konnivartha.com: അരുവാപ്പുലംഗ്രാമപഞ്ചായത്തിലെ വിവിധ പട്ടികവര്‍ഗ സങ്കേതങ്ങളിലെ വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള പ്രത്യേക കര്‍മ്മപദ്ധതി ആരംഭിച്ചു. ഗ്രാമപഞ്ചായത്തു തലത്തില്‍ പ്രാദേശിക കോഓര്‍ഡിനേഷന്‍ കമ്മറിയോഗം നടത്തി. പ്രസിഡന്റ് രേഷ്മ മറിയം റോയി അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് അധ്യക്ഷയായും ഗ്രാമപഞ്ചായത്ത് സെക്രട്ടറി കണ്‍വീനറായും വിവിധ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്മാര്‍ അംഗങ്ങളായുമുള്ള പ്രാദേശിക കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയാണ് രൂപീകരിച്ചത്.
വില്ലേജ് എഡ്യുക്കേഷന്‍ രജിസ്റ്റര്‍ കാലോചിതമായി പരിഷ്‌കരിച്ച് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ട്രൈബല്‍ വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുക എന്നതാണ് ഗ്രാമപഞ്ചായത്ത് ലക്ഷ്യം വയ്ക്കുന്നത്. ഗ്രാമസഭ, ഊരൂകൂട്ടം എന്നിവ കൃത്യമായി ചേരുകയും എല്ലാ കുട്ടികളുടെയും വിദ്യാലയ പ്രവേശനം ഉറപ്പ് വരുത്തുന്നതിനുമുള്ള എന്റോള്‍മെന്റ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു.
ജനപ്രതിനിധികളായആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ സുധീര്‍, ഗ്രാമപഞ്ചായത്ത് അംഗം സ്മിത സന്തോഷ്, സെക്രട്ടറി വി.എന്‍. അനില്‍, എ.ഇ.ഒ. പ്രതിനിധികളായ ഷൈലജ കുമാരി പി.ബി, രാജിത രവീന്ദ്രന്‍, ലക്ഷ്മി ആര്‍ നായര്‍, ബി. രാധ, എസ്.റ്റി. പ്രമോട്ടര്‍ ഗീതു എസ്. എന്നിവര്‍ പ്രസംഗിച്ചു.