Trending Now

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 10/01/2025 )

മകരജ്യോതി ദര്‍ശനം: വ്യൂ പോയിന്റുകളില്‍ ക്രമീകരണം ഏര്‍പ്പെടുത്തി

മകരജ്യോതി ദര്‍ശനവുമായി ബന്ധപ്പെട്ട് വിവിധ വ്യൂ പോയിന്റുകളില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു.

പഞ്ഞിപ്പാറ വ്യൂ പോയിന്റില്‍ 1000 തീര്‍ത്ഥാടകര്‍ക്കാണ് പ്രവേശനം. പഞ്ഞിപ്പാറ, ആങ്ങമൂഴി വ്യൂ പോയിന്റുകളില്‍ മെഡിക്കല്‍ ടീം ഉള്‍പ്പെടെ ഓരോ ആംബുലന്‍സുണ്ടാകും. എട്ട് ബയോ ടോയ്‌ലറ്റുകള്‍ തയ്യാറാക്കി. തീര്‍ഥാടകര്‍ക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കും. കാടുകള്‍ വെട്ടിത്തെളിച്ച് ബാരിക്കേഡുകള്‍ സ്ഥാപിക്കും. തീര്‍ഥാടകരുടെ വാഹനം ആങ്ങമൂഴി- പ്ലാപ്പള്ളി പാതയുടെ വശത്ത് പാര്‍ക്ക് ചെയ്യണം.

ഇലവുങ്കല്‍ വ്യൂ പോയിന്റിലും തീര്‍ത്ഥാടകരുടെ എണ്ണം 1000 ആയി പരിമിതപ്പെടുത്തി. കാടുകള്‍ വെട്ടിത്തെളിച്ച് ബാരിക്കേഡുകള്‍ സ്ഥാപിക്കും. മെഡിക്കല്‍ ടീം ഉള്‍പ്പെടെ ആംബുലന്‍സുണ്ടാകും. കുടിവെള്ളം വിതരണം ചെയ്യും. ഫയര്‍ ആന്റ് റെസ്‌ക്യൂ വിഭാഗം മൂന്ന് അസ്‌ക ലൈറ്റ് ഒരുക്കും. എലിഫറ്റ് സ്‌ക്വാഡിന്റെയും സ്‌നേക്ക് റെസ്‌ക്യൂ ടീമിന്റെയും സേവനമുണ്ടാകും.

നെല്ലിമല വ്യൂ പോയിന്റില്‍ 800 തീര്‍ഥാടകര്‍ക്കാണ് പ്രവേശനം. തുലാപ്പള്ളിയിലാണ് പാര്‍ക്കിങ്ങ് സൗകര്യം. കുടിവെള്ളവും വെളിച്ചവും ഉറപ്പാക്കും. മെഡിക്കല്‍ ടീം ഉള്‍പ്പെടെ ആംബുലന്‍സുണ്ടാകും. കാടുകള്‍ വെട്ടിത്തെളിച്ച് സുരക്ഷ ഉറപ്പ് വരുത്തും.
അട്ടത്തോട് വെസ്റ്റ് വ്യൂ പോയിന്റില്‍ തീര്‍ത്ഥാടകരുടെ എണ്ണം 300 ആയി പരിമിതപ്പെടുത്തി. മെഡിക്കല്‍ ടീം ഉള്‍പ്പെടെ ആംബുലന്‍സുണ്ടാകും. കുടിവെള്ളവും ആഹാരവും ഉറപ്പാക്കും. നിലയ്ക്കല്‍ ബെയിസ് ക്യാമ്പിലാണ് പാര്‍ക്കിങ്ങ് സൗകര്യം. വ്യൂ പോയിന്റുകളില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കും.

അട്ടത്തോട് ഈസ്റ്റ് വ്യൂ പോയിന്റില്‍ 2500 തീര്‍ഥാടകരെ പ്രവേശിപ്പിക്കും. മെഡിക്കല്‍ ടീം ഉള്‍പ്പെടെ ആംബുലന്‍സുണ്ടാകും. കുടിവെള്ളവും ആഹാരവും ഉറപ്പുവരുത്തും. നിലയ്ക്കല്‍ ബെയിസ് ക്യാമ്പിലാണ് വാഹനങ്ങളുടെ പാര്‍ക്കിങ്ങ്. വ്യൂ പോയിന്റില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കും.

ഹില്‍ടോപ്പ് വ്യൂ പോയിന്റില്‍ 8000 തീര്‍ഥാടകര്‍ക്കാണ് പ്രവേശനം. കുടിവെള്ളവും ആഹാരവും ദേവസ്വം ഉറപ്പുവരുത്തും. വ്യു പോയിന്റുകളില്‍ നിലവിലെ ബാരിക്കേഡുകള്‍ക്ക് മുന്നിലായി അധിക ബാരിക്കേഡുകള്‍ സ്ഥാപിക്കും. ബയോ ടോയ്‌ലറ്റുകള്‍ ഉറപ്പാക്കും. ജനുവരി 12 മുതല്‍ ജനുവരി 15 വരെ ഹില്‍ടോപ്പില്‍ പാര്‍ക്കിങ്ങ് നിരോധിച്ചു. മകരജ്യോതി ദര്‍ശനത്തിന് ശേഷം പമ്പ മുതല്‍ നിലയ്ക്കല്‍ വരെ 300 ഓളം കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും.
അപകട സാധ്യത ഉള്ളതിനാല്‍ അയ്യന്‍മല വ്യൂ പോയിന്റില്‍ തീര്‍ഥാടകരെ പ്രവേശിപ്പിക്കില്ല. അപകടമുന്നറിയിപ്പുമായി വിവിധ ഭാഷയിലുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കും. തീര്‍ഥാടകരുടെ പ്രവേശനം തടയുന്നതിനായി പൊലിസ്, വനം വകുപ്പ് ഉദ്യോഗസ്ഥരെ നിയമിക്കും.

 

സ്വകാര്യ ബസുകളിലെ ഡ്രൈവര്‍, കണ്ടക്ടര്‍മാര്‍ക്ക് പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

സ്വകാര്യ ബസുകളിലെ ഡ്രൈവര്‍, കണ്ടക്ടര്‍ തസ്തികയ്ക്ക് പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്ലാത്തവരെ ജനുവരി 25 ന് ശേഷം സ്വകാര്യ ബസുകളിലെ ഡ്രൈവര്‍, കണ്ടക്ടര്‍ തസ്തികയില്‍ നിയമിക്കില്ലെന്ന് ജില്ലാ ആര്‍റ്റിഒ എച്ച്. അന്‍സാരി അറിയിച്ചു.

സമയക്രമം പാലിക്കാതെയും വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ അനുവദിക്കാതെയും സര്‍വീസ് നടത്തുന്ന ബസുകള്‍ക്കെതിരെ കര്‍ശനനിയമ നടപടി സ്വീകരിക്കും.

ജില്ലയില്‍ നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിനകത്ത് പ്രവേശിക്കുന്നതിനുള്ള നികുതി അടക്കാത്ത ഓള്‍ ഇന്ത്യ പെര്‍മിറ്റുള്ള അന്തര്‍സംസ്ഥാന വാഹനങ്ങള്‍ക്കെതിരെ നടപടി എടുത്ത് എട്ടു ലക്ഷത്തോളം രൂപ പിഴയീടാക്കി. സമയക്രമം പാലിക്കാതെയും വിദ്യാര്‍ഥികള്‍ക്ക് ഇളവ് അനുവദിക്കാതെയും സര്‍വീസ് നടത്തിയ വാഹനങ്ങളുടെ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചതായും ആര്‍റ്റിഒ അറിയിച്ചു.

 

ഡീലിമിറ്റേഷന്‍ കമ്മിഷന്‍ പബ്ലിക് ഹിയറിംഗ് ജനുവരി 16 ന്

ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കരട് വാര്‍ഡ്/നിയോജക മണ്ഡല വിഭജന നിര്‍ദേശങ്ങളിന്‍മേലുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും തീര്‍പ്പാക്കാന്‍ ഡീലിമിറ്റേഷന്‍ കമ്മിഷന്‍ പബ്ലിക് ഹിയറിംഗ് ജനുവരി 16 ന് പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടത്തും.

തദേശ സ്ഥാപനങ്ങള്‍, പരാതികളുടെ എണ്ണം, സമയം എന്ന ക്രമത്തില്‍
മല്ലപ്പള്ളി, പുളിക്കീഴ്, കോയിപ്പുറം ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകളും തിരുവല്ല മുനിസിപ്പാലിറ്റിയും- 108- രാവിലെ ഒമ്പത് മുതല്‍
ഇലന്തൂര്‍, റാന്നി, പന്തളം ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകളും അടൂര്‍, പന്തളം മുനിസിപ്പാലിറ്റികളും- 207- രാവിലെ 11 മുതല്‍
കോന്നി, പറക്കോട് ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകളും പത്തനംതിട്ട മുനിസിപ്പാലിറ്റിയും- 231- ഉച്ചയ്ക്ക് 2.30 മുതല്‍

 

കാര്‍ഷിക യന്ത്രവല്‍ക്കരണ പദ്ധതി: ഓണ്‍ലൈന്‍ അപേക്ഷ ജനുവരി 15 മുതല്‍

കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതിക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ http://agrimachinery.nic.in/index പോര്‍ട്ടലില്‍ ജനുവരി 15 മുതല്‍ സ്വീകരിക്കും. കാര്‍ഷിക മേഖലയില്‍ ചെലവ് കുറഞ്ഞ രീതിയില്‍ യന്ത്രവല്‍ക്കരണം പ്രോല്‍സാഹിപ്പിക്കാനുള്ള പദ്ധതിയാണ്. കാര്‍ഷിക ഉപകരണങ്ങള്‍ക്ക് 40 മുതല്‍ 60ശതമാനം വരെ സബ്‌സിഡി നല്‍കും. വിവരങ്ങള്‍ക്ക് പന്തളം കടയ്ക്കാടുള്ള കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറെയോ സ്ഥലത്തെ കൃഷിഭവനുമായോ ബന്ധപ്പെടണം. ഫോണ്‍: 04734 294949, 8593041723, 6235133077, 7510250619.

 

ഇന്‍കുബേഷന്‍ സെന്റിലേക്ക് അപേക്ഷ ക്ഷണിച്ചു

വ്യവസായ വാണിജ്യവകുപ്പിന്റെ സംരഭകത്വ വികസന സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റിന്റെ (കെ.ഐ.ഇ.ഡി) അങ്കമാലിയില്‍ ആരംഭിക്കുന്ന ഇന്‍കുബേഷന്‍ സെന്ററിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രാരംഭഘട്ടത്തിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എംഎസ്എംഇ കള്‍ക്കും അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മെന്റര്‍ഷിപ്പ്, നെറ്റ്‌വര്‍ക്കിങ്ങ് അവസരങ്ങള്‍, മീറ്റിങ്ങ് ഹാള്‍, വര്‍ക്ക്‌ഷോപ്പുകള്‍, കോണ്‍ഫറന്‍സ് ഹാള്‍ ലഭിക്കും. www.kied.info/incubation/ ല്‍ ജനുവരി 31 ന് മുമ്പ് അപേക്ഷിക്കണം. ഫോണ്‍: 0484 2532890, 2550322, 9446047013, 7994903058

 

 

സര്‍ട്ടിഫിക്കറ്റ്/ ഡിപ്ലോമ ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി പ്രോഗ്രാം തീയതി നീട്ടി

സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴിലെ എസ്.ആര്‍.സി. കമ്മ്യൂണിറ്റി കൊളജ് സര്‍ട്ടിഫിക്കറ്റ്/ ഡിപ്ലോമ ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി പ്രോഗ്രാമിന്റെ ഓണ്‍ലൈന്‍ അപേക്ഷ ജനുവരി 31 വരെ നീട്ടി. സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ആറു മാസവും ഡിപ്ലോമ പ്രോഗ്രാമിന് ഒരു വര്‍ഷവുമാണ് കാലാവധി. 18 വയസിനു മേല്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ശനി, ഞായര്‍, പൊതു അവധി ദിവസങ്ങളിലാണ് ക്ലാസ്. https://app.srccc.in/register വഴി അപേക്ഷിക്കണം. വെബ്‌സൈറ്റ്: www.srccc.in തിരുവല്ലയിലെ ഒലീവ് തിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് ജില്ലയിലെ പഠന കേന്ദ്രം. ഫോണ്‍: 9961351163.

 

 

പരിശീലന പരിപാടി സംഘടിപ്പിച്ചു

സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡും ജില്ലാ ജൈവവൈവിധ്യ കോര്‍ഡിനേഷന്‍ കമ്മിറ്റിയും സംയുക്തമായി ജനകീയ ജൈവവൈവിധ്യ രജിസ്റ്റര്‍ രണ്ടാം ഭാഗം തയ്യാറാക്കല്‍ പരിശീലന പരിപാടി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു.
സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. എന്‍ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എ എസ് മായ അധ്യക്ഷയായി. ജൈവ വൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ. വി ബാലകൃഷ്ണന്‍, ഡെപ്യൂട്ടി പ്ലാനിങ് ഓഫീസര്‍ ജി ഉല്ലാസ്, ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ അരുണ്‍ സി രാജന്‍, കൊല്ലം ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. സുജിത് കുമാര്‍, തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, ബിഎംസി കണ്‍വീനര്‍മാര്‍, ബിഎംസി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

 

വികസന സെമിനാര്‍  ( ജനുവരി 11)

റാന്നി പെരുനാട് പഞ്ചായത്ത് വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാര്‍  (ജനുവരി 11) രാവിലെ 10.30 ന് മഠത്തുംമൂഴി ശബരിമല ഇടത്താവളത്തില്‍ നടക്കും.

 

ബോധവല്‍കരണ സെമിനാര്‍

റോഡ് സുരക്ഷാ വാരവുമായി ബന്ധപ്പെട്ട് റാന്നി പെരുനാട് പഞ്ചായത്ത് മഠത്തുംമൂഴി ശബരിമല ഇടത്താവളത്തില്‍ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡി ശ്രീകല അധ്യക്ഷയായി. പഞ്ചായത്ത് സെക്രട്ടറി സുനില്‍ കുമാര്‍, വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സി എസ് സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു. റാന്നി അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം എസ് രാജേഷ്, റാന്നി പെരുനാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജി വിഷ്ണു എന്നിവര്‍ റോഡ് സുരക്ഷയും ട്രാഫിക്ക് നിയമങ്ങളും സംബന്ധിച്ച് ക്ലാസ് എടുത്തു.

error: Content is protected !!