Trending Now

വിവരാവകാശ കമ്മിഷണറുടെ സിറ്റിംഗ്: കാരണം കാണിക്കല്‍ നോട്ടീസ്

 

konnivartha.com: വിവരാവകാശ നിയമത്തിന്റെ നടപടിക്രമം പാലിക്കാത്തതിനാല്‍ കെഎസ്ആര്‍ടിസി പത്തനംതിട്ട ഡിപ്പോ ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ വിവരാവകാശ കമ്മിഷണര്‍ ഡോ. എ അബ്ദുള്‍ ഹക്കിമിന്റെ ഉത്തരവ്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിംഗില്‍ ആണ് നടപടി.

വിവരാവകാശ മറുപടിക്ക് എട്ടുമാസം 10 ദിവസം വൈകിയതിനാല്‍ കോന്നി താലൂക്ക് ഓഫീസ് വിവരാധികാരിയോട് വിശദീകരണം തേടാനും കമ്മിഷന്‍ തീരുമാനിച്ചു. ജില്ലയിലെ രണ്ടാം അപ്പീലുകളിലെ തെളിവെടുപ്പിലാണ് കാരണം കാണിക്കല്‍ നടപടിയിലേക്ക് കടന്നത്.

ചിറ്റാര്‍, റാന്നി-പെരുനാട് അതിര്‍ത്തി പങ്കിടുന്ന പുതുക്കട ചിറ്റാര്‍ റോഡില്‍ മണക്കയം പാലത്തിന് പരിസരത്തുള്ള പുറമ്പോക്ക് സ്വകാര്യ വ്യക്തികള്‍ കൈയേറിയ പരാതിയില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ്, എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍, റാന്നി , കോന്നി തഹസില്‍ദാര്‍മാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, ചിറ്റാര്‍, റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, പൊതുമരാമത്ത് ചീഫ് എഞ്ചിനിയര്‍ എന്നിവരില്‍ നിന്നും ഫെബ്രുവരി 28 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കി.

സര്‍ക്കാര്‍ ഓഫീസിന്റെ വിഭവവും ഉദ്യോഗസ്ഥരുടെ മാനവശേഷിയും ദുരുപയോഗം ചെയ്യുന്ന ഹര്‍ജിക്കാരെ ബ്ലാക്ക് ലിസ്റ്റ് ചെയ്യുന്ന കാര്യം കമ്മിഷന്‍ പരിഗണിക്കും. ജില്ലയില്‍ നടന്ന ഹിയറിംഗില്‍ ഇത്തരം രണ്ട് അപേക്ഷകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

error: Content is protected !!