Trending Now

കുട്ടി ഡോക്ടര്‍മാര്‍ക്കുള്ള പരിശീലന പരിപാടി പൂര്‍ത്തിയാക്കി

 

കൗമാര ആരോഗ്യ പരിപാടിയുടെ ഭാഗമായി കൗമാരപ്രായത്തിലുള്ളവരുടെ ശാരീരിക, മാനസിക, സാമൂഹിക വളര്‍ച്ചയും വികാസവും ലക്ഷ്യമാക്കി ജില്ലയിലെ 10 ആരോഗ്യ ബ്ലോക്കുകളിലെ തിരഞ്ഞെടുത്ത 397 കുട്ടികളുടെ പരിശീലനം പൂര്‍ത്തിയായി.

കൗമാരക്കാര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സമപ്രായക്കാരായ കുട്ടികളിലൂടെ സൗഹാര്‍ദ്ദപരമായി എത്തിച്ചേരുന്നതിനു തിരഞ്ഞെടുത്ത കുട്ടികളെ പ്രത്യേകം പരിശീലിപ്പിക്കുകയും പ്രാപ്തരാക്കുകയും ചെയ്യുന്നതിനുള്ള പ്രത്യേക പരിപാടിയാണ് പിയര്‍ എജ്യൂക്കേറ്റര്‍ പദ്ധതി. ആസൂത്രിതവും സൗഹൃദപരവുമായ ആരോഗ്യ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ കൗമാരക്കാര്‍ക്കിടയില്‍ നടത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.

വിവിധ സ്‌കൂളുകളില്‍ നിന്ന് നിശ്ചിത എണ്ണം ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും തിരഞ്ഞെടുത്ത് കൗമാരക്കാരെ സംബന്ധിക്കുന്ന വിഷയങ്ങളില്‍ പരിശീലനം നല്‍കുകയാണ് ആദ്യ ഘട്ടം . കൗമാര പ്രായത്തിലുള്ള ചില കുട്ടികളെങ്കിലും പങ്കുവെക്കാന്‍ മടിക്കുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അവരെ സഹായിക്കുകയും അവരുടെ മാനസിക സംഘര്‍ഷങ്ങളെ ലഘൂകരിക്കുകയും ചെയ്യുന്നതിന് ഉതകുന്ന തരത്തില്‍ വിശ്വസ്ത സുഹൃത്തുക്കള്‍ ആയി പിയര്‍ എഡ്യൂക്കേറ്റര്‍ മാരായി പരിശീലനം ലഭിച്ച കുട്ടികള്‍ പ്രവര്‍ത്തിക്കും. ഇത്തരത്തില്‍ കൗമാരക്കാര്‍ക്ക് ഇടയിലേക്ക് ഇറങ്ങി ചെന്ന് അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അവരെ ഒപ്പം ചേര്‍ത്ത് നിര്‍ത്തുന്നതാണ് പിയര്‍ എഡ്യൂക്കേറ്റര്‍ പദ്ധതി വിഭാവനം ചെയ്യുന്നത്.

ജില്ലാ മെഡിക്കല്‍ ഓഫീസും ആരോഗ്യ കേരളവും സംയുക്തമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി ജില്ലയില്‍ 796 വിദ്യാര്‍ത്ഥികള്‍ക്ക് പിയര്‍ എഡ്യൂക്കേറ്റര്‍ പരിശീലനം നല്‍കിയിരുന്നു. ജില്ലയിലെ 10 ആരോഗ്യ ബ്ലോക്കുകളില്‍ നടന്ന പരിപാടിയില്‍ പരിശീലനം ലഭിച്ച കുട്ടികള്‍ക്കുള്ള യൂണിഫോമും, സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

error: Content is protected !!