കുട്ടമ്പുഴയിലെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട എല്‍ദോസിന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഇന്ന് നടക്കും. കളമശ്ശേരി മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ നടക്കുക. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഇന്ന് കുട്ടമ്പുഴ പഞ്ചായത്തില്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വൈകിട്ട് മൂന്നുമണിക്ക് കോതമംഗലത്ത് പ്രതിഷേധ സംഗമവും നടക്കും.ക്ണാച്ചേരി സ്വദേശി കൊടിയാട്ട് വീട്ടില്‍ എല്‍ദോസ് (40) ആണ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്. രാത്രി ഏഴ് മണിയോടുകൂടി ബസ്സിറങ്ങി വീട്ടിലേക്ക് പോകുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. എല്‍ദോസിനെ മരിച്ച നിലയില്‍ റോഡില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം ആന തിരികെ കാട്ടിലേക്ക് പോയതായാണ് സൂചന.