ലാതല മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ അഞ്ജലി ശരണ്‍, യുപി തല വിജയികളായ അവന്തിക ആര്‍. നായര്‍, ആവണി അനില്‍, ഭാഗ്യ രഞ്ജിത്ത് എന്നിവര്‍ക്ക് ഉപഹാരം നല്‍കി.
ടെന്‍ഡര്‍
ഇലന്തൂര്‍ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള 118 അങ്കണവാടികളിലേക്ക് ആവശ്യമായ കണ്ടിജന്‍സി സാധനങ്ങളുടെ ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 24ന് മൂന്ന് വരെ. വിലാസം: ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയം, ഇലന്തൂര്‍, നെല്ലിക്കാല.പി.ഒ, ഫോണ്‍: 0468 2362129 ഇമെയില്‍- [email protected]
ടെന്‍ഡര്‍
ഇലന്തൂര്‍ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള 118 അങ്കണവാടികളിലേക്ക് ആവശ്യമായ പ്രീസ്‌കൂള്‍ കിറ്റിനായി ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 25ന് മൂന്നുവരെ. വിലാസം: ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയം, ഇലന്തൂര്‍, നെല്ലിക്കാല.പി.ഒ, ഫോണ്‍: 0468 2362129 ഇ-മെയില്‍: [email protected]
ടെന്‍ഡര്‍
കോന്നി ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള 95 അങ്കണവാടികളിലേക്ക് ആവശ്യമായ പ്രീസ്‌കൂള്‍ കിറ്റിനായി ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 27ന് രണ്ടു വരെ. ഫോണ്‍: 2334110, 9446220488
ഗതാഗതം നിരോധിച്ചു
കോന്നി മുരിങ്ങമംഗലം ആനകുത്തി വട്ടമണ്‍ സി എഫ് ആര്‍ ഡി കോളജ് റോഡില്‍ വട്ടമണ്‍ കുരിശടിക്കു സമീപമുള്ള കലുങ്ക് അപകടാവസ്ഥയിലായതിനാല്‍ ഇതുവഴിയുള്ള ഗതാഗതം ഇന്ന് (ഫെബ്രുവരി 19) മുതല്‍ നിരോധിച്ചു. സി എഫ് ആര്‍ ഡി കോളജ് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ പയ്യനാമണ്‍ മച്ചിക്കാട് വഴി പെരിഞ്ഞോട്ടക്കല്‍ എത്തിച്ചേരണം.