റാന്നി കുന്നയ്ക്കാട്ട് കുടുംബത്തിലെ രതീഷ് അയ്യപ്പ കുറുപ്പ് മകരവിളക്ക് ഉത്സവചടങ്ങുകൾ വിശദീകരിക്കുന്നു
തിരുവാഭരണത്തെ അനുഗമിച്ച പന്തളം രാജപ്രതിനിധി തൃക്കേട്ടനാൾ രാജരാജ വർമയ്ക്ക് സന്നിധാനത്ത് ഭക്തിനിർഭരമായ വരവേൽപ്പ്നല്‍കി
ജനുവരി 16 വ്യാഴാഴ്ച ദിവസം വൈകീട്ട് 7 മണി വരെ ആകെ 62,710 തീർത്ഥാടകർസന്നിധാനത്ത് എത്തി
കളമെഴുത്തിൽ വിരിയുന്നു അയ്യപ്പന്റെ വിവിധ ഭാവങ്ങൾ
വിളക്കെഴുന്നള്ളിപ്പിന്റെ ഭാഗമായി മണിമണ്ഡപത്തിലെ കളമെഴുത്തിൽ ഓരോ ദിവസവും അയ്യപ്പന്റെ ഓരോ ഭാവങ്ങൾ വിരിയുകയാണ്. ആദ്യ ദിനം ബാലക ബ്രഹ്‌മചാരി, രണ്ടാം ദിനം വില്ലാളി വീരൻ, മൂന്നാം ദിനം രാജകുമാരൻ, നാലാം ദിനം പുലി വാഹനൻ, അഞ്ചാം ദിനം ശാസ്താരൂപത്തിലേക്ക് എത്തുന്ന തിരുവാഭരണ ഭൂഷിതനായ അയ്യപ്പൻ എന്നീ ഭാവങ്ങളാണ് കളമെഴുത്തിലുള്ളത്. പന്തളം കൊട്ടാരത്തിൽ നിന്നുമാണ് കളമെഴുത്തിനുള്ള പ്രകൃതിദത്തമായ നിറങ്ങൾ നൽകുന്നത്. മഞ്ഞൾ, ഉമിക്കരി, വാഴപ്പൊടി തുടങ്ങിയവയാണ് പ്രധാനമായും ഉപയോഗിക്കുന്നത്.
മകരവിളക്ക് ഉത്സവത്തിന് കളമെഴുത്ത് എഴുന്നള്ളത്ത്, നായാട്ടുവിളി, പാട്ട്, ഗുരുതി എന്നിങ്ങനെ നാലു ചടങ്ങുകളാണ് ഉള്ളത്. ആദ്യ നാലു ചടങ്ങുകൾ മകരസംക്രമ ദിവസം മുതലുണ്ട്. അവസാന ദിവസമാണ് ഗുരുതി. അയ്യപ്പന്റെ മണിമണ്ഡപത്തിലാണ് ഈ ചടങ്ങുകൾ നടക്കുന്നത്.
നാലു മണിയോടെ ആരംഭിക്കുന്ന കളമെഴുത്തോടെയാണ് വിളക്കെഴുന്നള്ളിപ്പ് ചടങ്ങുകൾ തുടങ്ങുന്നത്. അത്താഴപൂജയ്ക്ക് ശേഷം കൊടികളും നെറ്റിപ്പട്ടവും തിടമ്പുവുമുൾപ്പടെ ആഘോഷമായി മാളികപ്പുറത്തമ്മയെ വണങ്ങി എഴുന്നള്ളത്തായി പതിനെട്ടാം പടിയിലെത്തി നായാട്ടു വിളിക്കും. പെരുന്നാട് പുന്നമൂട്ട് വീട്ടിൽ കുടുംബാംഗങ്ങളാണ് നായാട്ട് വിളിക്കുന്നത്. തുടർന്ന് ക്ഷേത്രം പ്രദക്ഷിണം ചെയ്ത് മണിമണ്ഡപത്തിലെത്തി കേശാദിപാദം പാടി കളം മായ്ക്കുന്നതോടെ അന്നേ ദിവസത്തെ ചടങ്ങുകൾ അവസാനിക്കും.
എഴുന്നള്ളത്തിനുള്ള തിടമ്പിൽ മീശ പിരിച്ചു വച്ചിരിക്കുന്ന യുവവായ അയ്യപ്പന്റെ രൂപമാണുള്ളത്. അവസാന ദിനം എഴുന്നള്ളിപ്പ് ശരംകുത്തി വരെ പോയി തീവെട്ടിയും മേളവുമില്ലാതെ മടങ്ങി വരും. ഉത്സവത്തിന് എത്തിയ ഭക്തരെ സുരക്ഷിതമായി തിരികെ വിട്ടു തിരികെ വരുന്നു എന്നാണ് സങ്കൽപം.
റാന്നി കുന്നയ്ക്കാട്ട് കുടുംബത്തിലെ കുറുപ്പന്മാർക്കാണ് ഈ ചടങ്ങുകൾ നടത്താനുള്ള അവകാശം. അജിത്ത് ജനാർദ്ദന കുറുപ്പ്, രതീഷ് അയ്യപ്പ കുറുപ്പ്, ജയകുമാർ ജനാർദ്ദന കുറുപ്പ് എന്നിവരാണ് വർഷങ്ങളായി മണിമണ്ഡപത്തിൽ ചടങ്ങുകൾ നടത്തുന്നത്. മകരവിളക്കിന്റെ മൂന്നാം നാളായ ഇന്ന് മുതൽ വിളക്കെഴുന്നള്ളത്തിനും നായാട്ടുവിളിക്കും പന്തളം രാജകുടുംബാംഗവുമുണ്ട്.
ആലങ്ങാട്ട് യോഗം നിവേദ്യങ്ങൾ സമർപ്പിച്ചു
സ്വാമി അയ്യപ്പന്റെ പിതൃസ്ഥാനീയരായ ആലങ്ങാട്ട് യോഗക്കാർ ആചാരപരമായ രീതിയിൽ നിവേദ്യങ്ങൾ സമർപ്പിച്ചു. വ്യാഴാഴ്ച രാവിലെ കളഭാഭിഷേകത്തിനു ശേഷം പന്തീർ നേദ്യം നൽകി.യോഗക്കാർ കൊണ്ട് വന്ന അരി, ശർക്കര, തേങ്ങ എന്നിവ അളന്നു കൊടുക്കുകയും തുടർന്ന് ദേവസ്വം ബോർഡ് വെള്ള, പായസം എന്നിവ ഉണ്ടാക്കി തിരിച്ചു ഏൽപ്പിക്കുകയും ചെയ്തു . ഇവ തന്ത്രി കണ്ഠര് ബ്രഹ്‌മദത്തന്റെ മുഖ്യ മുഖ്യ കാർമ്മികത്വത്തിൽ പൂജ ചെയ്ത് ഭഗവാന് നേദിച്ചു. പെരിയോൻ എ കെ വിജയകുമാർ സ്വാമിയുടെ നേതൃത്വത്തിൽ സംഘംങ്ങൾ പൂജ ദർശിച്ചു. യോഗക്കാർ കൂട്ടമായി നെയ്യഭിഷേകം നടത്തി വൈകിട്ട് അപ്പം, അരവണ ഭഗവാന് നിവേദിച്ചു.