Trending Now

തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ ആദ്യ ഹിയറിങ് പത്തനംതിട്ടയില്‍ നടന്നു

 

konnivartha.com: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ്, ഡിവിഷനുകളുടെ വിഭജനവും അതിര്‍ത്തി നിര്‍ണയവും നടത്തുന്നതിനായി ഡിലിമിറ്റേഷന്‍ കമ്മീഷന്‍ ചെയര്‍മാനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുമായ എ. ഷാജഹാന്റെ നേതൃത്വത്തില്‍ ഹിയറിങ് തുടങ്ങി. സംസ്ഥാനത്തെ ആദ്യ ഹിയറിങ് ആണ് പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്നത്.

ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കരട് വാര്‍ഡ്/നിയോജക മണ്ഡല വിഭജന നിര്‍ദേശങ്ങളിന്‍മേലുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും തീര്‍പ്പാക്കാന്‍ പരാതിക്കാരെ നേരില്‍ കേള്‍ക്കുകയായിരുന്നു കമ്മീഷന്‍. മല്ലപ്പള്ളി, പുളിക്കീഴ്, കോയിപ്പുറം ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകളും തിരുവല്ല മുനിസിപ്പാലിറ്റിയും ഇലന്തൂര്‍, റാന്നി, പന്തളം ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകളും അടൂര്‍, പന്തളം മുനിസിപ്പാലിറ്റികളുമാണ് ആദ്യം പരിഗണിച്ചത്.കോന്നി, പറക്കോട് ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകളും പത്തനംതിട്ട മുനിസിപ്പാലിറ്റിക്കും ഉച്ചയ്ക്കു ശേഷമാണ് ഹിയറിങ് അനുവദിച്ചത്.

പരാതികളില്‍ ന്യായമായ തീര്‍പ്പ് കല്‍പ്പിക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു. കമ്മീഷന്‍ അംഗമായ പിഡബ്ല്യുഡി സെക്രട്ടറി കെ.ബിജു, ജില്ലാ കലക്ടര്‍ എസ്.പ്രേം കൃഷ്ണന്‍, ഡീലിമിറ്റേഷന്‍ കമ്മീഷന്‍ സെക്രട്ടറി എസ്. ജോസ്‌നാമോള്‍, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബീന എസ്. ഹനീഫ്, ഡീലിമിറ്റേഷന്‍ കമ്മീഷന്‍- ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

error: Content is protected !!