Trending Now

കോന്നിയില്‍ മനുഷ്യ വന്യ ജീവി സംഘർഷം ലഘുകരിക്കാൻ യോഗം ചേർന്നു

 

konnivartha.com:കോന്നി മണ്ഡലത്തിൽ മനുഷ്യ വന്യജീവി സംഘർഷം ലഘുകരിക്കുന്നതിനു വിശദമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനായി കോന്നി ആനക്കൂട്ടിൽ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ യും ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യും യോഗം ചേർന്നു.

കോന്നി മണ്ഡലത്തിൽ മാതൃകാപരമായി വന്യജീവി സംഘർഷത്തിൽ നിന്നും പൊതുജനങ്ങളെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും സംവിധാനങ്ങൾ ഒരുക്കുന്നതിനും ആയി വിശദമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന്റെ ആദ്യഘട്ട യോഗമാണ് ചേർന്നത്.

കോന്നിയിലെ ഓരോ ഫോറെസ്റ്റ് സ്റ്റേഷനും പ്രത്യേകമയെടുത്ത് അതിന്റെ പരിധിയിലുള്ള മേഖലകളിൽ വന്യ മൃഗങ്ങളിൽ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിന് സുരക്ഷ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കും. മണ്ഡലത്തിൽ സ്വകാര്യഭൂമിയും വനഭൂമിയും തമ്മിലുള്ള എല്ലാ അതിർത്തികളും സോളാർ ഫെൻസിങ് ഉപയോഗിച്ച് വേർതിരിക്കുന്നതിന് ആറുകോടി രൂപയുടെ അനുമതിയാണ് ലഭിച്ചിരുന്നത്.

ആന, കുരങ്ങ് പന്നി,മലയണ്ണാൻ, പന്നി, പാമ്പ് എന്നീ വന്യജീവികളുടെ ശല്യമാണ് പ്രധാനമായും കോന്നിയിലെ വിവിധ പഞ്ചായത്തുകളിൽ അനുഭവപ്പെടുന്നത്.ചിറ്റാർ,സീതത്തോട്,മലയലപ്പുഴ കലഞ്ഞൂർ,അരുവാപ്പുലം പഞ്ചായത്തുകളിലാണ് പ്രധാനമായും കാട്ടാനയുടെ ശല്യം ഉള്ളത്.

കൂടൽ രാക്ഷസൻ പാറയിൽ നിന്നും മൂന്നു പുലികളെ ഇതുവരെയും വനം വകുപ്പ് പിടിച്ചിരുന്നു.പുലികൾക്ക് വളരാനുള്ള ആവാസ വ്യവസ്ഥ വനത്തിന് പുറത്ത് സൃഷ്ടിക്കപ്പെടുന്ന സാഹചര്യം ഉള്ളതിനാലാണ് ജനവാസമേഖലകളിൽ പുലിയെ കാണുന്നത് എന്ന് യോഗം നിരീക്ഷിച്ചു.

ജനവാസ മേഖലകളിൽ സ്വകാര്യഭൂമികളിലും റവന്യൂ ഭൂമിയിലും വന്യമൃഗങ്ങൾക്ക് ആവാസ വ്യവസ്ഥ സൃഷ്ടിക്കപ്പെടുന്ന തരത്തിലുള്ള കാട് വളർന്നുനിൽക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ വൃത്തിയാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും അതിനായി എംഎൽഎയുടെ നേതൃത്വത്തിൽ വിപുലമായി കളക്ടർ -വനം വകുപ്പ് ഉദ്യോഗസ്ഥർ – ജനപ്രതിനിധികൾ – മറ്റു വിവിധ വകുപ്പ് പ്രതിനിധികൾ എന്നിവരുടെ രണ്ടാം ഘട്ട യോഗം വിളിച്ചു ചേർക്കും.

അതിനുമുമ്പ് വനം വകുപ്പിന്റെ നേതൃത്വത്തിൽ ഓരോ പ്രദേശത്തിന്റെയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ മനസ്സിലാക്കി അവിടെ സ്വീകരിക്കേണ്ട സുരക്ഷ സംവിധാനങ്ങൾ എന്തൊക്കെയാണ് എന്ന് കണ്ടെത്തുവാൻ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് എംഎൽഎ നിർദ്ദേശം നൽകി.

നിലവിൽ പാടം, പൂമരുതിക്കുഴി, തട്ടാക്കുടി, കല്ലേലി, മണ്ണിറ തുടങ്ങിയ ഭാഗങ്ങളിൽ സൗരോർജ തൂക്കുവേലികളുടെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. നിലവിലുള്ള സൗരോർജ വേലികൾ അറ്റ കുറ്റപ്പണികൾ നടത്തി പ്രവർത്തനക്ഷമമാക്കുന്നതിനും തീരുമാനമായി.

ചിറ്റാറിൽ എംഎൽഎ ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ അനുവദിച്ച് സോളാർ വേലിയുടെ നിർമ്മാണം പുരോഗമിക്കുകയാണ്. മനുഷ്യ വന്യജീവി സംഘർഷങ്ങളിൽ നിന്ന് ശാസ്ത്രീയമായ രീതികൾ ഉപയോഗിച്ച് പരിഹാരം കാണുന്നതിന് മാതൃക നടപടികൾ കോന്നിയിൽ ആവിഷ്കരിക്കുമെന്ന് എംഎൽഎ പറഞ്ഞു.

കോന്നി ആനക്കൂട്ടിൽ വച്ച് ചേർന്ന യോഗത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് കൃഷ്ണൻ ഐ എഫ് എസ്, കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആർ കമലാഹർ ഐ എഫ് എസ് ,കോന്നി ഡി എഫ് ഓ ആയുഷ് കുമാർ കോറി ഐഎഫ്എസ്, പുനലൂർ ഡി എഫ് ഓ ജയശങ്കർ ഐ എഫ് എസ് , തെന്മല ഡി എഫ് ഓ ഷാനവാസ് ഐ എഫ് എസ്, റേഞ്ച് ഫോറസ്റ്റ് ഓഫീസർമാർ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർമാർ, മറ്റു വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!