Trending Now

പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ അടിസ്ഥാനസൗകര്യവികസനത്തിന് പ്രഥമ പരിഗണന

പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ അടിസ്ഥാനസൗകര്യവികസനത്തിന്
പ്രഥമ പരിഗണന : ഡെപ്യൂട്ടി സ്പീക്കര്‍

konnivartha.com: പട്ടികജാതി -പട്ടികവര്‍ഗ വിഭാഗങ്ങളുടെ  അടിസ്ഥാനസൗകര്യവികസനത്തിനും വിദ്യാഭ്യാസ-സാമ്പത്തിക പുരോഗതിക്കുമുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പട്ടികജാതി -പട്ടികവര്‍ഗ വികസനസമിതി യോഗത്തില്‍ പദ്ധതി പുരോഗതി വിലയിരുത്തുകയായിരുന്നു അദ്ദേഹം.

പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. മുന്‍ വര്‍ഷങ്ങളിലെ പദ്ധതികളില്‍ പൂര്‍ത്തിയാകാനുള്ളവയ്ക്ക് പ്രത്യേക പരിഗണന നല്‍കണം.

നടപ്പ് സാമ്പത്തികവര്‍ഷത്തെ കോര്‍പ്പസ് ഫണ്ടില്‍ ഉള്‍പ്പെടുത്തി പട്ടികവര്‍ഗ വികസനത്തിനായി നടപ്പാക്കുന്ന ആറ് പദ്ധികള്‍ക്ക് അംഗീകാരം നല്‍കി. പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് സ്വയംതൊഴില്‍ ചെയ്യുന്നതിനുള്ള പശുവളര്‍ത്തല്‍ പദ്ധതി, അത്ലറ്റിക് മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് സ്പോര്‍ട്‌സ് സാമഗ്രികള്‍ വാങ്ങുന്നതിനുള്ള പദ്ധതി, മൂഴിയാര്‍ പട്ടികവര്‍ഗ ഉന്നതിയില്‍ താല്‍ക്കാലിക പഠനമുറി നിര്‍മാണം തുടങ്ങിയവയ്ക്കാണ് അംഗീകാരം നല്‍കിയത്.

പട്ടികജാതി വികസനത്തിനായുള്ള അഞ്ച് പദ്ധതികള്‍ക്കും അംഗീകാരം നല്‍കി – വട്ടാറുകയം നഗര്‍ സംരക്ഷണഭിത്തി നിര്‍മാണം, വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് ഹരിജന്‍ നഗറിലെ റോഡ് കോണ്‍ക്രീറ്റിംഗ്, വലിയാട്ടുകുളം നാല് സെന്റ് നഗര്‍ റോഡ് കോണ്‍ക്രീറ്റിംഗ്, പുന്നരകുളഞ്ഞി ലക്ഷം വീട് കൈവരി നിര്‍മാണം, സ്റ്റെപ്പ് നിര്‍മാണം.

വിവിധ ബ്ലോക്കുകളിലായി ഒമ്പത് വിജ്ഞാനവാടികളുടെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ക്കും അംഗീകാരം നല്‍കി. അംബേദ്ക്കര്‍ സ്വാശ്രയഗ്രാമം പദ്ധതിയുടെ പുരോഗതിയും അവലോകനം ചെയ്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതലയുള്ള ബീന പ്രഭ അധ്യക്ഷയായി.ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എ. എസ്. മായ, സമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!